ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ കേരളത്തിലും വരുന്നു ‘കവച്’

തൃശൂര്‍: ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള അത്യാധുനിക സുരക്ഷാ സംവിധാനമായ ‘കവച് ‘ കേരളത്തിലും. എറണാകുളം — ഷൊര്‍ണൂര്‍ റെയില്‍പ്പാതയിലാണ് ആദ്യമായി സാങ്കേതിക സംവിധാനം സ്ഥാപിക്കുന്നത്. 67.99 കോടി രൂപ ചെലവില്‍ 106 കിലോമീറ്റര്‍ ദൂരത്താണ് പദ്ധതി നടപ്പാക്കുക. ഇതിന് റെയില്‍വേ ദര്‍ഘാസ് ക്ഷണിച്ചു.

കേരളത്തിലെ ഏറ്റവും തിരക്കേറിയ എറണാകുളം- ഷൊര്‍ണൂര്‍ മേഖലയില്‍ ഓട്ടോമാറ്റിക് സിഗ്‌നലിങ്ങിനൊപ്പം ‘കവച്’ കൂടി വരുന്നതോടെ ട്രെയിനുകളുടെ എണ്ണംകൂട്ടാനും വേഗം വര്‍ധിപ്പിക്കാനും കഴിയും. എന്‍ജിനിലും റെയിലുകള്‍ക്കിടയിലും കവച് സ്ഥാപിക്കും. തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസുമായി ബന്ധിപ്പിക്കും. രണ്ട് ട്രെയിന്‍ ഒരേപാതയില്‍ നേര്‍ക്കുനേര്‍ വന്നാല്‍ നിശ്ചിതദൂരത്ത് രണ്ടു ട്രെയിനിനും ബ്രേക്ക് വീഴുന്നതാണ് സംവിധാനം.

എസ്ഐഎല്‍ 4 സര്‍ട്ടിഫൈഡ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ട്രാഫിക് കോളീഷന്‍ അവോയിഡന്‍സ് സിസ്റ്റം (ടിസിഎഎസ്) അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം (എടിപി) എന്നും കവച് അറിയപ്പെടുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ ലഖ്‌നൗവില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) തദ്ദേശീയമായി വികസിപ്പിച്ച സുരക്ഷാ സംവിധാനമാണിത്. രാജ്യത്തെ 68,000 കിലോമീറ്റര്‍ റെയില്‍ ശൃംഖലയില്‍ 1465 കിലോമീറ്റര്‍ ദൂരത്തിലാണ് നിലവില്‍ കവച് സംവിധാനമുള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top