നിയമസഭ കയ്യാങ്കളി കേസ് ഇന്ന് സുപ്രിംകോടതിയിൽ

നിയമസഭ കയ്യാങ്കളി കേസ് ഇന്ന് സുപ്രിംകോടതിയില്‍. കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും, ആറ് ഇടത് നേതാക്കളുടെയും അപ്പീല്‍ കോടതി പരിഗണിക്കും. ഹൈക്കോടതിയുടെ പ്രതികൂല ഉത്തരവും, തിരുവനന്തപുരം സിജെഎം കോടതിയിലെ വിചാരണ നടപടികളും സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും. അതേസമയം, തന്റെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച തടസഹര്‍ജിയും കോടതിക്ക് മുന്നിലെത്തും.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിയമസഭ കയ്യാങ്കളി കേസ് പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാരും, പ്രതിപ്പട്ടികയിലുള്ള മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രി ഇപി ജയരാജന്‍, മുന്‍മന്ത്രിയും നിലവില്‍ എംഎല്‍എയുമായ കെടി ജലീല്‍, മുന്‍ എംഎല്‍എമാരായ സികെ സദാശിവന്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരുമാണ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ചത്. കേസ് പിന്‍വലിക്കാന്‍ മുന്നോട്ടുവച്ച വാദങ്ങള്‍ കേരള ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ് അപ്പീലിലെ പരാതി.

നിയമസഭ സമ്മേളനത്തിനിടെ നടന്ന സംഭവത്തില്‍ കേസെടുക്കണമെങ്കില്‍ സ്പീക്കറുടെ അനുമതി അനിവാര്യമാണ്. അനുമതിയില്ലാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് തെറ്റായ നടപടിയാണെന്നും, സഭയുടെ സവിശേഷാധികാരം നിലനിര്‍ത്താന്‍ കൂടിയാണ് കേസ് പിന്‍വലിക്കാനുള്ള തീരുമാനമെന്നും അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എംഎല്‍എമാരെന്ന നിലയില്‍ നിയമസഭയില്‍ പ്രതിഷേധം നടത്തിയതിന് ഭരണഘടനയുടെ സംരക്ഷണമുണ്ടെന്ന് ഇടത് നേതാക്കളും വാദിക്കുന്നു. വിചാരണനടപടികളുടെ അടക്കം സ്റ്റേ ആവശ്യത്തില്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. അപ്പീലിനെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എതിര്‍ക്കും.

 

Share news
error: Content is protected !!
Scroll to Top