Section

malabari-logo-mobile

കേരള വിദ്യാഭ്യാസ മോഡല്‍ രാജ്യത്തിന് മാതൃക; മന്ത്രി വി ശിവന്‍കുട്ടി

HIGHLIGHTS : Kerala education model is a model for the country; Minister V Sivankutty

ഗുണമേന്മ, സമഗ്രവികസനം എന്നിവയില്‍ ഊന്നല്‍ നല്‍കിയ സംസ്ഥാന പൊതു വിദ്യാഭ്യാസ മോഡല്‍ രാജ്യത്തിന് മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ബേപ്പൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടി ഫ്യൂച്ചര്‍ എജ്യുഫെസ്റ്റ് 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ കുട്ടികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു. ഇതിലൂടെ വിദ്യാഭ്യാസ വിടവ് നികത്താനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കാനും സഹായിച്ചു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മാതൃക ഒരു പ്രചോദനവും മുന്‍കരുതല്‍ സമീപനം കൊണ്ട് എന്തും നേടാനാകുമെന്നതിന്റെ തെളിവുമാണെന്ന് മന്ത്രി കൂട്ടി ചേര്‍ത്തു. ഈ വര്‍ഷം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തനവുമായ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

2016ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഏഴ് വര്‍ഷത്തിനിടയില്‍ 10 ലക്ഷത്തിലധികം കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വര്‍ധിച്ചതായി പരിപാടിയില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്ന നിലയിലാണ് മുന്നോട്ട് പോകുന്നത്. മികച്ച വിദ്യാഭ്യാസം ഏതൊരു പൗരന്റെയും അവകാശമാണ്. അത് നല്ല നിലയില്‍ നല്‍കാന്‍ സാധിക്കുക എന്നതാണ് നാടിന്റെ വികസനം ഉറപ്പു വരുത്താന്‍ പ്രതിജ്ഞാബദ്ധരായ എല്ലാവരുടെയും കടമ. നമ്മുടെ സംസ്ഥാനം ഇക്കാര്യത്തില്‍ മാതൃകാപരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. സ്‌കൂളുകള്‍ എല്ലാം ഹൈടെക്കായി മാറി. മണ്ഡലത്തിലെ എല്ലാവരെയും യോജിപ്പിച്ചു കൊണ്ടാണ് ഫ്യൂച്ചര്‍ പദ്ധതിക്ക് രൂപം നല്‍കിയത്. കുട്ടികളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ദിശാബോധം നല്‍കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബേപ്പൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപോഷണ പരിപാടിയാണ് ഫ്യൂച്ചര്‍ എജ്യുഫെസ്റ്റ് 2023. മണ്ഡലത്തിലെ അര്‍ഹരായ മുഴുവന്‍ തീരദേശ വിദ്യാര്‍ത്ഥികളെയും ഉപരിപഠനത്തിനു എന്റോള്‍ ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെ സര്‍വ്വശിക്ഷാകേരളവും ടൂറിസം പഠന മേഖലയില്‍ പ്രാദേശിക പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ടൂറിസം വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജന്‍സികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതുമായി സഹകരിക്കുന്നുണ്ട്.

എഡ്യൂ ഫെസ്റ്റിന്റെ ഭാഗമായ് പുറത്തിറക്കിയ ‘ഫ്യൂച്ചര്‍’ പഠന സഹായി പുസ്തകം മന്ത്രി പി.എ മുഹമ്മദ് റിയാസ് ജി എച്ച് എസ് എസ് ബേപ്പൂരില്‍ ഉന്നത വിജയം നേടിയ അനാമികയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ഫ്യൂച്ചര്‍ എന്ന പുസ്തകം രചിച്ച പി സഞ്ജീവ് കുമാറിനെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.

ബേപ്പൂര്‍ മണ്ഡലത്തില്‍ 2022-23 വര്‍ഷത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച കുട്ടികളെ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉപഹാരം നല്‍കി അനുമോദിച്ചു. മണ്ഡലത്തില്‍ പ്രത്യേകമായി സംഘടിപ്പിച്ച ‘വാഴ്ത്ത് ‘ അനുമോദന സദസ്സിലൂടെ എട്ട് സ്‌കുളുകളില്‍ നിന്നായി 671 ഓളം വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. ഇതോടൊപ്പം കുട്ടികള്‍ക്കായി അഭിരുചി പരീക്ഷ, കരിയര്‍ കൗണ്‍സിലിംഗ്, മോട്ടിവേഷന്‍ ക്ലാസുകള്‍, രക്ഷാകര്‍തൃ സംഗമം, സെമിനാറുകള്‍, വിദ്യാഭ്യാസ പ്രദര്‍ശനം എന്നിവയും എജ്യു ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ കൃഷ്ണകുമാരി, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ രാജീവ്, ഗിരിജ ടീച്ചര്‍, കോഴിക്കോട് ആര്‍ ഡി ഡി സന്തോഷ് കുമാര്‍, കോഴിക്കോട് ഡിഡിഇ മനോജ് കുമാര്‍ മണിയൂര്‍, ഡയറ്റ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുള്‍ നാസര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. എസ് എസ് കെ കോഴിക്കോട് ഡിപിസി ഡോ. എ കെ അബ്ദുല്‍ ഹക്കീം സ്വാഗതവും ഫറോക്ക് എഇഒയും സംഘാടകസമിതി ജനറല്‍ കണ്‍വീനറുമായ പ്രമോദ് ഒ നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!