Section

malabari-logo-mobile

കാബൂളില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിച്ച നടപടി പ്രശംസനീയം; മുഖ്യമന്ത്രി

HIGHLIGHTS : The repatriation of Indians from Kabul is commendable; Chief Minister

തിരുവനന്തപുരം: കാബൂളില്‍ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ രക്ഷിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രവര്‍ത്തനം പ്രത്യേകം എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി ട്വീറ്റിലൂടെ പറഞ്ഞു.

അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ഊര്‍ജിമായി നടക്കുന്നുണ്ടെന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളെയും ഇന്ത്യയില്‍ എത്തിക്കുമെന്നതാണ് കേന്ദ്ര തീരുമാനം. മടങ്ങി വരാനാഗ്രഹിക്കുന്ന മലയാളികള്‍ ഉള്‍പ്പടെ മുഴുവന്‍ ആളുകളെയും സുരക്ഷിതമായി എത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഐഎസില്‍ ചേര്‍ന്ന മലയാളികളെ കുറിച്ചോ, അവരെ മോചിപ്പിച്ചതിനെ ക്കുറിച്ചോ വിവരങ്ങള്‍ ലഭ്യമല്ലെന്നും മുരളീധരന്‍ പറഞ്ഞു.

sameeksha-malabarinews

വ്യോമസേനയുടെ സി 17 വിമാനത്തിലാണ് 50 മലയാളികളുള്‍പ്പെടുന്ന സംഘത്തെ കാബൂളില്‍ നിന്ന് ഗാസിയാബാദിലെത്തിച്ചത്. അടുത്ത ദിവസം തന്നെ മലയാളികള്‍ കേരളത്തിലേക്ക് എത്തുമെന്നും ഇതിനുവേണ്ട എല്ലാ സംവിധാനവും നോര്‍ക്കാ റൂട്ട്സ് വഴി കേരള സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

168 പേരുമായാണ് വ്യോമസേനാ വിമാനം ഇന്ന് രാവിലെ ഗാസിയാബാദിലെ ഹിന്റണ്‍ ബേസില്‍ ലാന്‍ഡ് ചെയ്തത്. മലയാളികള്‍ക്കൊപ്പം ഡല്‍ഹിയിലെത്തിയ സംഘത്തില്‍ എംപിമാര്‍ അടക്കമുള്ള അഫ്ഗാന്‍ പൗരന്‍മാരുമുണ്ട്. അഫ്ഗാനികളുടെ സാന്നിധ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം താലിബാന്‍ ഈ വിമാനം പിടിച്ചുവച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരക്ഷ പരിശോധനയ്ക്കായാണ് വിമാനം തടഞ്ഞതെന്നായിരുന്നു താലിബാന്റെ വിശദീകരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!