Section

malabari-logo-mobile

’18-45 വയസ്‌സുകാര്‍ക്കും രണ്ടു ഡോസ് വാക്സിന്‍ സൗജന്യമായി തന്നെ’; ഒരു കോടി ഡോസ് വില കൊടുത്ത് വാങ്ങുമെന്ന് മുഖ്യമന്ത്രി

HIGHLIGHTS : 'Two doses of vaccine free for 18-45 year olds'; CM promises to buy one crore doses

തിരുവനന്തപുരം: സംസ്ഥാനത്തെ 18 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ളവര്‍ക്കും രണ്ടു ഡോസ് വാക്സിന്‍ സൗജന്യമായി തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് വേണ്ടി ഒരു കോടി ഡോസ് വാക്സിന്‍ വില കൊടുത്ത് വാങ്ങുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

sameeksha-malabarinews

”സംസ്ഥാനത്ത് വാക്സിന്‍ ആവശ്യത്തിന് തികയുന്നില്ല. ഉള്ളത് വച്ചാണ് നല്‍കുന്നത്. നേരത്തെ വാക്സിന്‍ എടുത്തവര്‍ക്കും രണ്ടാം ഡോസ് പ്രധാനമാണ്. രണ്ടാം ഡോസ് നല്‍കാനുള്ള കരുതലും നമുക്ക് വേണം. ആ രീതിയില്‍ വാക്സിന്‍ ക്രമീകരിക്കണം. 18-45നും പ്രായമുള്ളവര്‍ക്കുള്ള വാക്സിന്‍ ഉത്പാദകരില്‍ നിന്ന് സംസ്ഥാനങ്ങള്‍ വില കൊടുത്ത് വാങ്ങണമെന്നാണ് കേന്ദ്രനയം. പല വാക്സിനുകളും നമ്മള്‍ നല്‍കുന്നുണ്ട്. എല്ലാം സൗജന്യമായി കേന്ദ്രം നല്‍കുന്നതാണ്. എന്നാല്‍ ഈ ഒരു കാര്യത്തില്‍ മാത്രം വാക്സിന് വില ഈടാക്കുന്നത് തീര്‍ത്തും അനുചിതമായ കാര്യമാണ്. ഇതെല്ലാം നമ്മള്‍ കേന്ദ്രത്തിന്റെ മുന്നില്‍ ഉന്നയിച്ചതാണെങ്കിലും അനുകൂല മറുപടിയുണ്ടായിട്ടില്ല.”

”സംസ്ഥാനത്തെ 18 മുതല്‍ 45 വയസുപ്രായമുള്ളവര്‍ക്ക് രണ്ടു ഡോസ് വാക്സിന്‍ സൗജന്യമായി തന്നെ നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ടു സ്ഥാപനങ്ങളാണ് വാക്സിന്‍ നല്‍കുന്നത്. ഈ കമ്പനികളില്‍ നിന്ന് അടുത്ത മൂന്നു മാസത്തേക്ക് ഒരു കോടി ഡോസ് വാക്സിന്‍ വില കൊടുത്ത് വാങ്ങാനാണ് മന്ത്രിസഭാ തീരുമാനം. എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. സിറം കമ്പനിയില്‍ നിന്ന് 70 ലക്ഷം ഡോസ് മൂന്നു മാസത്തേക്ക് വാങ്ങും. ഇതിനായി 294 കോടി രൂപയാണ് ചിലവ്. 400 രൂപയാണ് ഒരു ഡോസിന്. പുറമെ അഞ്ച് ശത്മാനം ജിഎസ്ടിയും. ഭാരത് ബയോടെക്കില്‍ നിന്നും മൂന്നു മാസത്തേക്ക് 30 ലക്ഷം ഡോസ് വാങ്ങും, 600 രൂപ നിരക്കില്‍. ഇതിന് 189 കോടി രൂപ ചിലവ് വരും.”

”വാക്സിന്‍ വില സംബന്ധിച്ച് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസുകള്‍ നിലവിലുണ്ട്. വിധി വന്ന ശേഷമായിരിക്കും ഓര്‍ഡര്‍ കൊടുക്കുക. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ കൊടുക്കാവുന്ന വിധത്തില്‍ വാക്സിന്‍ നയം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് ഒരിക്കല്‍ കൂടി ആവശ്യപ്പെടുകയാണ്. കേന്ദ്രത്തിന് നല്‍കുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്കും വാക്സിന്‍ ലഭിക്കുമെന്ന് ഉറപ്പാക്കണം. വീണ്ടും ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു.”

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!