മിനിപമ്പയിലും ചമ്രവട്ടം അയ്യപ്പക്ഷേത്ര പരിസരത്തിലും സുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകള്‍

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ ഇടത്താവളമായ കുറ്റിപ്പുറം മിനി പമ്പയിലും ചമ്രവട്ടം
അയ്യപ്പക്ഷേത്ര പരിസരത്തും  വേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കുതിന്   സുരക്ഷ ക്രമീകരണ യോഗം നടന്നു. മിനി പമ്പയില്‍
ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ കീഴില്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ക്രമീകരണങ്ങള്‍ സജ്ജമാക്കാനും തീരുമാനിച്ചു.

ഡി.റ്റി.പി.സി നവംബര്‍ 15 ന് മുമ്പായി മിനി പമ്പയിലും പരിസരത്തും
ലൈറ്റിംഗ് സംവിധാനങ്ങള്‍ പൂര്‍ത്തീകരിക്കകയും  അലങ്കാര വെളിച്ചങ്ങള്‍ സ്ഥാപിക്കുകയും ചെയ്യും. ഭക്തര്‍ക്ക് കുടിവെള്ളവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വിരിവെക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കും. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി രാത്രിയും പകലും ആറ് പേര്‍ അടങ്ങുന്ന ലൈഫ് ഗാര്‍ഡുമാരെ നിയമിക്കും.  പുഴയുടെ ഇരുകരകളിലും ആവശ്യമായ സ്ഥലങ്ങളില്‍
ബാരിക്കേഡുകള്‍ നിര്‍മിക്കുകയും പോലീസിനെയും നിയോഗിക്കുകയും ചെയ്യും.

വിവിധ ഭാഷകളില്‍ അപകട മുറിയിപ്പ് സൂചനകളും ബോര്‍ഡുകളും സ്ഥാപിക്കും. ഈ ഭാഷകളില്‍ തുടര്‍ച്ചയായി ഉച്ചഭാഷിണിയിലൂടെ നിര്‍ദേശങ്ങള്‍ നല്‍കും. മൊബൈല്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. തീര്‍ത്ഥാടന കാലം തുടങ്ങി അവസാനിക്കുന്നത് വരെ മലപ്പുറം എസ്.പി യുടെ മേല്‍നോട്ടത്തില്‍ മിനി പമ്പയിലും
അയ്യപ്പക്ഷേത്ര പരിസരത്തും പോലീസ് സേവനവും ഉറപ്പുവരുത്തുകയും പോലീസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കുകയും ചെയ്യും.   ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസിന്റെ സേവനവും റെസ്‌ക്യൂ ബോട്ട്സൗകര്യവും മുഴുവന്‍ സമയവും മിനി
പമ്പയില്‍ ഉണ്ടാകും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍
മെഡിക്കല്‍ എയ്ഡ്  പോസ്റ്റും ആധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സ് സംവിധാനവും തീര്‍ത്ഥാടന കാലയളവില്‍ സജ്ജമാക്കും. മിനി പമ്പ പരിസരത്തെ കിണര്‍ ശുചീകരിക്കും.

തഹസില്‍ദാരുടെ നിര്‍ദേശപ്രകാരം കുടിവെള്ളം വിതരണം ചെയ്യുതിന് വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. കൂടാതെ നിലവിലെ കുടിവെള്ളത്തിന്റെ ഗുണമേന്മ അടിയന്തിരമായി പരിശോധിക്കും. തവനൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മിനി പമ്പയിലെ റോഡരികിലുള്ള അനധികൃത കച്ചവടങ്ങളും കയ്യേറ്റങ്ങളും
ഒഴിപ്പിക്കുകയും  പരിസരം മാലിന്യ മുക്തമാക്കുകയും  മാലിന്യം യഥാസമയം സംസ്‌കരിക്കാനും ചെയ്യും.  മിനി പമ്പയിലെ കടകളില്‍ ആളുകള്‍ വിലവിവരപ്പട്ടിക സ്ഥാപിക്കണം.  ഗ്രാമ പഞ്ചായത്ത് ഇക്കാര്യം എല്ലാ ദിവസവും പരിശോധിക്കുകയും
ചെയ്യും. റവന്യൂ ഡെപ്യൂട്ടി തഹസില്‍ദാര്‍ സുകേഷ് മുഴുവന്‍ സമയ കോഡിനേറ്റര്‍ ആയി  മിനി പമ്പയില്‍ ഉണ്ടാകും. സുരക്ഷ ക്രമീകരണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം മിനി സിവില്‍ സ്റ്റേഷനില്‍  കട്രോള്‍ റൂമും പ്രവര്‍ത്തിക്കും.

ആര്‍.ഡി.ഒ യുടെ നിര്‍ദേശ പ്രകാരം ശബരിമല സീസണില്‍ മിനി പമ്പ പരിസരത്ത് കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ലിമിറ്റഡ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് സ്റ്റോപ്പ്  അനുവദിക്കും.  മിനി പമ്പ, ചമ്രവട്ടം
എന്നിവിടങ്ങളില്‍ നിന്നും ശബരിമലയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വ്വീസ് ആരംഭിക്കും.
നാഷണല്‍ ഹൈവേ വിഭാഗം മാഞ്ഞു പോയ സീബ്രാലൈന്‍ വരക്കുകയും റോഡിലെ മറ്റുവരകള്‍ എന്നിവയുടെ നിറം ഉറപ്പു വരുത്തുകയും ചെയ്യും. ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലും ക്ഷേത്ര പരിസരത്തും താല്‍ക്കാലികമായി സി.സി.ടി.വി
ക്യാമറകള്‍ സ്ഥാപിക്കുകയും സുരക്ഷ ഒരുക്കുകയും ചെയ്യും.

യോഗത്തില്‍ എ.ഡി.എം  വി. രാമചന്ദ്രന്‍, ഡി.ഡി.സി സി .അബ്ദുള്‍ റഷീദ്,പൊന്നാനി തഹസില്‍ദാര്‍ അന്‍വര്‍ സാദത്ത്, മുന്‍ എം.പി ഹരിദാസ്, ഡി.റ്റി.പി.സി മെമ്പര്‍ ജ്യോതി ബസു, തവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.