സംവിധായകനും നടനുമായ മേജര്‍ രവി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ശസ്ത്രക്രിയ നടത്തിയത്. മേജര്‍ രവി തന്നെയാണ് ശസ്ത്രക്രിയ കഴിഞ്ഞ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി, കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ആണ് ഇപ്പോള്‍. എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് അദ്ദേഹത്തിന് സുഖ പ്രാപ്തി നേര്‍ന്നത്. എഴു ദിവസം കൂടി അദ്ദേഹത്തിന് ആശുപത്രിയില്‍ കഴിയേണ്ടിവരും.
സൈനിക സേവനത്തിനു ശേഷം 1990 അവസാനത്തോടെയാണ് മേജര്‍ രവി സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. പ്രിയദര്‍ശന്‍, മണിരത്‌നം, കമല്‍ ഹാസന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച മേഘം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ രവി ഇരുപതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു.
പുനര്‍ജനി ആണ് മേജര്‍ രവി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 2006 പുറത്തിറങ്ങിയ കീര്‍ത്തിചക്രയിലൂടെ അദ്ദേഹത്തിലെ സംവിധായകന്‍ ശ്രദ്ധനേടിയ ഈ ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. അതിനുശേഷംമിഷന്‍ 90 ഡേയ്‌സ് കുരുക്ഷേത്ര കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മേഘം, ശ്രദ്ധ, പട്ടാളം, ഡ്രൈവിംഗ് ലൈസന്‍സ്, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.




