കോട്ടയം : സിപിഐയുടെ ജനകീയമുഖം കാനം രാജേന്ദ്രന്റെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്നു കോട്ടയം ജില്ലാ അതിര്‍ത്തിയായ ചങ്ങനാശേരി എത്തിയപ്പോഴേക്കും പാതിരാവായി. മുദ്രാവാക്യം വിളികളോടെ പ്രിയനേതാവിനു വിടചൊല്ലാന്‍ വഴിനീളെ പ്രവര്‍ത്തകര്‍ കാത്തുനിന്നിരുന്നു. പാതയോരങ്ങളിലും കവലകളിലും കാത്തുനിന്നവര്‍ കണ്ണീരോടെ അന്ത്യാഭിവാദ്യം ചെയ്തു.
ഉച്ചയ്ക്കു രണ്ടേകാലോടെയാണ് പട്ടം ജംക്ഷനിലെ പിഎസ് സ്മാരകത്തില്‍നിന്നു കാനം അന്ത്യയാത്രയ്ക്കിറങ്ങിയത് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ തുടങ്ങിയ വിലാപയാത്രയില്‍ ആദ്യ പൊതുദര്‍ശനം തിരുവനന്തപുരം മണ്ണന്തലയിലായിരുന്നു.
മൃതദേഹം വഹിച്ച വാഹനത്തില്‍ ദേശീയ – സംസ്ഥാന നേതാക്കള്‍ ഒപ്പം ഉണ്ടായിരുന്നു. സിപിഐയുടെ മന്ത്രിമാരും അനുഗമിച്ചു. ജില്ലാ സെക്രട്ടറി വി.ബി.ബിനു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.കെ.ശശിധരന്‍ എന്നിവരടക്കം ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ ഇന്നലെ രാവിലെ തിരുവനന്തപുരത്തെത്തിയിരുന്നു. പാര്‍ട്ടി ജില്ലാ ഓഫിസ് അങ്കണത്തില്‍ പ്രവര്‍ത്തകര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്താനായി ഇവിടെ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും കോട്ടയത്തേക്ക് തിരികെയെത്തി.
രണ്ടു തവണ ജില്ലാ സെക്രട്ടറിയായി പാര്‍ട്ടിയെ നയിച്ച ഓഫിസിലേക്ക് അവസാനമായി കാനം എത്തുമ്പോള്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കോട്ടയം കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കാനത്തിന്റെ മരണവിവരം അറിഞ്ഞ നിമിഷം മുതല്‍ പാര്‍ട്ടി ഓഫിസില്‍ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരുന്നു. ഇന്നലെ രാവിലെ എത്തിയവര്‍ രാത്രി വരെ കാത്തിരുന്ന് അന്തിമോപചാരം അര്‍പ്പിച്ചാണ് മടങ്ങിയത്.
കാനത്തിന്റെ വിലാപയാത്ര പ്രവര്‍ത്തകരുടെ ഇടയിലൂടെ ജില്ലാ അതിര്‍ത്തിയില്‍ നിന്ന് ആരംഭിച്ചു. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ, ബിനോയ് വിശ്വം എംപി, മുന്‍ മന്ത്രിമാരായ കെ.ടി. ജലീല്‍, വി.എസ്. സുനില്‍ കുമാര്‍, കെ.ഇ. ഇസ്മായില്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചങ്ങനാശേരിയിലും കോട്ടയത്തുമായി അന്തിമോപചാരം അര്‍പ്പിച്ചു.
ജന്മനാടായ വാഴൂരിലേക്ക് ഭൗതികശരീരം നീങ്ങവേ തേങ്ങുന്ന മനസ്സുമായി കോട്ടയം നിന്നു. തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. പുലര്‍ച്ചെ ഒരു മണിയോടെ കോട്ടയം പാര്‍ട്ടി ഓഫിസിലെത്തിച്ച ഭൗതികശരീരം രണ്ടുമണിയോടെ കാനത്തെ വീട്ടിലേക്ക്കൊണ്ടുപോകുമ്പോഴും വലിയ ജനാവലി യാത്രാമൊഴി ചൊല്ലാനുണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




