കുമ്പളങ്ങി നൈറ്റ്‌സ് ….ഒരു കാഴ്ച

 

 

 

 

 

എഴുത്ത്: മുനീര്‍ ചേളാരി

കുമ്പളങ്ങിയിലാണ് ….സജിയുണ്ട്, ബോബിയുണ്ട്, ബോണിയുണ്ട്, ഫ്രാങ്കിയുണ്ട്… അവരുടെ വഴക്കുകള്‍, കള്ളുകുടി അങ്ങനെ, അങ്ങനെ അവരുടെ കൂടെ എന്തൊരു രസായിരുന്നു….!!

സജീ… നിനക്ക് കൂടപിറപ്പുകളോട് എന്തൊരു സ്‌നേഹമാണ്…
തീട്ടപറമ്പിലൂടെയാണ് നമ്മളെ വീട്ടിലേക്ക് വരേണ്ടതെന്ന് ബാര്‍ബര്‍ഷാപ്പിലിരുന്ന് അവര്‍ കളിയാക്കി പറഞ്ഞപ്പോള്‍ നീയും, ബോബിയും വല്ലാതായോ…?!

ആ തുരുത്തില്‍ എല്ലാരും കൊണ്ടിടുന്ന പൂച്ച കുഞ്ഞുങ്ങളെയൊക്കെ നമ്മള്‍ എത്ര സ്‌നേഹത്തോടെയാണ് ചേര്‍ത്ത് നിറുത്താറ്….
ഈ ഭൂമിയിലെ അവകാശികളെക്കുറിച്ച് അവര്‍ക്കറിയില്ലല്ലോ….
അല്ലെങ്കിലും സ്‌നേഹത്തെക്കുറിച്ച് അവരൊരിക്കലും മനസ്സിലാക്കിയിരുന്നില്ലല്ലോ…?!

ഈ പഞ്ചായത്തിലെ ഏറ്റവും മോശം വീട് നമ്മുടേതാണെന്ന് ഫ്രാങ്കി പറഞ്ഞപ്പോള്‍ നിനക്ക് വിഷമമായോ …?!
ഹേയ് അവന്‍ നമ്മുടെ കുഞ്ഞനുജനല്ലെ….. പാവം..!!

സജീ ,പല തന്തമാര്‍ക്ക് ജനിച്ചതെന്ന് പറഞ്ഞ് ആളുകള്‍ കളിയാക്കുമ്പോള്‍ നിനക്ക് ഭയങ്കര ദേഷ്യം വരുന്നില്ലെ…?
പക്ഷേ, നീ നോക്കൂ….ബേബി മോള്‍ എത്ര ലളിതമായാണ് ഷമ്മിയോടത് പറഞ്ഞത്
‘ പല തന്തക്ക് പിറക്കുക എന്നത് ടെക്‌നിക്കലി പോസിബളല്ലെന്ന് ‘….
എനിക്കറിയാമായിരുന്നു ബേബിമോള്‍, ബോബിയെ കല്യാണം കഴിക്കുമെന്ന് ….
അവള്‍ സ്മാര്‍ട്ടല്ലെ ….?!
ബോബിയുടെ നുണക്കുഴി കാണാന്‍ തന്നെ എന്തൊരു ചേലാ….?
പിന്നെ ബോബി, സജി പറഞ്ഞതാണിട്ടോ സത്യം … അമ്മയ്ക്ക് തീരെ വയ്യാഞ്ഞിട്ടാണ് വരാത്തത്. നമ്മളാരെയും പ്രാകാന്‍ പാടില്ലാ …
നമ്മളിങ്ങനെ സ്‌നേഹിച്ച് കൊണ്ടേയിരിക്കണം…

ബോണിയെ കണ്ടില്ലെ …,
അവന്റെ നിശബ്ദത പോലും എത്ര പ്രണയാര്‍ദ്രമാണ് ….
എത്ര മനോഹരമായാണ്
ആ പെണ്‍കുട്ടി അവനെ ചുംബിക്കുന്നത് …..?!
ഷമ്മിയെന്ന ആണധികാര സദാചാര ബോധത്തെ എത്ര ലളിതമായാണ് ആ പെണ്‍കുട്ടി നേരിട്ടത് …..

