സൈഡ് വീൽ സ്‌കൂട്ടറും ഇലക്ട്രോണിക് വീൽ ചെയറും നൽകുന്നതിന് 23.85 കോടി രൂപ അനുവദിച്ചു

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മുഖേന ഭിന്നശേഷിക്കാരുടെ സഞ്ചാര  സ്വാതന്ത്ര്യവും ആശയവിനിമയ സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ‘ശുഭയാത്ര’ പദ്ധതിയിലേക്ക് 23.85 കോടി രൂപ അധിക ധനാനുമതിയിലൂടെ അനുവദിച്ചു. ഇത് കോർപറേഷന്റെ ആകെ ബജറ്റ് തുകയേക്കാൾ കൂടിയ തുകയാണ്. നിലവിൽ പദ്ധതി നടപ്പിലാക്കുന്നതിന് അനുവദിച്ച 2.55 കോടി കൂടാതെ ശുഭയാത്ര പദ്ധതി വഴി സൈഡ് വീൽ സ്‌കൂട്ടർ/ഇലക്ട്രോണിക് വീൽ ചെയർ ഉൾപ്പെടെയുള്ള സഹായ ഉപകരണങ്ങൾ നൽകുന്നതിനായിട്ടാണ് പുതുതായി 23.85 കോടി രൂപ കൂടി അനുവദിച്ചത്. ഇതോടെ ഈ പദ്ധതിക്കുള്ള ആകെ അനുമതി 26.4 കോടി രൂപയാകും.

സൈഡ് വീൽ സ്‌കൂട്ടറിനായി ലഭിച്ചിട്ടുള്ള 1800 ഓളം അപേക്ഷകളും ഇലക്ട്രോണിക് വീൽ ചെയറിനായി ലഭിച്ചിട്ടുള്ള 200 ഓളം അപേക്ഷകളും തീർപ്പാക്കുന്നതിനും സ്മാർട്ട്‌ഫോൺ ഉൾപ്പെടെയുള്ള മറ്റ് സഹായ ഉപകരണങ്ങളുടെ വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമായാണ് അധിക ധനാനുമതി നൽകിയിരിക്കുന്നത്. കേരളത്തിലെ ചലന പരിമിതി നേരിടുന്ന അർഹരായ മുഴുവൻ പേർക്കും മുച്ചക്ര വാഹനമോ ഇലക്ട്രോണിക് വീൽ ചെയറുകളോ ലഭ്യമാക്കും എന്നത് സർക്കാരിന്റെ പ്രഖ്യാപിത നിലപാട് ആയിരുന്നു. വലിയൊരു വിഭാഗം ഭിന്ന ശേഷിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യവും സാമൂഹിക ഉൾചേരലും ഉറപ്പു വരുത്തുന്ന സുപ്രധാന തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. ഭിന്നശേഷി സൗഹൃദ കേരളത്തിലേക്കുള്ള പ്രധാന ചുവടു വെപ്പാണിത്. ഇതിൻ പ്രകാരം അപേക്ഷ സമർപ്പിച്ചവരുടെ ഗുണഭോക്ത തെരഞ്ഞെടുപ്പു പൂർത്തിയായി വരുന്നു. ഈ മാസം തന്നെ വിതരണം പൂർത്തിയാക്കുന്നതിനാണ് കോർപറേഷൻ ശ്രമിക്കുന്നത്.

Share news
error: Content is protected !!
Scroll to Top