ഉത്തരവാദിത്ത ടൂറിസം പദ്ധതിയില്‍ ഇനി ചേലേമ്പ്രയും

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പട്ടികയില്‍ ഇനി ചേലേമ്പ്ര ഗ്രാമപഞ്ചായത്തും ഇടംപിടിക്കും. പദ്ധതിയുടെ സാധ്യതകള്‍ മുന്നില്‍ നിര്‍ത്തി ചേലേമ്പ്രഗ്രാമപഞ്ചായത്തിലെ പുല്ലിപ്പുഴയില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ
റിസോഴ്സ് മാപ്പിങ് പ്രവര്‍ത്തനങ്ങള്‍ക്കായി സ്പെഷ്യല്‍ ഗ്രാമസഭ
ചേര്‍ന്നു. പുല്ലിപ്പുഴ പരിസരത്ത് നടന്ന ഗ്രാമസഭ എം.എല്‍.എ പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് അധ്യക്ഷ്യം വഹിച്ചു.

ലോക ടൂറിസം ഭൂപടത്തില്‍ ചേലേമ്പ്രയ്ക്ക് മികച്ച സ്ഥാനം കണ്ടെത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയെ സംബന്ധിച്ച് വിനോദ സഞ്ചാര വകുപ്പ് ജില്ലാകോര്‍ഡിനേറ്റര്‍ സിബിന്‍ പോള്‍ വിശദീകരണം നടത്തി. പദ്ധതിയെക്കുറിച്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ച ചെയ്യുകയും ചെയ്തു.

ചേലേമ്പ്രയിലെ പുല്ലിപ്പുഴ പ്രദേശത്ത് കണ്ടുവരുന്ന പ്രത്യേകതരം
കണ്ടല്‍കാടുകള്‍ കാണാന്‍ ദിവസേന നിരവധി സന്ദര്‍ശകരാണ് ജില്ലയില്‍ നിന്നും പുറത്തു നിന്നുമായി എത്തുന്നത്. ഇവ ടൂറിസം രംഗത്ത് പഞ്ചായത്തിന് ഏറെ സാധ്യതകള്‍ നല്‍കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷിന്റെ താല്പര്യപ്രകാരം പദ്ധതി ആവിഷ്‌കരിക്കുന്നത്.

അതിനായി മൂന്ന് റിസോഴ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഫീല്‍ഡ്
സര്‍വേ നടത്തും. സര്‍വേ പ്രകാരം ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. രണ്ടുമാസത്തിനകം സര്‍വേ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും. പദ്ധതി പൂര്‍ണ്ണമായും പരിസ്ഥിതിയ്ക്ക് അനുയോജ്യമായ രീതിയിലാവും നടപ്പിലാക്കുന്നത്. കൂടാതെ പ്രദേശവാസികള്‍ക്ക് തൊഴില്‍
അവസരങ്ങള്‍ നല്‍കാനും പദ്ധതിയിലൂടെ കഴിയും.

ഗ്രാമസഭയില്‍ ജില്ലാപഞ്ചായത്ത് മെമ്പര്‍ സെറീന ഹസീബ്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. ജമീല, ബ്ലോക്ക് സ്ഥിരസമിതി കമ്മിറ്റി ചെയര്‍മാന്‍ കെ. പി അമീര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി കമ്മിറ്റി ചെയര്‍മാന്‍മാരായ
അബ്ദുല്‍ അസീസ്, കെ.എന്‍ ഉദയകുമാരി, സി.ശിവദാസന്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ.പി കുഞ്ഞിമൂട്ടി, കെ.ദാമോദരന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ഗംഗാധരന്‍ നായര്‍, കെ.കെസുഹറ, ഷബീര്‍ അലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍, പഞ്ചായത്ത് സെക്രട്ടറി സന്തോഷ്,
ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസ്. സ്‌കൂള്‍ മാനേജര്‍
ഉണ്ണിഎന്നിവര്‍പങ്കെടുത്തു

Related Articles