സിമിയുടെ അമ്മേ…., ഷമ്മിക്ക് മാത്രമല്ലാ ഈ നാട്ടിലെ പാട്രിയാര്‍ക്കി വ്യവസ്ഥിതിക്ക് മൊത്തം വട്ടാണ് ….
അത് പോലീസിനെ ഏല്‍പ്പിച്ചാല്‍ മാത്രം തീരുന്ന വട്ടല്ലാ …
ബേബിയെയും ,സിമിയെയും പോലെയുള്ള നല്ല ചങ്കൂറ്റമുള്ള പെണ്‍കുട്ടികള്‍ നിവര്‍ന്ന് നിന്നാല്‍ തീരുന്ന വട്ടാണ്…!!

സജീ,,, വല്ലാത്തൊരു നീറ്റലായി അങ്ങനെ നില്‍ക്കുന്നുണ്ട് വിജിയുടെ മരണം …. നീ അറിഞ്ഞ് കൊണ്ടല്ലല്ലോ …. നീ അവന്റെ പെണ്ണിനെയും, കുട്ടിയെയും വീട്ടിലേക്ക് കൊണ്ട് വന്നത് നന്നായി. എനിക്കറിയാമായിരുന്നു നീ കൊണ്ട് വരുമെന്ന് കാരണം അവനും നിന്റെ കൂടപിറപ്പല്ലെടാ……

ഒരു പാട് സങ്കടപ്പെട്ടെങ്കിലും ഒത്തിരി സന്തോഷത്തോടെയാണ് ഞാനീ കുമ്പളങ്ങിയില്‍ നിന്നും പോവുന്നത്…… നമ്മളൊരുമിച്ച് മീന്‍ പിടിച്ചത്….
കള്ള് കുടിച്ചത് …. തല്ല് കൂടിയത്…. സജീ ….. നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നെടാ…

ഷൈജു ഖാലിദിന്റെ ഫ്രെയിമിലൂടെ നിങ്ങളെയൊക്കെ കാണുമ്പോള്‍ എന്ത് രസാ …… കുമ്പളങ്ങിയിലെ കായല്‍പരപ്പിനൊക്കെ വല്ലാത്തൊരു വശ്യത ….ഷൈജു മാജിക്ക് ….ഇഷ്ടം ഷൈജൂ….!

മധു .സി .നാരായണന്‍ ,
നിങ്ങളുടെ ബ്രില്യന്‍സ് അപാരം ….മലയാള സിനിമയില്‍ നിങ്ങള്‍ക്ക് ഒരു ഇരിപ്പിടമുണ്ട്…!!
നിങ്ങളുടെ ക്രാഫ്റ്റ് ഗംഭീരം…..!!
ശ്യാം പുഷ്‌ക്കരന്‍ ,നിങ്ങളുടെ രചനക്ക് മനുഷ്യരുടെ ഗന്ധമുണ്ട് …..!!
‘കുമ്പളങ്ങി നൈറ്റ്‌സിന് ‘ വല്ലാത്തൊരു ചന്തമുണ്ട്..
എം.ടി ,പത്മരാജന്‍ ,ലോഹിതദാസ് നിരയിലേക്ക്….. സംവിധായകരെ മറി കടക്കുന്ന പ്രതിഭാ വിലാസമുണ്ട് ശ്യാം പുഷ്‌ക്കരന്‍ മാജിക്കിന്

നിങ്ങളുടെ ഓരോ സിനിമയും സാദാ മനുഷ്യരുടെ ജീവിതമായിരുന്നു…
അവരുടെ സന്തോഷവും ,സങ്കടങ്ങളും ,കള്ളങ്ങളുമായിരുന്നു…. നമ്മള്‍ ജീവിച്ച് പോന്ന നാട്ടിടവഴികളിലേക്ക്, മതിമറന്ന് കളിച്ച മൈതാനത്തിലേക്ക് തിരികെ കൊണ്ട് പോവാന്‍ കഴിയുന്ന രചനാവൈഭവം ….. ശ്യാം… നിങ്ങളോട് ഒരുപാട്, ഒരു പാട് ഇഷ്ടം…!!

