Section

malabari-logo-mobile

സംസ്ഥാനത്ത് മഴ ശക്തം; പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികളും കൊല്ലത...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികളും കൊല്ലത്ത് തോട്ടില്‍ ഒഴുക്കില്‍ പെട്ട് ഒരാളും മരിച്ചു. വിവിധ ഇടങ്ങളില്‍ കെട്ടിടം തകര്‍ന്നും, മരം കടപുഴകി വീണും അപകടങ്ങള്‍ സംഭവിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും നദികളില്‍ ജലനിരപ്പുയരുകയാണ്.

കോഴിക്കോട് വടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു. കൈനാട്ടിയില്‍ ദേശീയപാതയ്ക്ക് അരികിലാണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കില്ല. കെട്ടിടത്തില്‍ ആറ് കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കെട്ടിടത്തിന്റെ തകര്‍ന്ന ഭാഗം തൊട്ടടുത്തുള്ള ഹോട്ടലിന്റെ അടുക്കള ഭാഗത്തേക്കാണ് വീണത്. ഹോട്ടലിന്റെ അടുക്കളയില്‍ ജീവനക്കാര്‍ ഇല്ലാത്തതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗവും അപകട ഭീഷണിയിലാണ്. മാവൂര്‍, പാവമണി റോഡുകളില്‍ വെള്ളം കയറിയതോടെ നഗരത്തിലൂടെയുള്ള യാത്ര ദുഷ്‌ക്കരമായി. മാവൂരിലും ചാത്തമംഗലത്തും വ്യാപക മണ്ണിടിച്ചിലുണ്ടായി. ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്.

sameeksha-malabarinews

വയനാട്ടില്‍ വീടിന് മുകളില്‍ തെങ്ങ് കട പുഴകി വീണ് വീട്ടമ്മയ്ക്ക് പരിക്ക്. നടവയല്‍ പുഞ്ചക്കുന്ന് സ്വദേശി ഷനലേഷിന്റെ ഭാര്യ സീതയ്ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.പരിക്ക് ഗുരുതരമല്ല.ഉച്ചയോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് തെങ്ങ് കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നത്. അതേസമയം വയനാട്ടില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് അപകട സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.ശക്തമായ മഴ ഇല്ലാത്തതിനാല്‍ വയനാട്ടില്‍ ഉടന്‍ ക്യാമ്പുകള്‍ തുടങ്ങില്ല.എല്ലാ തദ്ദേശ, വില്ലേജ് സ്ഥാപനങ്ങളും അവധി ദിവസങ്ങളായ 14,15,17 തീയ്യതികളില്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

എറണാകുളം ജില്ലയില്‍ മഴ ചെറിയ രീതിയില്‍ ശമിച്ചു. മലയോര മേഖലകളിലും നഗര പ്രദേശങ്ങളിലും മഴയുടെ ശക്തി കുറഞ്ഞു. ആലുവ ശിവക്ഷേത്രത്തില്‍ കയറിയ വെള്ളം ഇറങ്ങി തുടങ്ങി. അതേസമയം പെരിയാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴക്കെടുതി സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ദേശീയ ദുരന്ത നിവാരണ സേന ജില്ലയിലെത്തിയിട്ടുണ്ട്. 22 അംഗ സംഘമാണ് ജില്ലയില്‍ എത്തിയത്. സേനാംഗങ്ങള്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പറവൂര്‍ താലൂക്കിലെ പുത്തന്‍വേലിക്കര, ചേന്ദമംഗലം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അടിയന്തിര സാഹചര്യമുണ്ടായാല്‍ പുത്തന്‍വേലിക്കര, കുന്നുകര , ചേന്ദമംഗലം പഞ്ചായത്തുകളിലെ ആളുകളെ മാറ്റി താമസിപ്പിക്കാന്‍ ആവശ്യമായ ക്യാമ്പുകള്‍ പൂര്‍ണ്ണ സജ്ജമാക്കാന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അട്ടപ്പാടി ചുരം റോഡില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. പുഴകള്‍ കരകവിഞ്ഞൊഴുകകയാണ്. പറമ്പിക്കുളം, തുണക്കടവ്, കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി അണക്കെട്ടുകള്‍ തുറന്നു. എറണാകുളത്തും ഇടുക്കിയും കനത്തമഴയ്ക്ക് ശമനമുണ്ട്.മുല്ലപ്പെരിയാറിലെ ജല നിരപ്പ് 128.60 അടിയും. ഇടുക്കി ഡാമില്‍ 2389.52 അടിയുമാണ്.തൃശൂരില്‍ ചാലക്കുടിക്ക് പുറമെ ചാവക്കാട്, ഗുരുവായൂര്‍ മേഖലകളില്‍ വീടുകളിലും കടകളിലും വെള്ളം കയറി. അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!