ഊര്‍ജിത വയറിളക്ക രോഗ നിയന്ത്രണ പരിപാടിയുമായി ആരോഗ്യവകുപ്പ്

മലപ്പുറം ജില്ലയില്‍ ഫെബ്രുവരി 14 മുതല്‍ 28 വരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത വയറിളക്ക രോഗ നിയന്ത്രണ പരിപാടി നടത്തും. മഞ്ചേരി നഗരസഭയിലും പള്ളിക്കല്‍ പഞ്ചായത്തിലും നിരവധി പേര്‍ക്ക് മഞ്ഞപ്പിത്തം രോഗബാധ സംശയിക്കുന്നതിനെ തുടര്‍ന്ന് ഇതിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വയറിളക്ക രോഗ നിയന്ത്രണ പരിപാടി ആവിഷ്‌ക്കരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒ.ആര്‍.എസ്, സിങ്ക് എന്നിവ വിതരണം ചെയ്യും. എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ഒ.ആര്‍.എസ് കോര്‍ണര്‍ സ്ഥാപിക്കും.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയില്‍ മൂന്നുപേര്‍ മരണപ്പെട്ടിരുന്നു. മഞ്ഞപ്പിത്ത രോഗബാധ സംശയിക്കുന്ന മറ്റൊരു മരണവും ഉണ്ടായിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം അസുഖം ബാധിക്കുകയും ശാരീരിക നില മോശമായി മരണപ്പെടുകയുമായിരുന്നു.

കൂടാതെ ജില്ലയുടെ മറ്റു ഭാഗങ്ങളിലും ജലജന്യ രോഗങ്ങള്‍ കൂടി വരുന്നുണ്ട്. വ്രതാനുഷ്ഠാന മാസങ്ങളിലും ഉത്സവങ്ങളിലും ആഘോഷ വേളകളിലും തീര്‍ത്ഥാടന സമയങ്ങളിലും ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ജില്ലയില്‍ ജലദൗര്‍ലഭ്യം കൂടി വരുന്ന സാഹചര്യത്തില്‍ ഇത്തരം ജലജന്യ രോഗങ്ങള്‍ക്കെതിരെയും ഭക്ഷ്യ വിഷബാധകള്‍ക്കെതിരെയും ജനങ്ങള്‍ ജാഗ്രത പാലിക്കണം.

തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുന്ന തരത്തില്‍ ശീലങ്ങള്‍ മാറ്റിയാല്‍ മാത്രമേ ഇത്തരം പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂ. കൈകള്‍ കൃത്യമായി ഇടയ്ക്കിടെ വൃത്തിയാക്കുകയും വേണം. ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ വിദഗ്ധ ചികിത്സ തേടണം. രോഗബാധ ഉണ്ടായാല്‍ ശരീരം ആദ്യം കാണിക്കുന്ന ലക്ഷണങ്ങള്‍ അവഗണിക്കുകയോ സ്വയം ചികിത്സ തേടുകയോ ചെയ്യുന്നവരാണ് അപകടത്തില്‍പ്പെടുന്നത്.

ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശുചിത്വ നിലവാരം ഉറപ്പ് വരുത്തണം. പാചക തൊഴിലാളികള്‍, ഭക്ഷണം കൈകാര്യം ചെയ്യുന്ന മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഹെല്‍ത്ത് കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. അടുക്കള, സ്റ്റോര്‍ റൂം, മറ്റ് ഭക്ഷണം വിളമ്പുന്ന സ്ഥലം എന്നിവിടങ്ങളില്‍ വേണ്ടത്ര ശുചിത്വം പാലിക്കണം. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്നതും പഴകിയതും ഉപയോഗ ശൂന്യവുമായതുമായ ഭക്ഷണപഥാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്നതും നിയമ വിരുദ്ധമാണ്. അത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.

മഞ്ഞപ്പിത്തം:-
വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. വയറിളക്ക രോഗങ്ങള്‍ ഏറെ അപകടകരമാണ്. വയറിളക്ക രോഗങ്ങള്‍ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു.
നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാല്‍ രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും. കുട്ടികളെ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.

വയറിളക്കം:-
ശരീരത്തിലെ ജലാംശവും പോഷകഘടകങ്ങളും ധാതുലവണങ്ങളും അടങ്ങിയ മലം ദ്രവരൂപത്തില്‍ അനിയന്ത്രിതമായി അയഞ്ഞുപോകുന്നതാണ് വയറിളക്കം.

വയറുകടി:-
മലം അയഞ്ഞു പോകുന്നത്തിനോടൊപ്പം രക്തവും കാണുന്നു.

കോളറ:-
തുടര്‍ച്ചയായി മലം കഞ്ഞിവെള്ളം പോലെ പോകുന്ന അവസ്ഥയാണ് കോളറ. ഛര്‍ദ്ദിയും കാണപ്പെടും. ഈ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കേണ്ടതാണ്. പാനീയ ചികിത്സ ഏറെ ഫലപ്രദമാണ്. 90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടില്‍ നല്‍കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങള്‍ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്. ഛര്‍ദ്ദിച്ചോ, വയറിളകിയോ പോയാലും വീണ്ടും പാനീയം നല്‍കേണ്ടതാണ്. പാനീയ ചികിത്സ കൊണ്ട് നിര്‍ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാന്‍ സാധിക്കുന്നു.

മറക്കല്ലേ ഒ.ആര്‍.എസ് ലായനി:-
ജലാംശ ലവണാംശ നഷ്ടം പരിഹരിക്കാന്‍ ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആര്‍.എസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒ.ആര്‍.എസ് ലായനി നല്‍കണം. അതോടൊപ്പം എളുപ്പം ദഹിക്കുന്ന ആഹാരങ്ങളായ കഞ്ഞി, പുഴുങ്ങിയ ഏത്തപ്പഴം എന്നിവയും നല്‍കേണ്ടതാണ്. ഒ.ആര്‍.എസ് പായ്ക്കറ്റുകള്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലും ഉപകേന്ദ്രത്തിലും അങ്കണവാടികളിലും സൗജന്യമായി ലഭിക്കും. പാനീയ ചികിത്സ നടത്തിയിട്ടും രോഗലക്ഷണങ്ങള്‍ക്ക് മാറ്റമില്ലെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ രോഗിയെ ഉടനെ എത്തിക്കണം

ടൈഫോയ്ഡ്:-
ജലം, ഭക്ഷണം എന്നിവയിലൂടെ പകരുന്ന മറ്റൊരു രോഗമാണ് ടൈഫോയ്ഡ്. കഠിനമായ പനി, തലവേദന, നടുവേദന, മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും വെള്ളം വരിക, ശരീരത്തിന് തളര്‍ച്ച, മലബന്ധം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍

പ്രതിരോധ മാര്‍ഗങ്ങള്‍:-
തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക. കൈകള്‍ ആഹാരത്തിനു മുമ്പും ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും സോപ്പുപയോഗിച്ച് നന്നായി കഴുകുക. കുടിവെള്ള സ്രോതസ്സുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. വ്യക്തി ശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. തണുത്തതും പഴകിയതുമായതും തുറന്നുവച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top