കെ റെയിലില്‍ പ്രതിഷേധം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തും. കെ-റെയില്‍ പദ്ധതിയുടെ അനുമതി വേഗത്തിലാക്കുന്നതടക്കമുള്ള വിഷയങ്ങളിലാകും പ്രധാന ചര്‍ച്ച. പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.
കെ റെയിലിനോട് കൂടുതല്‍ അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ശബരിമല വിമാനത്താവളം, ദേശീയ പാതാ വികസനമടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. പതിനൊന്ന് മണിക്ക് പാര്‍ലമെന്റിലാണ് ചര്‍ച്ച.
ഇതോടൊപ്പം പൊതുമേഖല സ്ഥാപനമായ എച്ച്.എല്‍.എല്‍ ഹെല്‍ത്ത് കെയര്‍ യൂണിറ്റ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. എച്ച്.എല്‍.എല്‍ സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല എന്നാണ് കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. 2019ന് ശേഷം ഇത് രണ്ടാമത്തെ കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്നത്.