പെണ്ണിനെ എടീയെന്നും, പോടീയെന്നും വിളിക്കുന്ന ആണ്‍കുലമഹിമകളുടെ വാര്‍പ്പ് മാതൃകകള്‍ക്കെതിരെ ,
ഒറ്റ തന്തക്ക് പിറക്കുന്ന ഭരത് ചന്ദ്രന്മാരുടെയും ,ജോസഫ് അലക്‌സുമാരുടെയും ആണധികാര പൊതുബോധത്തിനോട് സന്ധിയാവാത്ത, എല്ലാവര്‍ക്കും ഒരു തന്തയേ ഉണ്ടാവൂ എന്ന ലളിത സിദ്ധാന്തം പോലെ ആഷിക്ക് അബുവിന്റെ ഫാക്ടറിയില്‍ നിന്നും മലയാള സിനിമയിലേക്ക് കസേരകള്‍ വലിച്ച് നീട്ടിയിരിക്കുന്നുണ്ട് ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, മധു .സി .നാരായണന്‍ ,സൗബിന്‍, ഫഹദ് ഫാസില്‍, ഷൈയ്ന്‍ എന്നീ പ്രതിഭാ വിലാസങ്ങള്‍ …!!

സൗബിന്‍,,, നിങ്ങളെന്തൊരു ആക്ടറാണ് മനുഷ്യാ….?!
സുഡാനി ഫ്രം നൈജീരിയ, പറവ ഇപ്പോഴിതാ കുമ്പളങ്ങിയിലൂടെയും നിങ്ങള്‍ വല്ലാതെ വിസ്മയിപ്പിക്കുന്നുണ്ട്…
കണ്ടു കണ്ടങ്ങനെ ഇരിക്കാന്‍ തോന്നുന്നുണ്ട്, തിയേറ്റര്‍ വിട്ടിറങ്ങിയിട്ടും കൂടെ പോരുന്നുണ്ട് …. സൗബിന്‍ ഇഷ്ടം …!!

ബേബിയെയും ,സിമിയെയും കുറിച്ച് പറയാതിരിക്കുന്നതെങ്ങനെ …?!
പേടിച്ച് ,പേടിച്ചങ്ങനെ അവസാനം സിമി പൊട്ടിത്തെറിച്ചില്ലെ…
ഷമിയോട് പറഞ്ഞില്ലെ ഏത് സ്ഥാനത്ത് നിന്ന് സംസാരിക്കുകയാണെങ്കിലും മാന്യമായി സംസാരിക്കണമെന്ന് ….
സൈബറിടങ്ങളിലെ ആങ്ങളമാരോടാണ് സിമി അത് പറഞ്ഞത് …. നിന്റെയൊക്കെ സഹോദര സ്‌നേഹം നാലാക്കി മടക്കി പോക്കറ്റില്‍ വെച്ച് കൊള്ളാന്‍…. ഇഷ്ടം സിമി

അന്നാ ബെന്‍ (ബേബി) നല്ല ഉശിരുള്ള കാമുകി
സിമി അവളോട് പറയുന്നുണ്ട് ‘എടീ അവര് ക്രിസ്ത്യാനികളല്ലേന്ന് ….’ അതിന് ബേബിയുടെ ഒരു മറുപടിയുണ്ട് ‘ഈ യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോന്ന്’
തകര്‍ത്തു കളഞ്ഞു ….
മധു.സി.നാരായണന്‍, അന്നാ ബെന്‍ നിങ്ങളുടെ മികച്ച കണ്ടെത്തലാണ്….!!

ഫഹദ്, ഓരോ കഥാപാത്രത്തിലൂടെയും നിങ്ങള്‍ ഇങ്ങനെ അത്ഭുതപ്പെടുത്തുകയാണ്….നിങ്ങള്‍ ഞങ്ങള്‍ക്കൊരു പാഠ പുസ്തകമായി മാറി കൊണ്ടിരിക്കുകയാണ് ….

കുമ്പളങ്ങിയില്‍ നിന്നും തിരിച്ച് പോരുമ്പോള്‍ നിങ്ങളെല്ലാവരും ഞങ്ങള്‍ക്ക് വല്ലാത്തൊരു
ഊര്‍ജ്ജമാവുന്നുണ്ട്.ടീം കുമ്പളങ്ങിക്ക് ഒരു പാട് ഒരുപാടിഷ്ടം..

Related Articles