കുറ്റിപ്പുറത്ത് കുടിവെള്ളം നിഷേധിച്ച വാര്‍ത്ത: ടാര്‍ഗറ്റ് മലപ്പുറമോ?

കുറ്റിപ്പുറം : മതസൗഹാര്‍ദ്ധം പുലരുന്ന മലപ്പുറത്തെ ഗ്രാമീണമനസ്സുകളെ തമ്മിലടിപ്പിക്കാന്‍ അണിയറയില്‍ ഒരു ഹിഡന്‍ അജണ്ട ഒരുങ്ങുന്നുവോ?
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിന് ഹിന്ദുകുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന വാര്‍ത്ത ആദ്യം പ്രചരിപ്പിച്ചത് കുറ്റിപ്പുറത്തെ ചില പ്രദേശിക സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലായിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ഇത് കര്‍ണാടകയിലെ ചിക്ക്മംഗളൂരൂവില്‍ നിന്നുള്ള വനിതാ ബിജെപി എംപി ശോഭ കരന്തലജെയുടെ ട്വിറ്റര്‍ പോസ്റ്റായി മാറിയതോടെ സംഭവം വിവാദമാകുകയായിരുന്നു.

മലപ്പുറം കുറ്റിപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച ഹിന്ദുകുടംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്നും, കേരളം കാശ്മീരിലേക്ക് ചുവടുവെക്കുന്നുമെന്നുമായിരുന്നു ട്വീറ്റ്. ഈ ട്വീറ്റ് ബിജെപിയുടെ ദേശീയ നേതാക്കളില്‍ പലരും ഷെയര്‍ ചെയ്തു.

സംഭവം വിവാദമായതോടെ കുറ്റിപ്പുറം സ്വദേശിയായ സുപ്രീംകോടതി അഡ്വക്കേറ്റ് സുബാഷ് ചന്ദ്രന്‍ മലപ്പുറം പോലീസ് ചീഫിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന പോലീസ് നടത്തി അന്വേഷണത്തിലാണ് ഇത് ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാനും മതസ്പര്‍ദ്ധ വളര്‍ത്താനും ബോധപൂര്‍വ്വം നടത്തിയ ശ്രമമാണെന്ന് തിരിച്ചറിയുന്നത്

സംഭവം നടന്നു എന്ന് പറയപ്പെടുന്ന കുറ്റിപ്പുറം എട്ട് പത്ത് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട പൈങ്കണ്ണൂര്‍ എന്ന പ്രദേശം ഏറെ ജലക്ഷാമമുള്ള മേഖലയാണ്. ഇവിടെ കുന്നില്‍ മുകളിലുള്ള വീട്ടില്‍ താമസിക്കുന്ന സൈനുദ്ധീന്‍ എന്നയാള്‍ താഴെ പാടത്തുള്ള മൊയ്തു എന്നയാളുടെ കിണറില്‍ സ്വന്തം ചിലവില്‍ മോട്ടോര്‍ സ്ഥാപിച്ച് വെള്ളം അടിച്ച് കയറ്റിയിരുന്നു. ഈ വെള്ളം സ്വന്തം ആവിശ്യത്തിനും, ചുറ്റുവട്ടത്തെ പന്ത്രണ്ടോളം വീടുകളിലുള്ളവര്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ കറണ്ട് കൂടുതല്‍ ചിലവായതോടെ വീട്ടുടമസ്ഥന്‍ ചില നിയന്ത്രണങ്ങള്‍ വെള്ളമെടുക്കുന്നതില്‍ വേണമെന്ന് ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യമാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി പൗരത്വ ഭേദഗതിനിയമത്തെ അനുകൂലിച്ച് വളാഞ്ചേരിയില്‍ നടന്ന റാലിയില്‍ പങ്കെടുത്ത മൂന്ന് ഹിന്ദുകുടുംബങ്ങള്‍ക്ക കുടിവെള്ളം നിഷേധിച്ചു എന്ന പ്രചരണമായി മാറിയത്. എന്നാല്‍ ഒരു കുടംബവും ഇത്തരത്തില്‍ തങ്ങളോട് പരാതി പെട്ടിട്ടില്ലെന്ന് വാര്‍ഡ് മെമ്പര്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ പറയുന്നു, തങ്ങള്‍ സമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങള്‍ കേട്ട് ഈ മേഖലയില്‍ അന്വേഷിച്ചപ്പോഴും വീട്ടുകാര്‍ ഇത്തരം ആരോപണം ഉന്നയിക്കാന്‍ തയ്യാറായിട്ടില്ലെന്നും പറയുന്നു.

എന്നാല്‍ പൗരത്വ ഭേദഗതിനിയമം നിലവില്‍ വന്നശേഷം ജില്ലക്കകത്ത് ചിലര്‍ ബോധപൂര്‍വ്വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുയാണന്ന് ബിജെപി ജില്ലാ നേതൃത്വവും ആരോപിക്കുന്നു. സിഎഎ വിഷയത്തില്‍ ജില്ലയില്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ വലിയ രീതിയില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നുവെന്നും, കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങുന്നില്ലെന്നും, തൊഴില്‍ നിഷേധിക്കുന്നുവെന്നുമാണ് ആരോപണവും ബിജെപി ഉന്നയിക്കുന്നുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •