കെ.എസ്. ആർ.ടി.സി ഉല്ലാസയാത്രയിൽ ആവേശത്തോടെ വനിതകൾ

ഫയൽ
ഫയൽ

കോഴിക്കോട്:ഇരുകൈകളിലുമായി അമർത്തി പിടിച്ച്  തൊണ്ണൂറ്റിരണ്ട്കാരിയായ മറിയംബി ഉമ്മ മൊബൈൽ മുകളിലേക്കുയർത്തി. താൻ ജീവിതത്തിൽ തന്നെ ആദ്യമായി പോവുന്ന ഉല്ലാസ യാത്രയുടെ  സെൽഫിയെടുത്ത് മറിയംബി ആഹ്ലാദത്തോടെ സഹയാത്രികരെ ചേർത്ത് പിടിച്ചു. തന്റെ പേരക്കുട്ടികളുടെ പ്രായമുള്ള 90 സഹയാത്രികർ അവർക്കൊപ്പം ആർത്തു വിളിച്ച് സെൽഫിയിൽ അണിനിരന്നു.

കോഴിക്കോട് കെ.എസ്. ആർ.ടി.സി. വനിതാദിനത്തിൽ സ്ത്രീകൾക്കായി സംഘടിപ്പിച്ച ഉല്ലാസയാത്രയിലാണ് മറിയംബി ഉമ്മ താരമായത്. തൊണ്ണൂറ്റി രണ്ടാം വയസ്സിൽ തന്റെ ആദ്യ വിനോദയാത്ര നടത്താൻ മറിയംബി ഉമ്മ താൻ വളർത്തുന്ന ആടിനെ വിറ്റാണ് പണം കണ്ടെത്തിയത്. മറിയംബി ഉമ്മയുടെ ആഗ്രഹം സഫലമാക്കാൻ മക്കളും ഒപ്പം നിന്നതോടെ അത് യാഥാർത്ഥ്യമാവുകയായിരുന്നു. മക്കളാണ് യാത്രയ്ക്കുള്ള മുഴുവൻ ക്രമീകരണങ്ങളും ചെയ്തത്. മറിയംബി ഉമ്മയെ കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള സ്ത്രീകൾ യാത്രയിൽ പങ്കാളികളായി.

90 വനിതകളുമായി കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രാവിലെ 7 മണിക്ക് തുടങ്ങിയ യാത്ര ഉച്ചയോടെ എറണാകുളത്തെത്തി. തുടർന്ന് ഡബിൾ ഡക്കർ ബസിൽ കൊച്ചി നഗരം ചുറ്റി. വനിതാ ദിനത്തിലെ കൊച്ചി മെട്രോ സൗജന്യ യാത്രയും ആസ്വദിച്ച ശേഷം സുഭാഷ് പാർക്കും സന്ദർശിച്ചു. തുടർന്ന് 5 മണിക്കൂർ നീണ്ട കപ്പൽ യാത്രയും. കപ്പലിൽ വിനോദത്തിനായി ഡിജെ പാർട്ടിയും ഹോം തിയേറ്ററും ക്രമീകരിച്ചതായി കോർഡിനേറ്റർ ആർ. ബിന്ദു അറിയിച്ചു. വനിതാദിന യാത്ര നാളെ, മാർച്ച് 9 ന് പുലർച്ചെ മൂന്നുമണിയോടുകൂടി കോഴിക്കോട് അവസാനിക്കും.

കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാൻഡിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കെഎസ്ആർടിസി ജില്ലാ കോർഡിനേറ്റർ ആർ ബിന്ദു, ഡോ. ഇന്ദു തുടങ്ങിയവർ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top