Section

malabari-logo-mobile

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് കേരളത്തില്‍: മുഖ്യമന്ത്രി

HIGHLIGHTS : Kerala has the lowest price rise in the country: Chief Minister

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സപ്ലൈകോ ഓണം ഫെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു.

രാജ്യത്ത് വിലക്കയറ്റം തടുത്തു നിര്‍ത്തുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇടപെടല്‍ ഉണ്ടാകുന്നില്ല. വിലക്കയറ്റം കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതിയാണ്. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്ത് വലിയ തോതില്‍ സാധനങ്ങള്‍ക്ക് വില ഉയരേണ്ടതാണ്. എന്നാല്‍ വിലക്കയറ്റത്തോത് ദേശീയ ശരാശരിയേക്കാള്‍ താഴെ നിര്‍ത്താന്‍ കേരളത്തിന് കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിരന്തരം സ്വീകരിച്ച പ്രതിജ്ഞാബദ്ധമായ നടപടികളിലൂടെയാണ് ഇത് സാധ്യമായത്.

sameeksha-malabarinews

ചില്ലറ വില്‍പന അടിസ്ഥാനമാക്കുമ്പോള്‍ ദേശീയ നിലയില്‍ ജൂലൈയിലെ വിലക്കയറ്റത്തോത് 7.44 ശതമാനമാണ്. പച്ചക്കറി വില ദേശീയതലത്തില്‍ 37 ശതമാനം അധികം ഉയര്‍ന്നപ്പോള്‍ ധാന്യങ്ങളുടെയും പയര്‍വര്‍ഗങ്ങളുടെയും വില 13 ശതമാനം അധികം വര്‍ധിച്ചു.

ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സപ്ലൈകോ. എന്നാല്‍ അങ്ങനെയല്ലെന്ന് വരുത്തേണ്ടത് ചിലരുടെ ആവശ്യമാണ്. ഈ രംഗത്ത് ഒന്നും നടക്കുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നു. സപ്ലൈകോയെക്കുറിച്ച് അവമതിപ്പുണ്ടാക്കാന്‍ കുപ്രചരണം അഴിച്ചുവിടുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സപ്ലൈകോയുടെ ശരാശരി വിറ്റുവരവ് 252 കോടി രൂപയാണ്. നിലവില്‍ 270 കോടി രൂപയും. സാധാരണക്കാര്‍ സപ്ലൈകോയെ കൂടുതലായി ആശ്രയിക്കുന്നതിലാണിത്. ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് സാധനങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കും. ചില സാധനങ്ങള്‍ ചില ദിവസങ്ങളില്‍ ഉണ്ടായില്ലെന്നു വരാം. സ്റ്റോക്ക് തീരുന്നതും സാധനങ്ങള്‍ എത്തുന്നതിന് താമസമുണ്ടാകുന്നതും ഒരു മാസത്തേക്ക് കണക്കാക്കി സ്റ്റോക്ക് ചെയ്ത സാധനങ്ങള്‍ വേഗം തീരുന്നതുമൊക്കെ ഇതിന് കാരണമാണ്. സപ്ലൈകോയില്‍ നല്ല രീതിയില്‍ വിറ്റുവരവ് ഉണ്ടാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം പൊതുവിതരണ സമ്പ്രദായത്തില്‍ ഫലപ്രദമായി ഇടപെടുന്നുണ്ട്. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, സഹകരണ മേഖലയിലെ മറ്റു വില്‍പന ശാലകള്‍ എന്നിവ നടത്തുന്ന വിപണി ഇടപെടല്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്നതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്താകെ 1600ല്‍പരം സപ്ലൈകോ ഔട്ട് ലെറ്റുകളുണ്ട്. പ്രതിമാസം 40 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ സപ്ലൈകോ സബ്‌സിഡി സാധനം വാങ്ങുന്നു. വിപണിയിടപെടലിനായി സപ്ലൈകോ 250 കോടി രൂപയുടെ അവശ്യസാധനമാണ് സംഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓരോ ദവിസത്തെയും സപ്ലൈകോ വില്‍പനക്കണക്കെടുത്താല്‍ കൂടുതല്‍ വില്‍പന നടക്കുന്നതായി മനസിലാകുമെന്ന് അധ്യക്ഷത വഹിച്ച ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ഈ മാസം 11ന് 8.43 കോടി രൂപയുടെ വില്‍പനയാണ് സപ്ലൈകോ നേരിട്ട് നടത്തിയത്. 17ന് അത് 16.65 കോടി രൂപയായി. വരുന്ന സാധനങ്ങള്‍ വേഗത്തില്‍ വിറ്റുപോകുന്നു. ജനം നല്ല രീതിയില്‍ സപ്ലൈകോയെ ആശ്രയിക്കുന്നതായി മന്ത്രി പറഞ്ഞു.

ഗതാഗതവകുപ്പ് ആന്റണിരാജു ആദ്യ വില്‍പന നടത്തി. മന്ത്രി വി. ശിവന്‍കുട്ടി ശബരി ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വി. ജോയ് എം.എല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, പള്ളിച്ചല്‍ വിജയന്‍, സപ്ലൈകോ ചെയര്‍മാനും എം.ഡിയുമായ ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!