കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കും: മുഖ്യമന്ത്രി, നോ ടു ഡ്രഗ്‌സ് ലഹരിവിരുദ്ധ ക്യാമ്പയിനു തുടക്കമായി

കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിക്കുന്ന ‘നോ ടു ഡ്രഗ്‌സ്’ ലഹരി വിരുദ്ധ ക്യാംപെയിനില്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനംചെയ്തു. ‘നോ ടു ഡ്രഗ്‌സ്’ ക്യാംപെയിനിന്റെ സംസ്ഥാന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈനായാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.

കേരളത്തിന്റെ മുഖ്യമന്ത്രിയെന്നതിനെക്കാള്‍ കുഞ്ഞുങ്ങളോട് അവരുടെ ഒരു മുത്തച്ഛന്‍ എന്ന നിലയിലും അവരുടെ രക്ഷകര്‍ത്താക്കളോട് മുതിര്‍ന്ന ഒരു സഹോദരനെന്ന നിലയിലുമാണു സംസാരിക്കുന്നതെന്ന ആമുഖത്തോടെയാണു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. സ്‌നേഹനിര്‍ഭരവും ആരോഗ്യമുള്ളതുമായ തലമുറയെ കാണണമെന്ന മുതിര്‍ന്നവരുടെ ആഗ്രഹത്തെ തകര്‍ത്തുകളയുന്ന വിപത്താണു മയക്കുമരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനാകുന്നില്ലെങ്കില്‍ വരും തലമുറകളാകെ എന്നേക്കുമായി തകരും. സര്‍വനാശം ഒഴിവാക്കാന്‍ ഒരു നിമിഷം പോലും വൈകാതെ ജാഗ്രതയോടെ ഇടപെടണം.

മയക്കുമരുന്ന് വ്യക്തിയേയും കുടുംബത്തേയും കുടുംബ, സാമൂഹ്യ ബന്ധങ്ങളേയും അതുവഴി നാടിനെയും തകര്‍ക്കുന്നു. അതു മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. മനുഷ്യനു സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത ഹീനമായ കുറ്റകൃത്യങ്ങള്‍ ഇതിന്റെ ഫലമായി സമൂഹത്തില്‍ നടക്കുന്നു. ബോധാവസ്ഥയില്‍ ഒരാളും ചെയ്യാത്ത അതിക്രൂര അധമകൃത്യങ്ങള്‍ മയക്കുമരുന്നുണ്ടാക്കുന്ന മനോവിഭ്രാന്തിയില്‍ അവര്‍ ചെയ്യുന്നു. സ്വയം ഭാരമാവുന്ന, കുടുംബത്തിനും സമൂഹത്തിനും ഭാരമാവുന്ന, എല്ലാവരാലും വെറുക്കപ്പെടുന്ന, സ്വയം നശീകരിക്കാന്‍ വ്യഗ്രതകാട്ടുന്ന മനോവിഭ്രാന്തിയുടെ അവസ്ഥയിലേക്കാണു മയക്കുമരുന്നു നയിക്കുന്നത്. നാശം വിതയ്ക്കുന്ന ഈ മഹാവിപത്തിന് ഒരാളെപ്പോലും ഇനി വിട്ടുകൊടുക്കാനാവില്ല. പെട്ടുപോയവരെ എന്തു വിലകൊടുത്തും ഏതുവിധേനയും മോചിപ്പിച്ചെടുക്കുകയും വേണം. നാടിനെ, സമൂഹത്തെ രക്ഷിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ല. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ‘നോ റ്റു ഡ്രഗ്‌സ്’ എന്ന അതിവിപുലമായ ജനകീയ ക്യാമ്പയിന്‍ സര്‍ക്കാര്‍ ആരംഭിക്കുന്നത്.

കുഞ്ഞുങ്ങളെയും യുവാക്കളെയും മയക്കുമരുന്നിനു വിട്ടുകൊടുക്കാതിരിക്കുക എന്നതാണ് ഈ പ്രചാരണ പരിപാടിയുടെ മുഖ്യ ലക്ഷ്യം. മയക്കുമരുന്ന് എത്തിക്കുന്നവര്‍ കുട്ടികളെയാണു പ്രധാന ലക്ഷ്യമാക്കുന്നത്. ആദ്യം ഒരു കുട്ടിയെ പിടിക്കുക, പിന്നീട് ആ കുട്ടിയിലൂടെ കുട്ടികളിലേക്കാകെ കടന്നു ചെല്ലുക. അവരെ മയക്കുമരുന്നിന്റെ കാരിയര്‍മാരാക്കുക. ഈ തന്ത്രമാണവര്‍ ഉപയോഗിക്കുന്നത്. കുഞ്ഞുങ്ങള്‍ ഈ സ്വാധീനവലയത്തില്‍പ്പെടാതെ നോക്കാന്‍ കഴിയണം. കുഞ്ഞുങ്ങളിലേക്ക് ഇവര്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി രൂപം നല്‍കിയ ലഹരിവര്‍ജ്ജന മിഷനായ വിമുക്തിയുടെയടക്കം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരുമ്പോള്‍ത്തന്നെയാണ് ഈ ക്യാമ്പയിന്‍. ഒന്നു നിര്‍ത്തി മറ്റൊന്നു തുടങ്ങുകയല്ല. എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണു ചെയ്യുന്നത്.

ജനമൈത്രി, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്‌സ്, ഗ്രീന്‍ കാമ്പസ് ഡ്രീം കാമ്പസ് എന്നിവ വഴി പോലീസിന്റെ നേതൃത്വത്തില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി നേര്‍വഴിയിലേക്ക് കൊണ്ടുവരുന്നതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ‘യോദ്ധ’ എന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നുണ്ട്. നിലവിലുള്ള പദ്ധതികള്‍ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെ പുതിയ ക്യാമ്പയിന്‍ മുമ്പോട്ടു കൊണ്ടുപോവുകയും കേരളത്തെ മയക്കുമരുന്നുമുക്ത സംസ്ഥാനമാക്കി മാറ്റുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതു നമുക്ക് വിജയിപ്പിച്ചേ തീരൂ. അസാധ്യമെന്നു പലരും കരുതുന്നുണ്ടാവും. എന്നാല്‍ നമ്മള്‍ ഇതു സാധ്യമാക്കുക തന്നെ ചെയ്യും.

മയക്കുമരുന്ന് ഉപയോഗത്തിനെതിരേ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുകളിലും കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഓരോ വാര്‍ഡിലെയും സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, അംഗന്‍വാടി, ആശാപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണു കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ 19,391 വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ഡി-അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാലയങ്ങളില്‍ പി.ടി.എ. സഹകരണത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു വരികയാണ്. വിദ്യാര്‍ഥികളെ ലഹരി ഉപയോഗിക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നതിനായി സ്‌കൂളുകളില്‍ ‘ഉണര്‍വ്’ എന്ന പേരിലും കോളേജ് ക്യാമ്പസുകളില്‍ ‘നേര്‍ക്കൂട്ടം’ എന്ന പേരിലും കോളേജ് ഹോസ്റ്റലുകളില്‍ ‘ശ്രദ്ധ’ എന്ന പേരിലും കൂട്ടായ്മകള്‍ രൂപീകരിച്ചിട്ടുണ്ട്.

വിദ്യാലയങ്ങളോടു ചേര്‍ന്നുള്ള ചില കടകളിലാണു മയക്കുമരുന്നു വിപണനം നടന്നിരുന്നത്. ഇതു പുറത്തു വന്നതോടെ, കടകളെ ഒഴിവാക്കി കുട്ടികളെത്തന്നെ കാരിയറാക്കുന്ന നിലയുമുണ്ട്. അദ്ധ്യാപക രക്ഷാകര്‍തൃ സംഘടനകളുടെ, തദ്ദേശഭരണ സമിതികളുടെ, വിദ്യാര്‍ത്ഥി സംഘടനകളുടെ ഒക്കെ നിരീക്ഷണം ഈ രംഗങ്ങളില്‍ കാര്യമായി ഉണ്ടാവണം. മയക്കുമരുന്നിനു പിന്നിലുള്ള അന്താരാഷ്ട്ര മാഫിയകള്‍ക്കു നമ്മുടെ സംസ്ഥാനത്തു കാലുകുത്താന്‍ ഇടമുണ്ടാവരുത്. അതുറപ്പാക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇവ രണ്ടും ചേരുന്നതാണ് ‘നോ റ്റു ഡ്രഗ്‌സ്’ എന്ന നമ്മുടെ ക്യാമ്പയിന്‍. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള സമിതികള്‍ പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശസ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി സഹാദ്ധ്യക്ഷനുമായാണ് മറ്റു മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുള്ളത്. ഈ സമിതി ഇതിനു മേല്‍നോട്ടം വഹിക്കും.

ക്യാംപെയിനിന്റെ ഭാഗമായി നവംബര്‍ ഒന്നുവരെ തീവ്രമായ പ്രചരണ പരിപാടികള്‍ നടക്കും. ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലായിടങ്ങളിലും, എല്ലാ മനസുകളിലും ‘നോ ടു ഡ്രഗ്‌സ്’ എന്ന സന്ദേശമെത്തണം. യുവാക്കള്‍, വിദ്യാര്‍ഥികള്‍, മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മതസാമുദായിക സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഈ ക്യാമ്പയിനിലുണ്ടാവണം. സിനിമ, സീരിയല്‍, സ്‌പോര്‍ട്‌സ് മേഖലയിലെ പ്രമുഖരുടെ പിന്തുണയും ഉണ്ടാവും. നവംബര്‍ ഒന്നിനു സംസ്ഥാനതലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടെ പരമാവധിപ്പേരെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കണം.

പ്രതീകാത്മകമായി ലഹരിവസ്തുക്കള്‍ കത്തിക്കുകയും ബസ് സ്റ്റാന്‍ഡ്, റെയിവേ സ്റ്റേഷന്‍, ലൈബ്രറി, ക്ലബ്ബുകള്‍, എന്നിവിടങ്ങളില്‍ ജനജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. ലഹരിക്കെതിരായ ഹ്രസ്വ സിനിമകളുടേയും വീഡിയോകളുടേയും സഹായത്തോടെ ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ ക്ലാസും ലഹരി വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും ക്യാമ്പയിന്റെ ഭാഗമായി ഉണ്ടാകും. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ റോള്‍പ്ലേ, സ്‌കിറ്റ്, കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റര്‍ രചന, തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കണം. എന്‍ സി സി, എസ് പി സി, എന്‍ എസ് എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജെ ആര്‍ സി, വിമുക്തി ക്ലബ്ബുകള്‍ മുതലായ സംവിധാനങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ടാകും ക്യാമ്പയിന്‍.

കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട ‘കരുതല്‍’ എന്ന പുസ്തകവും വിദ്യാലയങ്ങള്‍ ലഹരിമുക്തമാക്കുന്നതിന് ‘കവചം’ എന്ന പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. ഈ പുസ്തകങ്ങളെ അധികരിച്ചുള്ള ചര്‍ച്ച എല്ലാമാസവും വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കും. ശ്രദ്ധ, നേര്‍ക്കൂട്ടം എന്നിവയുടെ പ്രവര്‍ത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍, സാമൂഹ്യാഘാതങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പരിശീലനവും ആരംഭിക്കും. വിമുക്തി മിഷനും എസ് സി ഇ ആര്‍ ടിയും ചേര്‍ന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകള്‍ മാത്രമേ പരിശീലനത്തിനായി ഉപയോഗിക്കുകയുള്ളൂ. വ്യാപാര സ്ഥാപനങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്നില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ബന്ധപ്പെടേണ്ട പോലീസ് – എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ ബോര്‍ഡില്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം പ്രദര്‍ശിപ്പിക്കുന്നതിനു പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. മന്ത്രിമാര്‍, എം.പി. എം.എല്‍.എ തുടങ്ങിയ ജനപ്രതിനിധികള്‍, സംഘടനകള്‍ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top