നടന്‍ ജോജു ജോര്‍ജിനെതിരെ പരാതിയുമായി കെ എസ് യു.
വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് നിയമവിരുദ്ധമെന്ന് ആരോപിച്ചാണ് പരാതി. സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ സംഘടിപ്പിച്ച മത്സരം പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
വാഗമണ്‍ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് ഓഫ് റോഡ് റൈഡ് മത്സരം സംഘടിപ്പിച്ചത്. ഈ മത്സരത്തിലാണ് ജീപ്പ് റാംഗ്ലറുമായി ജോജു ജോര്‍ജ് പങ്കെടുത്തത്.
ഓഫ് റോഡ് റൈഡ് മത്സരം നടന്നയിടം കൃഷിക്ക് മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയാണെന്നും ഇവിടെയാണ് നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെയോ പോലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ അനുമതിയും മത്സരത്തിനില്ലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.




