Section

malabari-logo-mobile

വയല്‍ക്കിളി നേതാക്കളടക്കം ഭുമി വിട്ടുനല്‍കി: കീഴാറ്റുര്‍ ബൈപ്പാസ് സമരം അവസാനിച്ചു

HIGHLIGHTS : കണ്ണൂര്‍ ദേശീയപാതയില്‍ കീഴാറ്റൂര്‍ ബൈപ്പാസിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നടന്ന സമരത്തിന് നേതൃത്വം നല്‍കിയവരടക്കം എല്ലാവരും ഭുമി ഏറ്റെടുക്കുന്നതിനു...

കണ്ണൂര്‍ ദേശീയപാതയില്‍ കീഴാറ്റൂര്‍ ബൈപ്പാസിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നടന്ന സമരത്തിന് നേതൃത്വം നല്‍കിയവരടക്കം എല്ലാവരും ഭുമി ഏറ്റെടുക്കുന്നതിനുള്ള സമ്മതപത്രം നല്‍കി. സമരത്തിന് നേതൃത്വം നല്‍കിയ സുരേഷ് കീഴാറ്റൂരിന്റെ അമ്മ ജാനകി, സഹോദരി രജിത, സമരത്തിന് മുന്‍പന്തിയിലുണ്ടായിരുന്ന നെല്ലിക്കല്‍ ബൈജുവിന്റെ അമ്മ ഭാരതി, ബാബുക്കാട് നാരായണന്‍, പോത്തേരെ നാരായണന്‍, ബാലന്‍, എന്നിവരാണ് കഴിഞ്ഞ ദിവസം തളിപ്പറമ്പ് അഡീഷണല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ മുമ്പാകെ ഭൂമി ഏറ്റെടുക്കുന്നതിനാവിശ്യമായ രേഖകള്‍ സമര്‍പ്പിച്ചത്. ഇതോടെ സമരരംഗത്തുണ്ടായിരുന്ന മുഴവന്‍ പേരും രേഖകള്‍ കൈമാറിക്കഴിഞ്ഞു.

തളിപറമ്പ് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതനായാണ് നവീകരണം നടക്കുന്ന ദേശീയപാത ബെപ്പാസായി കീഴാറ്റുരിലെ കൊണ്ടുപോകാന്‍ ഹൈവേ അതോറിറ്റി തീരുമാനിച്ചത്. സ്വാഭാവികമായും പ്രദേശവാസികള്‍ ഇതിനെതിരെ സമരവുമായി രംഗത്തുവന്നു. സിപിഎമ്മിന് നിര്‍ണ്ണായകസ്വാധീനമുള്ള ഈ മേഖലയില്‍ സിപിഎം പ്രവര്‍ത്തകരും അണികളുമാണ് സമരവുമായി ആദ്യം രംഗത്തെത്തിയത്. എന്നാല്‍ ദേശീയപാത വികസനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതോടെ സിപിഎം നേതൃത്വവുമായി ഇവിടെയുള്ള ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഇടയുകയായിരുന്നു. തുടര്‍ന്ന ഇവര്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ സമരം തുടങ്ങി. ഇതോടെ സമരത്തിന് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തകരും, ചില ഇടതു സംഘടനകളും, യുഡിഎഫും, ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയും രംഗത്തെത്തി. ഇതിനിടെ സമരത്തിലുണ്ടായിരുന്ന ഒരു വിഭാഗം പിന്‍മാറുകയും ഭുമി നല്‍കാന്‍ തയ്യാറാകുകയും ചെയ്തു.

sameeksha-malabarinews

പിന്നീട് ബിജെപി സമരത്തിന്റെ മുന്‍നിരയിലേക്ക് വന്നു. കേന്ദ്രസര്‍ക്കാരില്‍ ഇടപെട്ട് നിശ്ചിത അലൈന്‍മെന്റില്‍ മാറ്റം വരുത്തുമെന്ന് ഇവര്‍ സമരക്കാര്‍ക്ക് ഉറപ്പുനല്‍കി. എന്നാല്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അലൈന്‍മെന്റില്‍ ഒരു മാറ്റവും വരുത്താതെ ബൈപ്പാസ് സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ സമരവുമായി മുന്നോട്ട് പോകാന്‍ വയല്‍ക്കിളികള്‍ക്ക് കഴിയാതായി.

ദേശീയപാത 66 നാലുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ജില്ലയുടെ കാലിക്കടവ് മുതല്‍ മുഴുപ്പിലങ്ങാട് വരെയുളള ഭാഗം സ്ഥലമേറ്റെടുപ്പിനായി 2011 മുതല്‍ വിജ്ഞാപനം പുറപ്പെടുവിച്ചതാണ്. എന്നാല്‍ ഇത് പലകാരണങ്ങളാല്‍ നീണ്ടുപോകുയായിരുന്നു. പിന്നീട് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ഭുമിഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍വെച്ചത്.

photo courtesy ; Decan Chronicle

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!