കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. കല്യോട്ട് കൂരാങ്കര സ്വദേശികളായ കിച്ചു എന്ന കൃപേഷ്(21), ജോഷി എന്ന ശരത്(27) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി യൂത്ത് കോണ്‍ഗ്രസ്സ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍

സംഭവത്തിന് പിറകില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഞായറാഴ്ച രാത്രി എട്ടരമണിയോടെയാണ് സംഭവം. ശരത്തും കൃപേഷും ബൈക്കില്‍ വീട്ടലിേക്ക് പോകുമ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു.

കുറച്ചുകഴിഞ്ഞ് ആ വഴിയിലൂടെ കടന്നുപോയവരാണ് ബൈക്ക് മറിഞ്ഞ് കിടക്കുന്നതും ശരത് രക്തം വാര്‍ന്ന് കിടക്കുന്നതുംകണ്ടത്. ശരത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീടാണ് കൃപേഷ് കൂടി ബൈക്കിലുണ്ടായിരുന്നെന്ന് മനസ്സിലാക്കുന്നത്. ഇതോടെ തിരച്ചില്‍ നടത്തുകയും കൃപേഷിനെ കണ്ടെത്തുകയുമായിരുന്നു.

ശരത്ത് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിയില്‍ വെച്ചും, കൃപേഷ് കാസര്‍കോട് ജില്ലാആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്

സിപിഎം പെരിയ ലോക്കല്‍കമ്മറ്റിയംഗമായ പീതാംബരനെ അക്രമിച്ച സംഭവത്തില്‍ 11 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്റിലായിരുന്നു. ഇവരില്‍ ഒരാളായിരുന്നു ശരത്ത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ പുറത്തിറങ്ങിയത്.

Related Articles