നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞ് പ്രതിപക്ഷം

തിരുവനന്തപുരം:നയപ്രഖ്യാപന പ്രസംഗം നടത്താന്‍ നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഒപ്പം സഭാ അങ്കണത്തിലെത്തിയ ഗവര്‍ണറെ ്പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്ക്യം വിളികളോടെ തടഞ്ഞു.

ഗവര്‍ണറെ ഗോ ബാക്ക് വിളിച്ചും ഗവര്‍ണറെ തിരികെ വിളിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകളും ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് എംഎല്‍എമാര്‍ പ്രതിഷേധിച്ചത്. അഞ്ചുമിനിറ്റോളം ഗവര്‍ണറെ തടഞ്ഞു നിര്‍ത്തി.

പ്രതിഷേധക്കാരെ പിടിച്ചുമാറ്റാനെത്തിയ വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും നടന്നു. കൂടുതല്‍ വാച്ച് ആന്‍ഡ് വാര്‍ഡുമാരെത്തി പ്രതിപക്ഷ അംഗങ്ങളെ ബലം പ്രയോഗിച്ച് മാറ്റി. തുടര്‍ന്ന് ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങുകയും പുറത്ത് പ്രതിഷേധം തുടരുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിക്കുന്ന പ്രസംഗത്തിലെ 18 ാം ഖണ്ഡിക വായിക്കില്ലെന്നാണ് ഗവര്‍ണര്‍ കഴിഞ്ഞദിവസം സര്‍ക്കാറിനെ അറിയിച്ചത്. എന്നാല്‍ സഭയില്‍ താന്‍ വിവാദ ഭാഗങ്ങള്‍ വായിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് എതിരായ പൗരത്വ ഭേദഗതി വിവേചനപരമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. പ്രസംഗം പൂര്‍ണ്ണമായി വായിക്കാനുള്ള ഗവര്‍ണറുടെ തീരുമാനത്തെ ഭരണപക്ഷ എംഎല്‍എമാര്‍ ഡെസ്‌കില്‍ അടിച്ച് സ്വാഗതം ചെയ്തു.

നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച് സഭാ കവാടം ഉപരോധിച്ച പ്രതിപക്ഷം സര്‍ക്കാരിനും ഗവര്‍ണര്‍ക്കും എതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നതിച്ചത്. കേരള നിയമസഭാ ചരിത്രത്തിലെ അസാധാരണ സംഭങ്ങള്‍ക്കാണ് ഇന്ന് സഭ സാക്ഷിയായത്.

Share news
error: Content is protected !!
Scroll to Top