പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ പൂര്‍ത്തിയാകാനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കില്ല

തിരുവനന്തപുരം: എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണല്‍ ആരംഭിച്ചുകഴിഞ്ഞാല്‍ പൂര്‍ത്തിയാകുന്നതുവരെ തുടരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തീരുന്നതുവരെ അവസാനത്തെ രണ്ടു റൗണ്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുന്നതു നിര്‍ത്തിവെക്കാനായിരുന്നു നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. എന്നാല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിയുന്നതുകാത്ത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കേണ്ടതില്ല എന്നാണ് പുതിയ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണല്‍ ആരംഭിച്ചുകഴിഞ്ഞാല്‍ പൂര്‍ത്തിയാകുന്നതുവരെ തുടരാന്‍ നിര്‍ദേശം വരണാധികാരികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

സമാന്തരമായി പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണലും തുടരും. വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായാലുടന്‍ വിവി പാറ്റ് സ്ളിപ്പുകളുടെ എണ്ണലും നിശ്ചിത മാര്‍ഗനിര്‍ദേശപ്രകാരം ആരംഭിക്കും.

Related Articles