
സംസ്ഥാനത്തെ 60 ശതമാനം പൊതുമരാമത്ത് റോഡുകളും ബി എം ബി സി നിലവാരത്തില്‍ നവീകരിച്ചു കഴിഞ്ഞതായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഏറനാട്, കൊണ്ടോട്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് വിളയില്‍ എളങ്കാവിനു സമീപം പൂങ്കുടി തോടിന് കുറുകെ നിര്‍മ്മിച്ച കന്നുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മുപ്പതിനായിരത്തോളം കിലോമീറ്റര്‍ റോഡുകളില്‍ 50 ശതമാനം അഞ്ചു കൊല്ലം കൊണ്ട് ബി എം ബി സി നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്നായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം കണ്ടിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷം കൊണ്ട് തന്നെ 15,000 കിലോമീറ്ററിലധികം റോഡുകള്‍ ഈ നിലവാരത്തിലേക്ക് ഉയര്‍ത്താനായി. ഇപ്പോള്‍ 60 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. പാലങ്ങളുടെ കാര്യത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് 100 പാലങ്ങള്‍ ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ മൂന്നേകാല്‍ വര്‍ഷം കൊണ്ട് തന്നെ 100 പാലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞതായി മന്ത്രി റിയാസ് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ വികസനങ്ങളില്‍ പാലങ്ങള്‍ക്കു മുന്‍ഗണന നല്‍കുക എന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചുവരുന്ന നയമാണ്. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച കിഫ്ബി വഴി നിരവധി പാലങ്ങള്‍ യാഥാര്‍ത്ഥ്യമായിട്ടുണ്ട്. ഇന്ന് ഉദ്ഘാടനം ചെയ്ത കന്നുകടവ് പാലത്തിന്റെ ഗുണഭോക്താക്കളായ കൊണ്ടോട്ടി, ഏറനാട് നിയോജക മണ്ഡലങ്ങളില്‍ മാത്രം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 121 കിലോമീറ്റര്‍ റോഡുകള്‍ ബി എം ബി സി നിലവാരത്തില്‍ നവീകരിച്ചതായി മന്ത്രി പറഞ്ഞു. സാധാരണ റോഡുകളെ അപേക്ഷിച്ച് ഒരു കിലോമീറ്ററിന് 50 ലക്ഷം രൂപയാണ് ബി എം ബി സി ആക്കുന്നതിനുള്ള അധിക ചെലവ്. ഇത് പ്രകാരം 60 കോടി രൂപയാണ് ഈ രണ്ട് മണ്ഡലങ്ങള്‍ക്കായി റോഡ് നിര്‍മ്മാണം ഇനത്തില്‍ മാത്രം പൊതുമരാമത്ത് വകുപ്പ് അധികം ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.
ചീക്കോട് പഞ്ചായത്തിലെ എളങ്കാവ് നിന്ന് അരീക്കോട് പഞ്ചായത്തിലെ കാരിപറമ്പിലേക്കാണ് കന്നുകടവ് പാലം കടന്നുള്ള റോഡ് ചെന്നു ചേരുന്നത്. ഉദ്ഘാടന ചടങ്ങില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ അധ്യക്ഷനായി. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റുഖിയ ഷംസു, ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എളങ്കയില്‍ മുംതാസ്, അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷര്‍ കല്ലട, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശരീഫ ടീച്ചര്‍, അരീക്കോട് ബ്ലോക്ക് വൈസ് പ്രസിഡന്റ് അസ്ലം മാസ്റ്റര്‍, ചീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി സഹീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബിന്‍ ലാല്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജശ്രീ സുരേന്ദ്രന്‍, രതീശ് കെ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍.കെ ഷൗക്കത്തലി, അബ്ദുള്ള വാവൂര്‍, ബാലന്‍ മാസ്റ്റര്‍, ഇ.ടി. വേലായുധന്‍, പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റിജോ റിന്ന സി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനോദ് കുമാര്‍ ചാലില്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ജിതിന്‍ ടി ആര്‍ തുടങ്ങിയര്‍ പങ്കെടുത്തു.
2020-21 ബജറ്റില്‍ ഉള്‍പ്പെടുത്തി 8 കോടി രൂപ ചെലവില്‍ നാല് സ്പാനുകളിലായി നിര്‍മിച്ച കന്നുകടവ് പാലത്തിന് 79.80 മീറ്റര്‍ നീളമുണ്ട്. 7.5 മീറ്റര്‍ വീതിയുള്ള കാരിയേജ് വേയും 1.5 മീറ്റര്‍ വീതി വരുന്ന രണ്ട് ഫൂട്ട് പാത്തുകളും കൂടി ആകെ 11 മീറ്ററാണ് വീതി. കാരിപ്പറമ്പ് ഭാഗത്തെ അപ്രോച്ച് റോഡിന് 185 മീറ്റര്‍ നീളവും എളങ്കാവ് ഭാഗത്ത് 50 മീറ്റര്‍ നീളവുമാണുള്ളത്. പാലത്തിനും അനുബന്ധ റോഡിനും ബി.എം. & ബി.സി. സര്‍ഫേസിങ്, റോഡ് സേഫ്റ്റി പ്രവൃത്തികള്‍, ബേം കോണ്‍ക്രീറ്റ് പ്രവൃത്തികള്‍, വാഹന ഗതാഗത സുരക്ഷാ സംവിധാനത്തിനായി ക്രാഷ് ബാരിയറുകളുമുണ്ട്.
പാലം, അപ്രോച്ച് റോഡ് പ്രവൃത്തിക്ക് ഭൂമി മുഴുവനായും സൗജന്യമായി വിട്ടു നല്‍കിയത് വാഴക്കാട് ദാറുല്‍ ഉലൂം അസോസിയേഷനാണ്. ടാന്‍ ബി കണ്‍സ്ട്രക്ഷന്‍സ് കമ്പനിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




