നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുന്നു. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍വെച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. രാവിലെ 11.30-ഓടെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലുവയിലെ വീട്ടിലെത്തിയത്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്‍. കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടെയാണ് കാവ്യാ മാധവനെയും ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. കാവ്യാ മാധവനെക്കുറിച്ച് പരാമര്‍ശിക്കുന്ന ചില ശബ്ദരേഖകളും മറ്റും പുറത്തുവന്നതിന് പിന്നാലെ നടിയെ വിശദമായി തന്നെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനമെടുക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വീട്ടില്‍വെച്ച് ചോദ്യംചെയ്യണമെന്നായിരുന്നു കാവ്യാ മാധവന്റെ ആവശ്യം. എന്നാല്‍ പദ്മസരോവരം വീട്ടില്‍ പോയി ചോദ്യം ചെയ്യേണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. പ്രോജക്ടര്‍ ഉപയോഗിച്ച് ചില ദൃശ്യങ്ങള്‍ കാണിച്ചും സംഭാഷണ ശകലങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യയില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ തീരുമാനിച്ചിരുന്നത്. പദ്മസരോവരം വീട് ഇതിന് പറ്റിയ ഇടമല്ല എന്നായിരുന്നു അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.




