കുവൈത്തി വ്യവസായിയെ പറ്റിച്ചെന്ന് പരാതി; അറബി കോഴിക്കോട്ടെത്തി

കോഴിക്കോട്: ബിസ്‌നസിനായി അറബിയില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ച മലയാളികളെ തേടി അറബി കോഴിക്കോട്ടെത്തി. അറബിയുടെ ബിസ്‌നസ് പങ്കാളികളായ തിക്കോടി സ്വദേശികള്‍ ഒരു കോടി രൂപയിലധികം പറ്റിച്ചെന്ന പരാതിയിലാണ് കുവൈത്തില്‍ നിന്ന് അറബി കോഴിക്കോട്ടെത്തിയിരിക്കുന്നത്.

മൂന്ന് മലയാളികളും അറബി മുജീബ് അല്‍ ദോസരിയും ചേര്‍ന്നാണ് കോഴിക്കോട് തിക്കോടിയില്‍ ബിസ്‌നസ് ആരംഭിച്ചത്. ഫര്‍ണിച്ചര്‍ കച്ചവടത്തനുവേണ്ടി 75 ലക്ഷം രൂപയും റിയല്‍ എസ്റ്റേറ്റ് ബിസ്‌നസിനുവേണ്ടി ഒരു കോടി 50 ലക്ഷം രൂപയുമാണ് അറബി ഇവര്‍ക്ക് നല്‍കിയത്. വീണ്ടും ഇവര്‍ 75 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ റിയല്‍ എസ്‌റ്റേറ്റ് ബിസ്‌നസ്സിലേക്ക് ഇല്ലെന്ന് പറയുകയും പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നത്രെ. എന്നാല്‍ ഇതില്‍ 30 ലക്ഷം രൂപ ലാഭവിഹിതം മറ്റുള്ള മൂന്ന് പേര്‍ എടുക്കുകയും ഒരു കോടി 15 ലക്ഷം രൂപ ഇതുവരെയും അറബിക്ക് നല്‍കിയതുമില്ല. പിന്നീട് ഫോണ്‍ വിളിക്കുമ്പോള്‍ ഇവര്‍ എടുക്കാതായതോടെയാണ് അറബി കേരളത്തിലേക്ക് വന്നത്. ഇവരുമായി അറബി പലതവണ ചര്‍ച്ച നടത്തിയെങ്കിലും പണം ലഭിച്ചില്ല.

ഇതെതുടര്‍ന്നാണ് അറബി പരാതിയുമായി പയ്യോളി പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇവടെ വെച്ച് പോലീസ് അറബിയോട് യഥാര്‍ത്ഥ രേഖകള്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം യഥാര്‍ത്ഥ രേഖകള്‍ എടുക്കാനായി അറബി ഇപ്പോള്‍ കുവൈത്തിലേക്ക് തിരിച്ചു പോയിരിക്കുകയാണ്. രേഖകളുമായി നാലു ദിവസത്തിന് ശേഷം അറബി തിരിച്ചെത്തുമെന്നാണ് സൂചന.

Related Articles