Section

malabari-logo-mobile

‘ഒന്നും രണ്ടും പറഞ്ഞു ചൊറിഞ്ഞോണ്ടു ചെല്ലുക, തിരിഞ്ഞോടി വന്നു വലിയ വായില്‍ മോങ്ങുക’; കെ ആര്‍ മീരക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍; മറുപടിയുമായി മീര

HIGHLIGHTS : ‘Say one or two things and run away, come back and drown in the big mouth’; Journalist against KR Meera; Meera replied

എകെജിക്കെതിരായ ബാലപീഡകന്‍ ആരോപണത്തില്‍ തൃത്താല എംഎല്‍എ വിടി ബല്‍റാമും എഴുത്തുകാരി കെ ആര്‍ മീരയും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വാക് പോര് നടന്നിരുന്നു. സംഭവത്തിന് ഒരു വര്‍ഷങ്ങള്‍ക്കിപ്പുറവും വിഷയം ചര്‍ച്ചകള്‍ക്ക് വഴിവെക്കാറുമുണ്ട്. വിടി ബല്‍റാമുമായുള്ള വാക് തര്‍ക്കത്തിന് തുടക്കം കുറിച്ചത് കെ ആര്‍ മീരയാണ് എന്ന തരത്തില്‍ സഹപ്രവര്‍ത്തകനായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയ കുറിപ്പിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെ ആര്‍ മീര.

കെ.ആര്‍.മീര ഒരു കാരണവുമില്ലാതെ പ്രകോപിപ്പിച്ചു. വി.ടി. ബല്‍റാം സഹികെട്ടു തിരിച്ചു തെറി വിളിച്ചു – ഇതാണ് തുടക്കം മുതലേ…

Posted by K R Meera on Thursday, 1 April 2021

പത്രത്തിലായാലും ഫേസ്ബുക്കിലായാലും സ്വകാര്യ സംഭാഷണങ്ങളിലായാലും പറയുന്ന കാര്യങ്ങള്‍ വസ്തു നിഷ്ടമായിരിക്കണമെന്നും ഈ റിപ്പോര്‍ട്ടര്‍ ആര്‍ക്ക് വേണ്ടിയാണ് വാദിക്കുന്നതെന്നും കെ ആര്‍ മീര ചോദിക്കുന്നു. എതിരാളിയെ പോലും വ്യക്തി ഹത്യ ചെയ്ത് കൂടായെന്നാണ് താന്‍ പഠിച്ചതെന്നും കെ ആര്‍ മീര വ്യക്തമാക്കി.

sameeksha-malabarinews

കെ ആര്‍ മീരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കെ.ആര്‍ മീര ഒരു കാരണവുമില്ലാതെ പ്രകോപിപ്പിച്ചു. വി.ടി. ബല്‍റാം സഹികെട്ടു തിരിച്ചു തെറി വിളിച്ചു – ഇതാണ് തുടക്കം മുതലേ എം.എല്‍.എ. നേരിട്ടും സൈബര്‍ അണികളിലൂടെയും പ്രചരിപ്പിക്കുന്ന കഥ.
ഇങ്ങനെയൊരു നുണക്കഥയില്ലെങ്കില്‍ എം.എല്‍.എയ്ക്കു മുഖം രക്ഷിക്കാന്‍ സാധ്യമല്ല. ഇതെത്ര വലിയ നുണയാണ് എന്നറിയാന്‍ ടൈംലൈന്‍ നോക്കിയാല്‍ മതി.
ആ സംഭവത്തെ കുറിച്ച് ഇനി ഒന്നും എഴുതണ്ട എന്നു വിചാരിച്ചതാണ്. ഡോ. പ്രേം കുമാര്‍ എന്റെയും എം.എല്‍.എയുടെയും രണ്ടു വര്‍ഷം മുമ്പുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ചു വി.ടി. ബല്‍റാം ആണ് എന്നെ ഒരു കാരണവുമില്ലാതെ അധിക്ഷേപിച്ചത് എന്നു ബോധ്യപ്പെട്ട് എഴുതിയ കുറിപ്പ് ഈ പേജില്‍ ഷെയര്‍ ചെയ്യാതിരുന്നതും അതിനാല്‍ത്തന്നെ. പക്ഷേ, അപ്പോഴാണ് ഞാന്‍ ജോലി ചെയ്തിരുന്ന പത്രത്തിന്റെ ഒരു സീനിയര്‍ റിപ്പോര്‍ട്ടര്‍ ബല്‍റാമിനു വേണ്ടി ഇന്നലെ എഴുതിയ പോസ്റ്റ് കണ്ടത്.

അയാള്‍ എഴുതിയത് ഇതാണ് : “അങ്ങോട്ട് ഒന്നും രണ്ടും പറഞ്ഞു ചൊറിഞ്ഞോണ്ടു ചെല്ലുക. ബല്‍റാം എടുത്തിട്ടു പെരുക്കിക്കഴിയുമ്പോ തിരിഞ്ഞോടി വന്നു വലിയ വായില്‍ മോങ്ങുക. മീര മുതല്‍ ഇടത്തോട്ടു ചരിഞ്ഞ അശോകന്‍ വരെ ഇതുതന്നെയൊരു പതിവ്. അയ്യോ, എമ്മല്ലേ തെറിവിളിക്കുന്നേന്ന് ഏറ്റു പിടിക്കാന്‍ കുറേ പതിവു തൊഴിലാളികളും… ”

ഈ റിപ്പോര്‍ട്ടര്‍ ആര്‍ക്കുവേണ്ടിയാണു വാദിക്കുന്നത്? വി.ടി. ബല്‍റാമിനു വേണ്ടി. ബല്‍റാം ‘പെരുക്കിയത്’ എഴുത്തുകാരെ മാത്രമാണോ? പെരുക്കിപ്പെരുക്കി സ്വന്തം പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലും പെരുക്കിയില്ലേ? എഴുത്തുകാരില്‍ത്തന്നെ, എന്നെയും അശോകന്‍ ചെരുവിലിനെയും മാത്രമാണോ ആക്രമിച്ചത്? റിപ്പോര്‍ട്ടര്‍ക്കു ശമ്പളം കൊടുക്കുന്ന പത്രത്തിന്റെ പംക്തികാരനും പത്രപ്രവര്‍ത്തന ലോകത്തെ എല്ലാ സീനിയര്‍ എഡിറ്റര്‍മാര്‍ക്കും ആദരണീയനുമായ എന്‍.എസ്. മാധവനെപ്പോലും അപമാനിച്ചില്ലേ? മലയാളത്തില്‍ വഴിവിളക്കായി കണക്കാക്കപ്പെടുന്ന എഴുത്തുകാരനാണ് എന്‍.എസ്. മാധവന്‍. റിട്ടയേഡ് ഐ.എ.എസ്. ഉദ്യോഗസ്ഥന്‍. ഇന്ത്യയില്‍ എല്ലായിടത്തും ആദരിക്കപ്പെടുന്ന ഒരാള്‍. തീര്‍ന്നില്ല, ഇന്ത്യക്കകത്തും പുറത്തും ബഹുമാനിക്കപ്പെടുന്ന ബെന്യാമിനും എം.എല്‍.എ. അധിക്ഷേപിച്ചവരുടെ പട്ടികയില്‍ പെടുന്നു.
ഈ റിപ്പോര്‍ട്ടര്‍ എം.എല്‍.എയുടെ പെരുക്കുതൊഴിലാളി ആണോ? ഒരു പത്രപ്രവര്‍ത്തകന്‍ അല്ലേ? എതിരാളിയെപ്പോലും വ്യക്തിത്വഹത്യ ചെയ്തുകൂടാ എന്നായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്ന കാലത്ത് ആ സ്ഥാപനത്തിലെ നിയമം. ആ മേല്‍വിലാസത്തില്‍ ജീവിക്കുന്ന ഒരാളാണ് ‘ഒന്നും രണ്ടും പറഞ്ഞു ചൊറിഞ്ഞോണ്ടു വന്നാല്‍ എടുത്തിട്ടു പെരുക്കണം’ എന്ന് ലജ്ജയില്ലാതെ സമര്‍ഥിക്കുന്നത്.
ഞാന്‍ ജോലി ചെയ്തിരുന്ന കാലത്തും പത്രത്തിനു പരസ്യമായ രാഷ്ട്രീയ നിലപാടുണ്ട്. എന്നുവച്ച്, തന്നോട് വ്യക്തിപരമായി ഒരു ദ്രോഹവും ചെയ്യാത്ത ഒരാളെ മറ്റൊരാള്‍ക്കു വേണ്ടി അധിക്ഷേപിക്കുന്ന ഒരുത്തനെ സ്ഥാപനം വച്ചു പൊറുപ്പിക്കുമായിരുന്നില്ല. കാരണം ലളിതമാണ്. അങ്ങനെയൊരുത്തന്‍ മറ്റൊരാള്‍ക്കു വേണ്ടി നാളെ സ്ഥാപനത്തെയും എടുത്തിട്ടു പെരുക്കും.
പത്രത്തിലാകട്ടെ, ഫെയ്‌സ് ബുക് പോസ്റ്റില്‍ ആകട്ടെ, സ്വകാര്യ സംഭാഷണത്തില്‍ ആകട്ടെ- ഒരു പത്രപ്രവര്‍ത്തകന്‍ പറയുന്ന കാര്യങ്ങള്‍ വസ്തുനിഷ്ഠമാകണം. പത്രത്തില്‍ ഉണ്ടായിരുന്ന കാലത്തോ അതിനു ശേഷമോ ഞാന്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവിനെയും പേരെടുത്തു വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഇടതുപക്ഷത്തെ ധാരാളം വിമര്‍ശിച്ചിട്ടുമുണ്ട്. പക്ഷേ, കെ.ആര്‍.മീര മൊഴിഞ്ഞോ എന്നോ സാഹിത്യ നായിക അര്‍മാദിക്കുന്നു എന്നോ ഒരു സി.പി.എം. നേതാവും ആക്ഷേപിച്ചിട്ടില്ല. പത്തു വര്‍ഷം മുമ്പ് വി.ടി. ബല്‍റാം എന്ന പേരു ഞാന്‍ കേട്ടിട്ടുമില്ല. എ.കെ.ജിയെ ബാലപീഡകന്‍ എന്നു വിളിച്ച പോസ്റ്റിലാണ് ഞാന്‍ ആ പേരു ശ്രദ്ധിച്ചത്. അതിനു മുമ്പ് ഒരു സമരഭൂമിയിലും ഇങ്ങനെയൊരാളെ ഞാന്‍ കണ്ടിട്ടില്ല. സമൂഹത്തെ ബാധിക്കുന്ന ഏതെങ്കിലും വിഷയങ്ങളില്‍ എന്തെങ്കിലും പുരോഗമനപരമായ ഇടപെടല്‍ നടത്തിയതായും അറിവില്ല.

