
കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍. കേസില്‍ നാലാമതൊരു പ്രതി കൂടിയുണ്ടെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ഒരു മാധ്യമത്തോട് പറഞ്ഞെന്ന പ്രചരണത്തിന് പിന്നാലെയാണ് കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് മേധാവി തുടര്‍ അന്വേഷണം ആവശ്യപ്പെട്ടത്.
2023 നവംബറിലാണ് ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയത്. പൊലീസ് തെരച്ചില്‍ ശക്തമാക്കിയതോടെ ഒരു ദിവസത്തിന് ശേഷം പ്രതികള്‍ കുട്ടിയെ കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു. ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രതികള്‍. മൂന്ന് പേരും റിമാന്‍ഡിലായി. അനുപമയ്ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു.
കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതില്‍ നാലാമതൊരാള്‍ കൂടിയുണ്ടെന്ന് പറഞ്ഞത് പരിശോധിക്കുന്നതിനാണ് തുടര്‍ അന്വേഷണം എന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു.
കൊല്ലം റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് മേധാവി എം എം ജോസാണ് തുടര്‍ അന്വേഷണ അപേക്ഷ സമര്‍പ്പിച്ചത്. പൊലീസിന്റെ അപേക്ഷ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




