ലക്ഷങ്ങളുടെ നികുതിവെട്ടിച്ചോടിയ ബെന്‍സ് കാര്‍ കോട്ടക്കലില്‍ പിടികൂടി

തിരൂരങ്ങാടി: ആറരലക്ഷം രൂപ നികുതി വെട്ടിപ്പ് നടത്തി ഓടിയ ബെന്‍സ് കാര്‍ ഒടുവില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റ പിടിയിലായി. 24 ലക്ഷത്തിന് ജാര്‍ഖണ്ഡ് റാഞ്ചിയില്‍ നിന്ന് കോട്ടക്കല്‍ പറപ്പൂര്‍ സ്വദേശി വാങ്ങിയതാണ് കാര്‍. കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തത് കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. നികുതി അടച്ച ശേഷം കാര്‍ വിട്ടു കൊടുക്കുകയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോട്ടക്കല്‍ സ്വാഗതമാട് വെച്ചാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. ഇത്തരത്തില്‍ നികുതിവെട്ടിച്ച് നിരവധി വാഹനങ്ങള്‍ ജില്ലയില്‍ ഓടുന്നതായും അവയെല്ലാം ഉടന്‍ പിടികൂടുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അധികൃതര്‍ പറഞ്ഞു.

അതെസമയം ഇന്ന് സ്വാഗതമാട് കോട്ടക്കല്‍, പൊന്മള ,ചങ്കുവെട്ടി, എടരിക്കോട്, പൂക്കിപറമ്പ് ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ഹെല്‍മെറ്റ് ഉപയോഗിക്കാത്ത ഇരുചക്രവാഹനം ഓടിച്ച 68 പേര്‍ക്കെതിരെയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ച ഒരാള്‍ക്കെതിരെയും സീറ്റ് ബെല്‍റ്റ് ഇടാത്ത ഒരാള്‍ക്കെതിരെയും അപകടകരമായതരത്തില്‍ ഡ്രൈവിംഗ് നടത്തിയ 13 പേര്‍ക്കെതിരെയും പിഴചുമത്തി. 161 കേസുകളിലായി 148950 ( ഒരുലക്ഷത്തി നാല്‍പത്തിയെട്ടയിരത്തി തൊള്ളായിരത്തി അന്‍പത് രൂപ) പിഴ ഈടാക്കി.

ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ടി ജി ഗോകുലിന്റെ നിര്‍ദ്ദേശപ്രകാരം എം വി ഐ വി ഐ അസീം, എ എം വി ഐ മാരായ ബിജുലാല്‍ വാലേരി, പി കെ സെയ്ദ് മുഹമ്മദ് ,കെ അജയന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Related Articles