Section

malabari-logo-mobile

കോവിഡ് 19: മലപ്പുറത്ത് ഇന്ന് 100 പേര്‍ കൂടി നിരീക്ഷണത്തില്‍: 41 പേര്‍ക്ക് കൂടി വൈറസ് ബാധയില്ല

HIGHLIGHTS : ആകെ നിരീക്ഷണത്തിലുള്ളത് 11,625 പേര്‍

ആകെ നിരീക്ഷണത്തിലുള്ളത് 11,625 പേര്‍

മലപ്പുറം:  കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 100 പേര്‍ക്ക് ഇന്ന് മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 11,625 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കോവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ വ്യക്തമാക്കി. 82 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 64 പേരാണ് ഐസൊലേഷനിലുള്ളത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 10, തിരൂര്‍ ജില്ലാ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും നാലു പേര്‍ വീതവും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 11,517 പേര്‍ വീടുകളിലും 26 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.

sameeksha-malabarinews

ജില്ലയില്‍ 41 പേര്‍ക്കു കൂടി ഇന്ന്‌കോവിഡ് 19 ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇവരുള്‍പ്പെടെ ഇതുവരെ ലഭിച്ച പരിശോധന ഫലങ്ങളില്‍ 446 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു. 96 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമായി

ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമായതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നെത്തി വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്തവര്‍ക്കായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നത്.
18 ഗ്രാമ പഞ്ചായത്തുകളില്‍ ഒരുക്കിയ 19 കോവിഡ് കെയര്‍ സെന്ററുകള്‍ ആരോഗ്യ വകുപ്പിന് കൈമാറിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. രാജന്‍ അറിയിച്ചു. മറ്റു കേന്ദ്രങ്ങള്‍ ആവശ്യമാവുന്ന സമയത്ത് കൈമാറും.

ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, എ.ഡി.എം എന്‍.എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ലാതല അവലോകന യോഗത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!