അഗത്തിച്ചീര കൃഷിയെ കുറിച്ചും ഗുണങ്ങളെകുറിച്ചും അറിയേണ്ടേ… ?

HIGHLIGHTS : Know about Agathitchira cultivation

കടപ്പാട്;പരപ്പനാട് ഫാര്‍മേഴ്‌സ് ക്ലബ്ബ്

മാംസ്യം, കൊഴുപ്പ്, അന്നജം, നാര്, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, ജീവകംസി, എ തുടങ്ങി അറുപതോളം പോഷകങ്ങള്‍ അഗത്തീച്ചീരയുടെ ഇലയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, സി എന്നിവയാണ് സമ്പന്നമാണിത്.
വിറ്റാമിന്‍ സി ആന്റി ഓക്സിഡന്റായതിനാല്‍ അഗത്തിയില കഴിക്കുന്നതിലൂടെ രക്തത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനാകും. ഇതുവഴി രക്തസമ്മര്‍ദ്ദം കുറയ്ക്കാം. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഇതിന്റെ ഇലകളുടെയും പൂക്കളുടെയും നീര് മൈഗ്രെയ്ന്‍ പോലുളള തലവേദനയ്ക്ക് ആശ്വാസമേകും. തലവേദനയെ ഇത് പടിപടിയായി ഇല്ലാതാക്കും. മുറിവുണങ്ങാനും ഇത് ഉത്തമമാണ്. അതുപോലെ തന്നെ ചുമ, കഫക്കെട്ട് എന്നിവയ്ക്കും നല്ലതാണ്. ഇലയില്‍ നാരുകള്‍ കൂടുതലുളളതിനാല്‍ മലബന്ധം പോലുളള പ്രശ്നങ്ങള്‍ക്കും ഗുണം ചെയ്യും. പോഷകങ്ങളാല്‍ സമൃദ്ധമായ അഗത്തിച്ചീര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നേത്രരോഗങ്ങള്‍ക്കും പരിഹാരമാകും.

sameeksha-malabarinews

എങ്ങിനെ കൃഷിയിറക്കാം :

നമ്മുടെ പുരയിടങ്ങളില്‍ നട്ടുപിടിപ്പിച്ചു വന്നിരുന്ന അഗത്തിച്ചീര വിത്തിലൂടെയും കമ്പുകള്‍ മുറിച്ചു നട്ടുമാണ് വളര്‍ത്തിയെടുക്കുന്നത്. വിത്ത് തവാരണകളില്‍ പാകി മുളപ്പിച്ചെടുത്തും കമ്പുകള്‍ക്ക് വേരുപിടിപ്പിച്ചും തൈകള്‍ തയ്യാറാക്കാം. നന്നായി പൊടിയാക്കിയ മണ്ണില്‍ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും മണലും സമാസമം ചേര്‍ത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. അഞ്ചുദിവസം കൊണ്ട് വിത്തുകള്‍ മുളയ്ക്കും. കൂടാതെ കമ്പുമുറിച്ചുനട്ട് വേരുപിടിപ്പിച്ച് മാറ്റിനടാം. നന്നായി വേരു പിടിച്ചതിനുശേഷമേ മാറ്റിനടാവൂ. മുളച്ച് ഒന്നരമാസം പ്രായമെത്തിയാലോ നാലഞ്ചു ജോഡി ഇലകള്‍ വന്നാലോ പറിച്ച് മാറ്റിനടാവുന്നതാണ്. അതിരുകളില്‍ പൊക്കത്തില്‍ ജൈവവേലിപോലെ പുരയിടങ്ങളില്‍ നട്ടുവളര്‍ത്താം. തടങ്ങളില്‍ ഒന്നര മീറ്റര്‍ ഇടവിട്ട് നട്ട് കൃഷിചെയ്യാം

വളം ചേര്‍ക്കല്‍ :

കൃഷി ചെയ്യുമ്പോള്‍ മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം നന്നായി അടിവളം ചേര്‍ത്ത മണ്ണിലേക്ക് പറിച്ചുനട്ട് വളര്‍ത്തിയെടുക്കാം. പറിച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന് ഉറപ്പാക്കിയിരിക്കണം. പതിനഞ്ചുദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം. ചെടിയുടെ ചുവട്ടില്‍വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടിമൊത്തം ചീഞ്ഞുപോവും. വേനല്‍ക്കാലത്ത് ആഴ്ചയിലൊരിക്കല്‍ നനച്ചു കൊടുക്കാം. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്‍ മുരട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കണം.
രോഗങ്ങളും കീടങ്ങളും:
നല്ല പ്രതിരോധശേഷിയുള്ള ചെടിയാണ് അഗത്തിച്ചീര . എന്നാലും ചിലപ്പോള്‍ ചിലചെടികള്‍ക്ക് ഇളംപ്രായത്തില്‍ രോഗങ്ങള്‍ വരാറുണ്ട്. ചിലതിനെ കീടങ്ങള്‍ ആക്രമിക്കാറുമുണ്ട്. അവയെ സംരക്ഷിക്കാന്‍ സാധാരണ പച്ചക്കറികള്‍ക്ക് ഉപയോഗിക്കുന്ന ജൈവകീടനാശിനികള്‍ തന്നെ ഉപയോഗിക്കാം.

എന്തെല്ലാം പാകം ചെയ്യാം :

അഗത്തിച്ചീരയുടെ ഇലകളും പൂക്കളും വിത്തറകളും പയര്‍മണികളുമെല്ലാം പാചകത്തിനായി ഉപയോഗിക്കാം. ദാഹശമനിയായും ഗ്രീന്‍ ടീ ആയുമെല്ലാം ഇതിന്റെ ഇല ഉപയോഗിച്ചുവരുന്നു. വിത്തറ ഉപയോഗിച്ച് തോരനും മെഴുക്കുപുരട്ടിയുമെല്ലാം ഉണ്ടാക്കാം. പൂവ് കൊണ്ടും തോരനുണ്ടാക്കാം. ജൈവവേലിയായും അടുക്കളത്തോട്ടത്തിലും വീട്ടുമുറ്റത്തുമൊക്കെ അഗത്തിച്ചീര കൃഷിചെയ്യാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!