കെ റെയില്‍: പ്രതിഷേധങ്ങള്‍ക്കിടെ പരപ്പനങ്ങാടിയില്‍ സര്‍വ്വേ കല്ലുകള്‍ സ്ഥാപിച്ചു തുടങ്ങി

പരപ്പനങ്ങാടി : സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി ഭുമി അളന്നുതിട്ടപ്പെടുത്തുന്നതിനുള്ള സര്‍വേയുടെ പരപ്പനങ്ങാടി നെടുവ വില്ലേജിലെ ഭാഗത്തുള്ള കല്ലിടലാണ് തിങ്കളാഴ്ച്ച നടന്നത്. രണ്ട് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന കെറയില്‍ വിരുദ്ധ സമരസമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് വന്‍ പൊലീസ് സാനിധ്യത്തിലാണ് കല്ലിടല്‍ നടന്നത്. ചെട്ടിപ്പടി മുതല്‍ തെക്കോട്ട് അയ്യപ്പന്‍കാവ് ഭാഗത്താണ് കല്ലിടില്‍ നടന്നത്.

ഇന്നലെയും സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നുവെങ്കിലും പോലീസ് സമരത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്ത് നീക്കി. സമരത്തില്‍ പങ്കെടുത്തവരെ കരുതല്‍ തടങ്കലില്‍വെക്കുകയും ചെയ്തു. ഇത് കുറച്ചുനേരം സംഘര്‍ഷത്തിന് ഇടയാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തോളമായി കല്ലിടില്‍ നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയിലെ ഭുവുടമകളും, സമരസമിതിയുമായും, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായും കെറെയില്‍ അധികൃതര്‍ ചര്‍ച്ച നടത്തുകയും പദ്ധതിയെ കുറിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച രാവിലെ ചെട്ടിപ്പടി മുതല്‍ തെക്കോട്ട് നിലവിലെ റെയില്‍പാതയിലേക്കുള്ള എല്ലാ വഴികളിലും ശക്തമായ പോലീസ് ബന്തവസ്സായിരുന്നു. നിര്‍ദ്ധിഷ്ട സ്ഥലങ്ങളില്‍ രാവിലെ മുതല്‍ കല്ലിടല്‍ തുടങ്ങുകയും ചെയ്തു. ഇതിനിടെ സമരക്കാര്‍ മറ്റുവഴികളിലൂടെ സ്ഥലത്തെത്തിയെങ്കിലും പോലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കി.
പരപ്പനങ്ങാടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബേബി അച്ചുതന്‍ , സമര സമിതി സംസ്ഥാന നേതാവ് ഡോ: അലീന, വെല്‍ഫെയര്‍ പാര്‍ട്ടി മുന്‍സിപ്പല്‍ സെക്രട്ടറി സാനു ചെട്ടിപ്പടി ഉള്‍പ്പടെ പതിനാറു പേരെ അറസ്റ്റു ചെയ്ത് നീക്കുകയും ചിലരെ കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തു. ഇതിനിടെ പൊലീസ് നടപടിക്കിടെ അറസ്റ്റ് ചെയ്യപ്പെട്ട നേരത്തെ ചെട്ടിപ്പടി സ്വദേശി ചാന്തു വീട്ടില്‍ മജീദ് എന്നയാള്‍ കുഴഞ്ഞു വീണു ഇയാളെ ആശുപത്രിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സമരക്കാരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.

അതിനിടെ എം. എല്‍ എ മാരായ കെ. പി എ മജീദ്, കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ സ്ഥലത്തെത്തി അധികൃതരുമായി ചര്‍ച്ച നടത്തി. ് ജനങ്ങളുടെ വികാരം കലക്ടറെ അറിയിക്കാന്‍ ധാരണയായതായും സര്‍വെ കല്ലുകള്‍ പറിച്ചെറിയുന്നതുള്‍പ്പടെയുള്ള ഏത് സമരത്തിലുമൊപ്പമുണ്ടാകുമെന്നും കെ. പി. എ.മജീദ് വ്യക്തമാക്കി.
അറസ്റ്റ് ചെയ്തവരെ നിയമ നടപടികള്‍ ഒഴിവാക്കി വിട്ടയക്കാന്‍ ചര്‍ച്ചയില്‍ ധാരണയായതായും എം. എല്‍ എ മാര്‍ പറഞ്ഞുവെങ്കിലും, സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
കെ റെയില്‍ വിരുദ്ധ സമര സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ രാജീവന്‍ തിരുവല്ല, ജില്ല പ്രസിഡന്റ് അബൂബക്കര്‍ ചെങ്ങാട്ട്, ഡോ: അലീന, പരപ്പനങ്ങാടിയിലെ യുഡിഎഫ്, വെല്‍ഫെയര്‍ പാര്‍ട്ടി. ബിജെപി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം കെറയിലിനെതിരെ സമര പ്രഖ്യാപനം നടത്തിയ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സമരത്തിലെ അസാനിദ്ധ്യം ശ്രദ്ധേയമായി.

Share news
error: Content is protected !!
Scroll to Top