HIGHLIGHTS : Kerala Agro Business Company formed; NABARD to take stake in CABCO
കേരളത്തിന്റെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി വില ലഭ്യമാക്കുക, വിവിധ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണത്തിനും സംസ്‌കരണത്തിനും മൂല്യവര്‍ധനവിനും ദേശീയ അന്തര്‍ദേശീയ വിപണനത്തിനും പുത്തന്‍ മാര്‍ഗം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ചിങ്ങം ഒന്നിന് സംസ്ഥാനതല കര്‍ഷക ദിനാഘോഷ വേദിയില്‍ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) രൂപീകരിച്ചു.
കാബ്കോ രൂപീകൃതമായ അന്ന് തന്നെ കമ്പനിയില്‍ ഓഹരി എടുക്കാന്‍ തയാറായി നബാര്‍ഡ് മുന്നോട്ടുവന്നതായി സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന പ്രൗഢ പരിപാടിയില്‍ കര്‍ഷക ദിനാഘോഷം, കര്‍ഷക അവാര്‍ഡ് വിതരണം, കാബ്കോ ഉദ്ഘാടനം, പച്ചക്കറിക്കും ചെറുധാന്യങ്ങള്‍ക്കും മുന്‍ഗണന നല്‍കി സ്വയംപര്യാപ്തമായ ആരോഗ്യ ഭക്ഷണം ലക്ഷ്യംവെച്ച് കൃഷിവകുപ്പ് ആരംഭിക്കുന്ന പോഷക സമൃദ്ധി മിഷന്റെ പ്രഖ്യാപനം എന്നിവ കൃഷി മന്ത്രി നിര്‍വഹിച്ചു.


പി.പി.പി മാതൃകയില്‍ രൂപീകരിച്ച കാബ്കോയില്‍ നിലവില്‍ 33 ശതമാനം സര്‍ക്കാര്‍, 24 ശതമാനം കര്‍ഷകര്‍, 25 ശതമാനം കൃഷികൂട്ടങ്ങള്‍, എഫ്.ബി.ഒകള്‍, കാര്‍ഷിക സഹകരണ സംഘങ്ങള്‍, 13 ശതമാനം പൊതുവിപണി, 5 ശതമാനം ധനകാര്യസ്ഥാപനങ്ങള്‍ എന്നിങ്ങനെയാണ് ഓഹരികള്‍ നിശ്ചയിച്ചിട്ടുള്ളത്. നബാര്‍ഡ് കൂടി ചേരുന്നതോടെ മികച്ച രീതിയില്‍ തന്നെ കാബ്കോയ്ക്കു മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് മന്ത്രി പ്രസാദ് പറഞ്ഞു.
കാബ്കോയ്ക്കു ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം കര്‍ഷകര്‍ക്ക് നല്‍കും. നിലവില്‍ കേരളത്തിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ‘കേരള ഗ്രോ’ എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ ലഭ്യമാണ്. ഇത്തരത്തില്‍ 195 ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്.
ഈ വര്‍ഷത്തോടെ സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളുടെയും കേരള ഗ്രോ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കും. ഈ വര്‍ഷം 500 കോടിയുടെ അന്താരാഷ്ട്ര വിപണിയാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
സുരക്ഷിതമായ ഭക്ഷണം എന്നതിന് മുന്‍ഗണന നല്‍കിക്കൊണ്ടാണ് പോഷക സമൃദ്ധി മിഷന്‍ രൂപീകരിച്ചത്. ശരീരത്തിന് വേണ്ട അളവില്‍ മലയാളികള്‍ പച്ചക്കറി കഴിക്കുന്നില്ല എന്നാണ് കണക്കള്‍ വ്യക്തമാക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ജീവിതശൈലി രോഗങ്ങള്‍ ഉള്‍പ്പെടെ വര്‍ധിക്കുകയാണ്.
20.23 ലക്ഷം ടണ്‍ പച്ചക്കറി കേരളത്തില്‍ ആവശ്യമാണ്. എന്നാല്‍ നമ്മള്‍ 17.1 ലക്ഷം ടണ്‍ മാത്രമേ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. എങ്കിലും 2015-16 കാലത്തെ 6.28 ലക്ഷം ടണ്‍ പച്ചക്കറി എന്നതില്‍ നിന്നാണ് ഇപ്പോള്‍ 17.12 ലക്ഷം ടണ്ണിലേക്ക് വര്‍ധിച്ചിരിക്കുന്നത്. ഈ വര്‍ഷം 25 ലക്ഷം കുടുംബങ്ങളെ പോഷക സമൃദ്ധി മിഷന്റെ ഭാഗമാക്കുക എന്ന ദൗത്യമാണ് കൃഷി വകുപ്പ് ഏറ്റെടുത്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. 2026 ഓടെ കേരളത്തിലെ എല്ലാ കുടുംബങ്ങളെയും മിഷന്റെ ഭാഗമാക്കും.
ചെറുധാന്യങ്ങള്‍ക്കും പച്ചക്കറിക്കും മുന്‍ഗണന നല്‍കിക്കൊണ്ടാണ് സുരക്ഷിത ഭക്ഷണം എന്ന മുദ്രാവാക്യവുമായി പോഷക സമൃദ്ധി മിഷന്‍ പ്രവര്‍ത്തിക്കുക. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ആറ് പുതിയ ചെറുധാന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ തുടങ്ങും. ചെറുധാന്യങ്ങളുടെ ഉത്പാദനം 3000 ടണ്ണായി വര്‍ധിപ്പിക്കും.