കൂടുതല്‍ നീട്ടുന്നില്ല. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ക്കു ഡോ. പ്രേം കുമാര്‍ എഴുതിയ പോസ്റ്റിന്റെ ലിങ്ക് കമന്റില്‍.

കെ.ആർ.മീരയുടെ കുറിപ്പ് ഞാനും ഷെയർ ചെയ്തിരുന്നു.
ബൽറാം ഫാൻസിനെ അത് വല്ലാതെ പ്രകോപിപ്പിച്ചു എന്ന് വേണം കരുതാൻ.
ഇവിടെ…

Posted by Prem Kumar on Monday, 29 March 2021

റിപ്പോര്‍ട്ടറോട് ഒരു അഭ്യര്‍ത്ഥന : മലയാള മനോരമ ചീഫ് എഡിറ്റര്‍ ശ്രീ മാമ്മന്‍ മാത്യു രണ്ടായിരത്തിപ്പത്ത് സെപ്റ്റംബറില്‍ കലാകൗമുദിക്കു നല്‍കിയ ഒരു അഭിമുഖമുണ്ട്. എതിര്‍ രാഷ്ട്രീയ കാഴ്ചപ്പാടുള്ള ശ്രീ പിണറായി വിജയനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുന്നതെങ്ങനെയാണ് എന്ന് ഒന്നു വായിച്ചു നോക്കുക. പെരുക്കങ്ങളുടെ ഇരുള്‍ മൂടിയ മനസ്സില്‍ അല്‍പം വെളിച്ചം കയറുന്നെങ്കില്‍, ആകട്ടെ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!