കൊടകര ബിജെപി കുഴല്‍പ്പണക്കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

തൃശ്ശൂര്‍: കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. കവര്‍ച്ച കേസിലെ കുറ്റപത്രമാണ് സമര്‍പ്പിക്കുക. കവര്‍ച്ച ചെയ്ത പണം ബി ജെ പി നേതാക്കളുടേതെന്ന് കുറ്റപത്രത്തിലുണ്ട്. കവര്‍ച്ചാ കേസില്‍ 22 പ്രതികളും 200 സാക്ഷികളുമുണ്ട്.

കഴിഞ്ഞ ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെയാണ് കൊടകര ദേശീയ പാതയില്‍ കാറപകടമുണ്ടാക്കി ക്രിമിനല്‍ സംഘം പണം തട്ടിയത്. 25 ലക്ഷം രൂപ കവര്‍ച്ചാസംഘം തട്ടിയെടുത്തെന്നായിരുന്നു കേസ്. ഡ്രൈവര്‍ ഷംജീറാണ് പണം നഷ്ടപ്പെട്ടെന്ന പരാതി കൊടകര സ്റ്റേഷനില്‍ നല്‍കിയത്. ഇത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു ഫണ്ടായിരുന്നെന്ന ആദ്യം ഉയര്‍ന്ന ആരോപണം.

യഥാര്‍ഥത്തില്‍ നഷ്ടപ്പെട്ടത് മൂന്നരക്കോടിയാണെന്ന് അതിനിടെ പൊലീസ് കണ്ടെത്തി. പിടികൂടിയവരെ ചോദ്യം ചെയ്തതില്‍നിന്ന് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ നഷ്ടപ്പെട്ടതില്‍ ഒരു കോടിയോളം രൂപയും കണ്ടെത്തുകയും ചെയ്തു.
പണം കൊണ്ട് വന്നത് ബിജെപി സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേഷിന്റെ നിര്‍ദേശ പ്രകാരമെന്ന് ധര്‍മരാജന്റെ മൊഴിയുണ്ടെന്നും പൊലീസ് ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് പണമെത്തിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

 

Share news
error: Content is protected !!
Scroll to Top