കെപിസിസി അംഗത്തെ യൂത്ത്‌ലീഗുകാര്‍ തടഞ്ഞു.തിരൂരങ്ങാടിയില്‍ ലീഗ്-കോണ്‍ഗ്രസ്സ് ഭിന്നത രൂക്ഷമാകുന്നു

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ കെപിസിസി അംഗത്തെ യൂത്ത്‌ലീഗുകാര്‍ തടഞ്ഞു.
തിരൂരങ്ങാടി: യു ഡി എഫ് തിരൂരങ്ങാടി മണ്ഡലം ചെയര്‍മാനും കെ പി സി സി മെമ്പറുമായ എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജിയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞ സംഭവം യുഡിഎഫില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കുന്നു.

ഇന്നലെ രാവിലെ വെന്നിയൂരില്‍ വെച്ചാണ് സംഭവം.
വെന്നിയൂരിലെ മുസ്ലിം ജമാഅത്ത് നേതാവ് ഹസ്സന്‍ സഖാഫിയുടെ വീട്ടില്‍ വെച്ച് കുഞ്ഞിമുഹമ്മദ് ഹാജിയും പൊന്നാനി മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. തുടര്‍ന്ന്
ഇവിടെ നിന്ന് മടങ്ങുന്നതിനിടെ മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ കാര്‍ തടയുകയും അസഭ്യം പറയുകമായിരുന്നു. യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹിയായ നിങ്ങള്‍ ചെയ്തത് ശരിയല്ല എന്നും നിങ്ങള്‍ കള്ളനാണെങ്ങില്‍ ഞങ്ങള്‍ കള്ളന് കഞ്ഞിവെച്ചവനാണെന്നുമായിരുന്നു യൂത്ത്‌ലീഗ്പ്രവര്‍ത്തകരുടെ പ്രതികരണം. കൂടാതെ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയുതു.

എന്നാല്‍ താന്‍ വഖഫ് ബോര്‍ഡുമായി ബന്ധപ്പട്ട ഒരു കേസിന്റെ ആവിശ്യത്തിനായി സുഹൃത്തായ ഹസ്സന്‍ സഖാഫിയുടെ വീട്ടില്‍ പോയതാണെന്നും, അപ്പോള്‍ അവിടെ വന്ന ഇടതു സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍ തന്നോടടക്കം വോട്ട് അഭ്യര്‍ത്ഥിച്ച് മടങ്ങുകയാണ് ഉണ്ടായതെന്നും എന്‍എന്‍ കുഞ്ഞമുഹമ്മദ് ഹാജി പറയുന്നു.

തങ്ങളുടെ നേതാവിനെ അദ്ദേഹത്തിന്റെ പ്രായം പോലും മാനിക്കാതെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്യതുവെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പരസ്യമായി മാപ്പ് പറയാതെ ലീഗ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങില്ലെന്ന് പ്രദേശിക നേതാക്കള്‍ പറഞ്ഞു.

അതേ സമയം ലീഗ് സ്ഥാനാര്‍ത്ഥിക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ഇത്തരക്കാരെ അവഗണിച്ചു മുന്നോട്ട് പോവാന്‍ നേതൃത്വം തയ്യാറാവണമെന്നാണ് പ്രാദേശിക വാട്ട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നേതൃത്വത്തോട് ആവശ്യപ്പെടുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ വാഗ്വാദങ്ങളാണ് നടക്കുന്നത്. വരും ദിവസങ്ങളില്‍ യു ഡി എഫില്‍ പ്രശ്‌നം രൂക്ഷമാവാന്‍ സാധ്യത എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

Related Articles