Section

malabari-logo-mobile

കോഴിക്കോട് വിമാനത്താവളം: ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കും; വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കണം; മുഖ്യമന്ത്രി

HIGHLIGHTS : Kozhikode Airport: Land acquisition to be completed soon; Ban on large aircraft should be lifted; Chief Minister

കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിന് സ്ഥലം ഏറ്റെടുക്കല്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വിമാനത്താവളത്തിന്‍ റണ്‍വേ വികസനത്തിന് വ്യോമയാന മന്ത്രാലയം അംഗീകാരം നല്‍കി. പുതിയ ധാരണ പ്രകാരം റണ്‍വേ വികസനത്തിനായി 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. നാല് മാസത്തിനകം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാനും, ചീഫ് സെക്രട്ടറി വി.പി.ജോയിയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ധാരണയായത്.

വിമാനത്താവളത്തിനായി 18.5 ഏക്കര്‍ ഏറ്റെടുക്കാനായിരുന്നു നേരത്തേ വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇവിടെ 180 ഓളം വീടുകള്‍ ഒഴിപ്പിക്കേണ്ടി വരുമായിരുന്നു. ഒരു ശ്മശാനവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് പോകുന്ന റോഡും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഈ സാഹചര്യം കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സംസ്ഥാനം അറിയിച്ചു. സംസ്ഥാനം ഉന്നയിച്ച വിഷയങ്ങള്‍ പരിഗണിച്ച് 14.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് വ്യോമയാന മന്ത്രാലയം അനുമതി നല്‍കുകയായിരുന്നു. പള്ളിക്കല്‍ വില്ലേജിലെ ഏഴ് ഏക്കറും നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമാണ് ഏറ്റെടുക്കുക.

sameeksha-malabarinews

കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളും കൂടുതല്‍ വിമാനങ്ങളും ഇറങ്ങുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ റണ്‍വേ വികസനം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സജീവമായ ഇടപെടലാണ് ഉണ്ടായത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന്‍, എം.പി.മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രാദേശിക വിഷയങ്ങള്‍ പരിഹരിക്കാനും യോഗങ്ങള്‍ ചേര്‍ന്നു. അങ്ങനെയാണ് കൂടുതല്‍ പ്രായോഗികമായ തരത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ അവസരം ഒരുങ്ങിയത്.

കരിപ്പൂര്‍ വിമാന താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിയമസഭയെ അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനവും വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ അഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച് ടി.വി.ഇബ്രാഹീം എം.എല്‍.എ നല്‍കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2020 ഓഗസ്റ്റിലുണ്ടായ വിമാന ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അപകട കാരണം കണ്ടെത്തുന്നതിനായി നിയോഗിച്ച എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ, വലിയ വിമാനമുപയോഗിച്ചുള്ള സര്‍വീസ് പുനരാരംഭിക്കുന്നതില്‍ തീരുമാനമുണ്ടാകൂ.

വിലക്ക് പിന്‍വലിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ ആവശ്യം 2021 ജൂലൈ 13ന് പ്രധാനമന്ത്രിയെ നേരില്‍ കണ്ട് അഭ്യര്‍ഥിച്ചിട്ടുണ്ട്. റണ്‍വേ വികസനത്തിനായി 14.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു. റണ്‍വേ വികസനം പൂര്‍ത്തിയാകുന്നതോടെ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് സാധിക്കും. ഇതോടെ ആദ്യന്തര സര്‍വീസുകള്‍ അടക്കം കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിന് വിമാനത്താവളം സജ്ജമാകും. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ മറുപടി പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരം അടക്കം രാജ്യത്തിന്റെ വിവിധ നഗരങ്ങളിലേക്ക് ആഭ്യന്തര സര്‍വീസ് വളരെ പരിമിതമാണ് എന്നും ഇത് കോഴിക്കോട് മലപ്പുറം ജില്ലകളുടെ ടൂറിസം, വ്യവസായ വാണിജ്യ രംഗത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും സബ്മിഷന്‍ അവതരിപ്പിച്ച് ടി.വി. ഇബ്രാഹീം എം.എല്‍.എ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!