Section

malabari-logo-mobile

കുടുംബശ്രീയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ 75 സ്നേഹ വീടുകളുയരും

HIGHLIGHTS : Under the leadership of Kudumbashree, 75 Sneha houses will be built in the district

brihathi
മലപ്പുറം ജില്ലാ കുടുംബശ്രീ മിഷന്‍ സി.ഡി.എസുകള്‍ സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ ഗൃഹശ്രീ പദ്ധതിയുമായി സഹകരിച്ച് മലപ്പുറം ജില്ലയില്‍ 75 സ്നേഹ വീടുകള്‍ ഉയരും. ഓരോ സി.ഡി.എസുകളുടെ പരിധിയില്‍ വരുന്ന നിര്‍ധരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗൃഹശ്രീ പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന ധനസഹായവും സി.ഡി.എസുകള്‍ സമാഹരിക്കുന്ന ഫണ്ടും ഉപയോഗപ്പെടുത്തിയാണ് വീടുകളുടെ നിര്‍മാണം. കേരള ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഗൃഹശ്രീ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായാണ് പദ്ധതി നടപ്പാക്കുക.

മൂന്ന് സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ളവരും സ്വന്തമായി വീടില്ലാത്തതും എന്നാല്‍ ലൈഫ് പദ്ധതി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരും നിര്‍ധന കുടുംബങ്ങളാണ് ഗുണഭോക്താക്കള്‍. കൂടാതെ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരുമായിരിക്കണം. വിധവ, വിവാഹ മോചിത, 40 വയസ്സ് കഴിഞ്ഞ അവിവാഹിത, ഭിന്നശേഷിക്കാരുള്ള കുടുംബം, കിടപ്പിലായ രോഗികളുള്ള കുടുംബം, ഭിന്ന ലിംഗക്കാര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും.

ഏതെങ്കിലും തരത്തിലുള്ള വായ്പയെടുത്ത് ഭവന നിര്‍മാണം നടത്താന്‍ കഴിയാത്തവരെയും ഗുണഭോക്താവായി പരിഗണിക്കും. 40 സ്‌ക്വയര്‍ മീറ്ററില്‍ കുറയാത്ത വീടുകളാണ് നിര്‍മിക്കുക. പദ്ധതി പ്രകാരം ഓരോ സി.ഡി.എസിലും രണ്ട് വീടുകളെങ്കിലും ഒരുക്കി നല്‍കും.
ആനക്കയം, പൊന്നാനി, പള്ളിക്കല്‍, വളാഞ്ചേരി, ഏലംകുളം, കല്‍പ്പകഞ്ചേരി, കൊണ്ടോട്ടി, മഞ്ചേരി, നിറമരുതൂര്‍, മേലാറ്റൂര്‍, പുറത്തൂര്‍, താനാളൂര്‍, വാഴയൂര്‍, വെട്ടം, ആതവനാട്, കരുവാരക്കുണ്ട്, പുല്‍പ്പറ്റ, വണ്ടൂര്‍, വഴിക്കടവ്, കീഴുപറമ്പ്, എടക്കര, മൂത്തേടം, മമ്പാട്, പോരൂര്‍ തുടങ്ങിയ കുടുംബശ്രീ സി.ഡി.എസുകളിലാണ് സ്നേഹ വീടുകള്‍ നിര്‍മിച്ച് നല്‍കുക.

sameeksha-malabarinews

ജനകീയ പദ്ധതികളുമായി ജില്ലയിലെ കുടുംബശ്രീ
ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ ജില്ലയില്‍ ജനകീയ പദ്ധതികളൊരുക്കി ജില്ലാ കുടുംബശ്രീ മിഷന്‍. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് കുട്ടികളുടെയും വനിതകളുടെയും ക്ഷേമം മുന്‍നിര്‍ത്തി നിരവധി പദ്ധതികള്‍ കുടുംബശീ മുഖേന നടപ്പാക്കി വരുന്നത്. എട്ടോളം തനത് പദ്ധതികളാണ് ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്നത്.
കുടുംബശീ സംരംഭകര്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് സ്ഥിരമായ വിപണി ഉറപ്പുവരുന്നതിനും കുടുംബശീ ഉല്‍പന്നങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിനുമായി ഹോം ഷോപ്പ്, സ്ത്രീകള്‍, ട്രാന്‍സ് ജന്‍ഡേഴ്സ് എന്നിവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വിവേചനങ്ങളും ഇല്ലാതാക്കുന്നതിനും ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജെന്‍ഡര്‍ സൗഹൃദമാക്കുക, ജീവനക്കാര്‍ക്കിടയില്‍ ലിംഗനീതിയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി സ്ത്രീ സൗഹൃദ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വീടുകളില്‍ നിന്നും ഉപയോഗശ്യൂനമായ വസ്ത്രങ്ങള്‍ ഹരിത കര്‍മ്മസേന മുഖേന ശേഖരിച്ച് മൂല്യ വര്‍ധിത ഉല്‍പന്നമാക്കി വിപണിയില്‍ എത്തിക്കുന്ന ടെക്സ്റ്റെല്‍സ് റീസൈക്ലിങ്, പ്രാദേശിക തലത്തില്‍ കുടുംബശ്രീ സംരംഭകര്‍ക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ വിപണന മേളകള്‍, കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമായി കുടുംബശ്രീ ബാലസഭ, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ബഡ്സ് സ്‌കൂള്‍, കുടുംബത്തിന്റെ സമ്പൂര്‍ണ്ണ പോഷകാഹാര ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ക്യാമ്പയിന്‍ തുടങ്ങിയ പദ്ധതികളും കുടുംബശ്രീ മുഖേന നടപ്പാക്കുന്നു.

പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനുമായി സഹകരിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന ഡ്രൈവ് ഡിജിറ്റല്‍ സാക്ഷരതാ ക്യാമ്പയിനും നടന്നുവരുന്നു. ജില്ലയിലെ മുപ്പതിനായിരം അയല്‍കൂട്ട വനിതകളെ ഡിജിറ്റല്‍ സാക്ഷരരാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ എല്ലാ തദ്ദേശ സ്ഥാപനങളിലും കുടുംബശ്രിയുടെ നേതൃത്വത്തില്‍ തൊഴില്‍ മേളകളും സംഘടിപ്പിച്ചു വരുന്നുണ്ട്. കേരളത്തില്‍ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിനും മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയുമാണ് കുടുംബശ്രീ ഇതിലൂടെ ലക്ഷ്യമിടുന്നത്. മലപ്പുറം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളത്തില്‍ കുടുംബശീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത്, ഡി.പി.എം എന്‍.ആര്‍ ഷംന, സി.കെ റിസ്വാന എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!