നടിയെ ആകമിച്ച കേസില്‍ കാവ്യ മാധവന് വീണ്ടും നോട്ടീസ്. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഈ മാസം ആറിന് കാവ്യക്ക് നോട്ടീസ് നല്‍കിയത്. ആലുവയിലെ പത്മ സരോവരം വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മറുപടി നല്‍കിയതായാണ് വിവരം.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയില്‍ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തില്‍ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് കാവ്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്. നേരത്തെയും ദിലീപിന്റെ പത്മ സരോവരം വീട്ടില്‍ വെച്ച് ചോദ്യം ചെയ്യലാകാമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്.
എന്നാല്‍ പദ്മസരോവരം വീട്ടില്‍ പോയി ചോദ്യം ചെയ്യേണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. പ്രോജക്ടര്‍ ഉപയോഗിച്ച് ചില ദൃശ്യങ്ങള്‍ കാണിച്ചും സംഭാഷണ ശകലങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യയില്‍ നിന്ന് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.




