തിരുവനന്തപുരം:കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2025-26 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങള്‍ക്കാണ് കമ്മീഷന്‍ അവാര്‍ഡ് നല്‍കുന്നത്. കല/സാംസ്‌കാരികം, കായികം, സാഹിത്യം, കാര്‍ഷികം/മൃഗസംരക്ഷണം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ മേഖലകളില്‍ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാല്‍ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് കമ്മീഷന്‍ നിയോഗിച്ച ജൂറി അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
സ്ത്രീ കേന്ദ്രീകൃത നായിക കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ട ഒരുകാലത്തെ ആഴത്തില്‍ അടയാളപ്പെടുത്തിയ യുവചലച്ചിത നടി കല്യാണി പ്രിയദര്‍ശനാണ് കല/സാംസ്‌കാരിക മേഖലയില്‍നിന്ന് പുരസ്‌കാരം. മലയാള സിനിമയുടെ മാറിയ സ്ത്രീപക്ഷ ഭാവുകത്വത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് കല്യാണി പ്രിയദര്‍ശന്‍ വഹിച്ചത്.
ക്രാഫ്റ്റിലെ മൗലികതയിലൂടെയും കഥാവിഷ്‌കാരത്തിലെ വൈവിധ്യങ്ങളിലൂടെയും പാന്‍ഇന്ത്യന്‍ അനുഭവങ്ങളുടെ ആവിഷ്‌കാരങ്ങളിലൂടെയും മലയാളത്തിന്റെ പുതുകാല വായനയ്ക്ക് ദിശാബോധം നല്‍കിയ എഴുത്തുകാരന്‍ അമല്‍ പിരപ്പന്‍കോടിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കണ്‍ പുരസ്‌കാരം. കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം, ബഷീര്‍ യുവപ്രതിഭാ പുരസ്‌കാരം, തകഴി കഥാപുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
കേരളത്തിലെ മനുഷ്യാവകാശ സാമൂഹിക പ്രശ്നങ്ങളെയും സ്ത്രീ ജീവിതത്തിന്റെ അറിയപ്പെടാത്ത ഇടങ്ങളെയും മുഖ്യധാരാ സംവാദ മണ്ഡലത്തിലേക്ക് എത്തിക്കുകയും അക്കാഡമിക അന്വേഷണ മികവോടെയും പത്രപ്രവര്‍ത്തനത്തിന്റെ ദിശാബോധത്തോടെയും ആവിഷ്‌കരിക്കയും ചെയ്ത മാധ്യമപ്രവര്‍ത്തക നിലീന അത്തോളിക്കാണ് മാധ്യമ മേഖലയില്‍ നിന്നും പുരസ്‌കാരം. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ നിലീന അത്തോളി മാതൃഭൂമി ഡിജിറ്റല്‍ സീനിയര്‍ സബ് എഡിറ്ററാണ്.
ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യയുടെ അഭിമാന താരം പി. മുഹമ്മദ് അഫ്‌സലാണ് കായികരംഗത്തു നിന്ന് അവാര്‍ഡിനര്‍ഹയായത്. പോളണ്ടിലെ പോസ്നാനില്‍ നടന്ന അന്താരാഷ്ട്ര മീറ്റില്‍ 800 മീറ്റര്‍ ദൂരത്തില്‍ 1:44.93 സെക്കന്‍ഡിലാണ് അഫ്സല്‍ ഫിനിഷ് ചെയ്തത്. 1:45ന് താഴെ സമയത്തില്‍ 800മീറ്റര്‍ ഓടിത്തീര്‍ക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് മുഹമ്മദ് അഫ്‌സല്‍. തന്റെ പേരിലുള്ള ദേശീയ റെക്കോഡ് തിരുത്താനും അഫ്സലിന് സാധിച്ചു. ലോക സ്‌കൂള്‍ മീറ്റും ഏഷ്യന്‍ സ്‌കൂള്‍ മീറ്റും ഉള്‍പ്പെടെ ഒട്ടേറെ രാജ്യാന്തര, ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലും സ്വര്‍ണം നേടിയിട്ടുണ്ട്.
എക്‌സ്‌പെരിമെന്റല്‍ ഫാമിങ് വിജയകരമായി നടപ്പിലാക്കിയ യുവകര്‍ഷകനായ കൊല്ലം സ്വദേശി ആര്‍. വിഷ്ണുരാജാണ് കാര്‍ഷികരംഗത്തു നിന്ന് അവാര്‍ഡിനര്‍ഹനായത്. കൃഷിയെ വ്യക്തിഗത പ്രവര്‍ത്തനം എന്നതില്‍ നിന്ന് സാമൂഹിക മുന്നേറ്റമാക്കി മാറ്റിയത് ഉള്‍പ്പെടെ പുരോഗമനപരമായ കാര്‍ഷിക പരീക്ഷണങ്ങള്‍ നടപ്പിലാക്കി. കാര്‍ഷിക വിജ്ഞാനത്തിന്റെ സാമൂഹികവല്‍ക്കരണം സാധ്യമാക്കുക വഴി കാര്‍ഷിക മേഖലയിലേക്ക് നിരവധി ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ ആര്‍. വിഷ്ണുരാജിന് കഴിഞ്ഞു.
സാങ്കേതിക വിദ്യയുടെ ആഗോളസാധ്യതകളെ കേരളത്തിന്റെ മണ്ണില്‍ ആവിഷ്‌കരിച്ച് വിജയകരമായി നടപ്പിലാക്കിയ നവസംരംഭകന്‍ വിമല്‍ ഗോവിന്ദ് വ്യവസായം/സംരഭകത്വ വിഭാഗത്തില്‍ അവാര്‍ഡിനര്‍ഹനായി. മനുഷ്യജീവന്‍ സംരക്ഷിക്കുന്നതിന് അര്‍ഹമായ രീതിയില്‍ മാന്‍ഹോണ്‍ റോബോട്ടുകളെ കണ്ടെത്തി വ്യവസായിക അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ജെന്‍ റോബോട്ടിക്‌സ് കമ്പനിയുടെ സി.ഇ.ഒ. ആണ് വിമല്‍ ഗോവിന്ദ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





