പരപ്പനങ്ങാടി; നിര്‍മ്മാണം പൂര്‍ത്തിയായി വര്‍ഷങ്ങളായിട്ടും ഗതാഗതയോഗ്യമല്ലാതിരുന്ന തീരദേശപാതയിലെ പരപ്പനങ്ങാടി താനൂര്‍ നഗരസഭകളെ ബന്ധിപ്പിക്കുന്ന
കെട്ടുങ്ങല്‍ പാലത്തിന് ശാപമോക്ഷമാകുന്നു.
പാലത്തിന് ഇരുവശത്തുമുള്ള അപ്രോച്ച് റോഡിന്റെ ടാറിങ്ങ് അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. പാലത്തിനിരുഭാഗത്തുമുള്ള റോഡുകളുടെ വൈഡനിങ്ങ് പൂര്‍ത്തിയാക്കി ഡ്രൈനേജുകളുടെ നിര്‍മ്മാണവും നടന്നുവരികയാണ്.
നബാര്‍ഡിന്റെ വായ്പ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ടത്തില്‍ ഈ പാലം നിര്‍മ്മാണം ആരംഭിച്ചത്. ഇവരുമായുള്ള കരാര്‍ പ്രകാരം പ്രാദേശിക ഭരണകൂടങ്ങളാണ് അപ്രോച്ച് റോഡിനുള്ള സ്ഥലം അക്വയര്‍ ചെയ്ത നല്‍കേണ്ടത്. പരപ്പനങ്ങാടി ഭാഗത്ത് അത് നടപ്പിലാക്കിയെങ്ങിലും താനൂരില്‍ ഭൂമി അക്വയര്‍ ചെയ്ത് നല്‍കാന്‍ നഗരസഭക്കായില്ല. ഭൂവുടമ നല്‍കിയ കേസും അക്വസിഷന് തടസ്സമായി. പിന്നീട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ പാലത്തിന്റെ പദ്ധതി തീരദേശ റോഡിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു. ഇതോടെ ഭൂമി ഏറ്റെടുക്കാനുള്ള തടസ്സങ്ങള്‍ നീക്കാന്‍ താനൂര്‍ എംഎല്‍എ കൂടിയായ മന്ത്രി വി. അബ്ദുറഹ്‌മാന്‍ നേരിട്ടിടപെടുകയായിരുന്നു.
അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാകുന്നതിന് പുറകെ പാലത്തില്‍ നിന്നും താനൂര്‍ ഭാഗത്തേക്കുള്ള തീരദേശ റോഡിന്റെ റീച്ചും പൂര്‍ത്തിയാക്കും.
ഈ വര്‍ഷം തന്നെ പാലം ഗതാഗത്തിന് തുറന്ന് നല്‍കാനാകുമെന്നാണ് കരുതുന്നത്.




