കേരളീയം 2023 നവംബര്‍ 1 മുതല്‍

കേരളപ്പിറവി ദിനമായ നവംബര്‍ 1 മുതല്‍ ഒരാഴ്ചക്കാലയളവില്‍ കേരളീയം 2023 പരിപാടി സംഘടിപ്പിക്കും. കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെയും വിവിധ മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയും കുറിച്ചുള്ള സംവാദങ്ങള്‍, കേരളത്തിന്റെ തനത് വിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കാര്‍ഷികവ്യവസായ പുരോഗതിയെയും നൂതന സാങ്കേതികവിദ്യാ രംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദര്‍ശനങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം 2023 ന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടകസമിതി രൂപീകരിക്കും. ഇതില്‍ മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, നിയമസഭാ സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദന്‍, എ.കെ. ആന്റണി എന്നിവരും തിരുവനന്തപുരം ജില്ലയിലെ എം.എല്‍.എമാരും എം.പിമാരും മറ്റ് ജനപ്രതിനിധികളും കലാസാംസ്‌കാരികരംഗത്തെ പ്രമുഖരും ഉള്‍പ്പെടും. ഇരുപതോളം കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് കേരളീയം 2023 സംഘടിപ്പിക്കുന്നത്. സംഘാടകസമിതിയുടെ യോഗം ആഗസ്റ്റ് 14ന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ചേരാനാണ് ഉദ്ദേശിക്കുന്നത്.

കേരളീയം 2023ന്റെ ഭാഗമായി ലോകപ്രശസ്തരും വിദഗ്ദ്ധരുമായവരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ മേഖലകളെക്കുറിച്ച് സംവാദങ്ങള്‍ നടത്തും. ലോകശ്രദ്ധ ആകര്‍ഷിക്കുംവിധം കേരളം കൈവരിച്ച പുരോഗതിയും നിലവില്‍ സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളും നവകേരള സൃഷ്ടിക്കായി നടത്തുന്ന ശ്രമങ്ങളും സംവാദങ്ങളില്‍ വിശകലനത്തിന് വിധേയമാക്കും. കാര്‍ഷിക രംഗം, ഫിഷറീസ്, ക്ഷീര മേഖല, ഭൂപരിഷ്‌കരണം, സഹകരണരംഗം, വ്യവസായം, വിവര സാങ്കേതികവിദ്യ, ടൂറിസം, തൊഴില്‍, കുടിയേറ്റം, പട്ടികജാതിപട്ടികവര്‍ഗ മേഖല, ഉന്നത പൊതുവിദ്യാഭ്യാസ മേഖലകള്‍, പൊതുജനാരോഗ്യം, ജനസൗഹൃദ പൊതുസേവനം, അധികാരവികേന്ദ്രീകരണവും പ്രാദേശിക സര്‍ക്കാരുകളും, കേരളത്തിന്റെ സമ്പദ്ഘടന എന്നിവയെക്കുറിച്ച് വിദഗ്ധരെ ഉള്‍പ്പെടുത്തി സെമിനാറുകള്‍ സംഘടിപ്പിക്കും. ഇതില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് കേരളീയം 2023ന്റെ ഭാഗമായി നവകേരളത്തിനായുള്ള പരിപ്രേക്ഷ്യം അവതരിപ്പിക്കും.

കേരളത്തിലെ വിവിധ കലാരൂപങ്ങളുടെ അവതരണവും, പൊതുജനങ്ങള്‍ക്ക് ആസ്വദിക്കാനും സാംസ്‌കാരിക പൈതൃകത്തെ കുറിച്ച് മനസ്സിലാക്കാനുമായി കലാ പ്രദര്‍ശനവും ഉണ്ടാവും. തിരുവനന്തപുരം നഗരത്തില്‍ ഉത്സവ പ്രതീതിയുണര്‍ത്തും വിധം കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ മികച്ച ദീപാലങ്കാരം ഒരുക്കും. പുസ്തകോത്സവം, ചലച്ചിത്രോത്സവം, പുഷ്പ മേള എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top