കാമുകന്‍ ആത്മഹത്യ ചെയ്യുന്നത് കണ്ട് ഭയന്നോടിയ പെണ്‍കുട്ടി ഒരുരാത്രി കഴിച്ചുകൂട്ടിയത് കുറ്റിക്കാട്ടില്‍ ഒറ്റയ്ക്ക്; ഒടുവില്‍ പെണ്‍കുട്ടിയെ കണ്ടുകിട്ടി

കുമരകം: കാമുകന്‍ ആത്മഹത്യ ചെയ്യുന്നത് കണ്ട് ഭയന്നോടിയ പെണ്‍കുട്ടി ഒരുരാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയത് സമീപത്തെ കുറ്റിക്കാട്ടില്‍. പോലീസ് നടത്തിയ തിരച്ചിലില്‍ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് പെണ്‍കുട്ടിയെ ബോധരഹിതമായ നിലയില്‍ കണ്ടെത്തിയത്.

ചീപ്പുങ്കല്‍ മാവിക്കായലിന് സമീപം ടൂറിസംവകുപ്പിന്റെ തകര്‍ന്ന കെട്ടിടത്തില്‍ വെച്ചൂര്‍ മാമ്പറയില്‍ ഹേമാലയം വീട്ടില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപു(22) തൂങ്ങിമരിച്ചതിനെത്തുടര്‍ന്നാണ് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കാണാതായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് കത്തും ബാഗും കണ്ടെത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഭയന്നോടിയ പെണ്‍കുട്ടി വെള്ളക്കെട്ടിലെ കുറ്റിക്കാട്ടില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് സി.ഐ. അനൂപ് കൃഷ്ണ, എസ്.ഐ. ശ്രീജിത്ത് എന്നവരുടെ നേതൃത്വത്തില്‍12 പേരടങ്ങിയ പോലീസ് സംഘമാണ് കായലിലും മറ്റ് ജലാശങ്ങളിലും തിരച്ചില്‍ നടത്തിയത്. ചേതക്ക് എന്ന പോലീസ് നായ മണംപിടിച്ചെത്തിയ ദിശയില്‍തന്നെയാണ് പെണ്‍കുട്ടി കിടന്നിരുന്നതെങ്കിലും വെള്ളക്കെട്ടുമൂലം ചേതക്കിന് മിന്നോട്ടുനീങ്ങാന്‍ സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പോത്തിനെ കെട്ടാന്‍പോയ സമീപവാസിയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.തുടര്‍ന്ന് സമീപവാസിയുടെ വീട്ടിലെത്തിച്ച പെണ്‍കുട്ടിയെ പോലീസെത്തി ഏറ്റുവീങ്ങി. ബെംഗുളൂരുവില്‍ പഠിച്ചിരുന്ന പ്രണയിനിയെ ഗോപു വിളിച്ചുവരുത്തിയെന്നും പെണ്‍കുട്ടി ബെംഗളൂരുവില്‍ പഠിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നതുമാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ മാതാപിതാക്കളെ ഏല്പിച്ചു.

Share news
error: Content is protected !!
Scroll to Top