കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ ഇ.ടി.മുഹമ്മദ് ബഷീര്‍ എംപിയെ യുപി പൊലീസ് തടഞ്ഞു. ഇന്നലെ അര്‍ധരാത്രിയോടെയാണ് എംപിയെ യുപി പൊലീസ് തടഞ്ഞത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന മാനിച്ച് ദില്ലിയിലേക്ക് തല്‍ക്കാലം മടങ്ങുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. റെയില്‍വേ സ്റ്റേഷനില്‍ തന്നെ എം.പിയെ തടയുകയായിരുന്നു. തുടര്‍ന്ന് 10 കിലോ മീറ്റര്‍ അകലെയുള്ള സ്ഥലത്തുവച്ച് വിഷയം ചര്‍ച്ച ചെയ്യാമെന്ന് പൊലീസ് അറിയിച്ചുവെന്ന് എം.പി ഫേസ്ബുക്കില്‍ കുറിച്ചു.
ബിജെപി നേതാക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശത്തിന് പിന്നാലെ കാണ്‍പൂരിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കാണാനാണ് ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി യുപിയിലെത്തിയത്. യുപി പൊലീസിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്നും ഇ.ടി വ്യക്തമാക്കി.
ഇ.ടി.മുഹമ്മദ് ബഷീറിന്റെ പോസ്റ്റ്
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് വേട്ടയാടല്‍ നേരിട്ട മനുഷ്യരെയും മറ്റു ബന്ധപ്പെട്ടവരെയും നേരില്‍ കാണാന്‍ കാണ്‍പൂരിലെത്തി, എന്നാല്‍ ഈ അര്‍ദ്ധരാത്രി യുപി പൊലീസ് പല ന്യായങ്ങള്‍ പറഞ്ഞ് ഞങ്ങളെ തടഞ്ഞിരിക്കുയാണ്, അതിനെത്തുടര്‍ന്ന് ഞങ്ങള്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു, എന്നിട്ടും യുപി പൊലീസ് വഴങ്ങാന്‍ തയ്യാറായില്ല .
ഇപ്പോള്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന മാനിച്ച് തല്‍ക്കാലം ഡല്‍ഹിയിലേക്ക് മടങ്ങുകയാണ് . യുപി പോലീസിന്റെ ഈ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരും.




