കണ്ണൂരില്‍ കെ റെയില്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റി; സംഭവം കെപിസിസി പ്രസിഡന്റ് സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞുള്ള സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം

കണ്ണൂര്‍: കണ്ണൂര്‍ മാടയില്‍ കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച അതിരടയാളക്കല്ല് പിഴുതുമാറ്റിയ നിലയില്‍. സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞുള്ള സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ സംഭവം.

കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി പോലീസ് സ്‌റ്റേഷനിലുള്ള മാടായിപ്പാറയിലാണ് കെ റെയിലിന്റെ അഞ്ച് കല്ലുകള്‍ പിഴുതെറിഞ്ഞിരിക്കുന്നത്. മാടായി ഗവണ്‍മെന്റ് ഗസ്റ്റ് ഹൈസിനും മാടായി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിനും ഇടയിലുള്ള ഭാഗത്തുള്ള അഞ്ച് കല്ലുകളാണ് ഇത്തരത്തില്‍ എടുത്തുമാറ്റിയത്. ജനുവരി 15 മുതല്‍ കണ്ണൂരില്‍ കെ റെയില്‍ പരിസ്ഥിതി ആഘാത പഠനം നടത്താനിരിക്കെയാണ് ഇത്തരത്തിലൊരു പ്രതിഷേധം ഉണ്ടായിരിക്കുന്നത്. അതേസമയം കെ റെയിലിനെതിരേ അതിശക്തമായ പ്രതിഷേധം ഉയര്‍ന്ന പ്രദേശമാണ് മാടായിപ്പാറ.

സംഭവവുമായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് കെ. സുധാകരന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷമായിരിക്കും ഇത്തരമൊരു പ്രതിഷേധം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top