ഏറെ പ്രോട്ടീന്‍ ഉള്ള പയര്‍ വര്‍ഗ്ഗങ്ങളുടെ ഉല്പാദനവും ഉപഭോഗവും പ്രോത്സാഹിപ്പിക്കും. നിലവില്‍ 1421 ടണ്‍ ഉള്ള പയറുവര്‍ഗങ്ങളുടെ ഉല്‍പാദനം 10,000 ടണ്‍ ആക്കും. ആത്മയുടെ നേതൃത്വത്തില്‍ 100 ഫാം സ്‌കൂളുകള്‍ സ്ഥാപിക്കും. മൂന്നുവര്‍ഷംകൊണ്ട് പോഷക സമൃദ്ധി മിഷന്‍ അതിന്റെ ലക്ഷങ്ങള്‍ കൈവരിക്കുമെന്നാണ് കരുതുന്നത്.
മിഷന്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൃഷി ഉദ്യോഗസ്ഥര്‍, കാര്‍ഷിക കൂട്ടായ്മകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് വിവിധ അവാര്‍ഡുകളും പ്രോത്സാഹനങ്ങളും നല്‍കും.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവയെല്ലാം പരിഗണിച്ച് കൂടുതല്‍ വിളകളെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്താനുള്ള നടപടി അന്തിമഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു.
നിലവില്‍ കാലാവസ്ഥാ മാറ്റം കാരണം വിളകള്‍ മുഴുവന്‍ നശിച്ചാല്‍ മാത്രമേ ഇന്‍ഷുറന്‍സ് തുക ലഭിക്കുകയുള്ളൂ. ഇത് മാറ്റി വരള്‍ച്ച മൂലമോ വെള്ളപ്പൊക്കം മൂലമോ ഉല്‍പാദനം കുറഞ്ഞാലും നഷ്ടപരിഹാരം ലഭ്യമാകുന്ന രീതിയിലായിരിക്കും പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പില്‍ വരിക.
ചടങ്ങില്‍ കാബ്കോ ലോഗോ കൃഷി മന്ത്രി പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത വിളകള്‍ നട്ടുകൊണ്ട് മന്ത്രിമാരായ പി പ്രസാദ്, വി ശിവന്‍കുട്ടി, ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവര്‍ പോഷക സമൃദ്ധി മിഷന്‍ പ്രഖ്യാപനം നടത്തി.
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തയ്യാറാക്കിയ ‘ഹരിതഗാഥ’ പുസ്തകം കൃഷി മന്ത്രിക്ക് നല്‍കി ഗതാഗതമന്ത്രി പ്രകാശനം ചെയ്തു. ഇതിന് ശേഷം കര്‍ഷക അവാര്‍ഡുകള്‍ മന്ത്രിമാര്‍ വിതരണം ചെയ്തു. നാല്പതിലേറെ വിഭാഗങ്ങളിലായി അറുപതില്‍പ്പരം അവാര്‍ഡുകളാണ് വിതരണം ചെയ്തത്.
മികച്ച കൃഷിഭവനുള്ള ഉള്ള അവാര്‍ഡ് പാലക്കാട് ജില്ലയിലെ ആലത്തൂര്‍ കൃഷിഭവനും മികച്ച രീതിയില്‍ ജൈവകൃഷി നടത്തിയ നിയോജകമണ്ഡലത്തിനുള്ള അവാര്‍ഡ് കണ്ണൂരിലെ കല്യാശ്ശേരി നിയോജകമണ്ഡലവും മികച്ച കര്‍ഷകനുള്ള കര്‍ഷകോത്തമ അവാര്‍ഡ് വയനാട് പുല്‍പ്പള്ളി സ്വദേശി കെ റോയ്മോനും മികച്ച തെങ്ങ് കര്‍ഷകനുള്ള കേരകേസരി അവാര്‍ഡ് പാലക്കാട് സ്വദേശി പി രഘുനാഥും ഏറ്റുവാങ്ങി. കോഴിക്കോട് കാവിലുംപാറയിലെ കെ.ടി ഫ്രാന്‍സിസ് ആണ് മികച്ച ജൈവകര്‍ഷകന്‍.
മികച്ച യുവകര്‍ഷക, യുവകര്‍ഷകന്‍, പച്ചക്കറി കര്‍ഷകന്‍, കാര്‍ഷിക രംഗത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച ഹൈടെക് കര്‍ഷകന്‍ എന്നിങ്ങനെ വിവിധ അവാര്‍ഡുകളും വിതരണം ചെയ്തു. പരിപാടിയില്‍ എം.എല്‍.എമാരായ വി.കെ പ്രശാന്ത്, കെ ആന്‍സലന്‍, ഡി.കെ മുരളി, ഐ.ബി സതീഷ്, എം. വിജിന്‍, കെ.ഡി പ്രസേനന്‍, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുമാര്‍, മുതിര്‍ന്ന കര്‍ഷകന്‍ തിമത്തിയോസ്, കര്‍ഷകത്തൊഴിലാളി സി ശാന്ത, കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോക് എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു