Section

malabari-logo-mobile

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റല്‍ സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഡോ. കെ.ടി ജലീല്‍

HIGHLIGHTS : തേഞ്ഞിപ്പലം: ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. കാലിക്കറ്റ് ...

തേഞ്ഞിപ്പലം: ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ ഗോള്‍ഡന്‍ ജൂബിലി കമ്പ്യൂട്ടേഷനല്‍ സയന്‍സസ് സെന്ററിന്റെയും ഏകീകൃത ലൈബ്രറി മാനേജ്‌മെന്റ്, ഓപ്പണ്‍ സോഴ്‌സ് ഡിസ്‌ക്കവറി സംവിധാനങ്ങളുടെയും വിദ്യാര്‍ത്ഥി വികസന വെബ് പോര്‍ട്ടലുകളുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മാലിദ്വീപുമായി വിദ്യാഭ്യാസ വിനിമയത്തിന് നടപടികളായതായും താന്‍ ഉടന്‍ മാലിദ്വീപ് സന്ദര്‍ശിക്കുമെന്നും മന്ത്രി കെ.ടി ജലീല്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥി അധ്യാപക സൗഹൃദ അന്തരീക്ഷത്തില്‍ സര്‍വ്വകലാശാലകള്‍ ഇനിയും പുരോഗതി കൈവരിക്കണം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സുരക്ഷിതമായി പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റിയ ഇടമാണ് കേരളം എന്നതിനാല്‍ അതിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാകണം.

സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദേശത്ത് ഉള്‍പ്പെടെ നിന്ന് വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതിനായി അഡ്ജന്റ് ഫാക്കല്‍റ്റി ലിസ്റ്റ് തയ്യാറാക്കാന്‍ സര്‍വ്വകലാശാലകള്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പോസ്റ്റ് മോഡറേഷന്‍ വിഷയത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ തുറന്ന സംവാദം സമൂഹത്തിന്റെ പൊതുമണ്ഡലത്തില്‍ നടത്തേണ്ടതുണ്ട്. വിവാദമുണ്ടാകാതിരിക്കാനും അനാവശ്യമായി വിചാരണ ചെയ്യപ്പെടാതിരിക്കാനും ഭാവിയില്‍ അതു ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങളെ സ്വാഗതം ചെയ്യണമെന്നും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും ഇക്കാര്യത്തില്‍ സര്‍വ്വകലാശാല സമൂഹത്തിന്റെ സമ്പൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

sameeksha-malabarinews

3750 സ്‌ക്വയര്‍ മീറ്ററില്‍ നാല് നിലകളിലായി റൂസ ഫണ്ടില്‍ ലഭിച്ച 6.42 കോടി രൂപ വിനിയോഗിച്ചാണ് ഗോള്‍ഡന്‍ ജൂബിലി കമ്പ്യൂട്ടേഷണല്‍ സയന്‍സ് കെട്ടിടം നിര്‍മ്മിച്ചത്. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ മുഴുവന്‍ പഠനവകുപ്പുകളിലെ ലൈബ്രറി സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണ് യൂനിഫൈഡ് ലൈബ്രറി മാനേജ്‌മെന്റ് സിസ്റ്റം. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഈ ലൈബ്രറികളുടെ സേവനം ഉപയോഗിക്കാം. പുസ്തകം ബുക്ക് ചെയ്യല്‍, പുതുക്കല്‍, കാറ്റലോഗ് സെര്‍ച്ച് ചെയ്യല്‍ തുടങ്ങിയ സേവനങ്ങള്‍ ഇത് വഴി സാധിക്കും. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടങ്ങിയവ സ്റ്റുഡന്റ് പോര്‍ട്ടലില്‍ ലഭ്യമാവും. ഓരോ പഠനവകുപ്പിന്റെയും സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിപ്പാര്‍ട്ടുമെന്റ് പോര്‍ട്ടലില്‍ ഉണ്ടാവും. ഓരോ ഡിപ്പാര്‍ട്ടുമെന്റിന്റെയും സി.സി.എസ്.എസ് വര്‍ക്കുകള്‍ കമ്പ്യൂട്ടറൈസ് ചെയ്ത് കടലാസ് രഹിതമാവും. ചടങ്ങില്‍ കേരള ലൈബ്രറി അസോസിയേഷന്‍ കോഴിക്കോട് റീജിയണല്‍ കമ്മറ്റിയും കാലിക്കറ്റ് സര്‍വകലാശാലയും സംയുക്തമായി നടത്തിയ കോഹ ട്രെയിനിംഗ് പ്രോഗ്രാമിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. യൂനിവേഴ്‌സിറ്റി എഞ്ചിനീയര്‍ വി ആര്‍ അനില്‍കുമാര്‍ പ്രൊജക്ട് റിപ്പോര്‍ട്ടും സ്റ്റാറ്റിസ്റ്റിക്‌സ് പഠന വിഭാഗം മേധാവി ഡോ. കെ ജയകുമാര്‍ അക്കാദമിക് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. ടോം.കെ തോമസ്, ഡോ. പി വിജയരാഘവന്‍, എന്‍.വി അബ്ദുല്‍ റഹ്മാന്‍, എം.എ യു ജിന്‍ മോര്‍ലി, റൂസ പ്രതിനിധി ഡോ. സുധീര്‍ കുമാര്‍, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രതിനിധി സച്ചിന്‍ എന്നിവര്‍ സംസാരിച്ചു. സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി മോഹന്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ. സി എല്‍ ജോഷി നന്ദിയും പറഞ്ഞു.
മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് പഠന വിഭാഗങ്ങളിലെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി റൂസയുടെ സാമ്പത്തിക സഹായത്തോടെ അത്യാധുനിക സൗകര്യങ്ങളുള്ള അഞ്ച് നില കെട്ടിടമാണ് ചെലവില്‍ യാഥാര്‍ത്ഥ്യമാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!