Section

malabari-logo-mobile

കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു

HIGHLIGHTS : KR Gowriamma Passed away

തിരുവനന്തപുരം: മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം.

sameeksha-malabarinews

മുന്‍മന്ത്രി ടി വി തോമസ് ആയിരുന്നു ഭര്‍ത്താവ്. ആദ്യ കേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു ഗൗരിയമ്മ.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയായിരുന്നു ഗൗരിയമ്മയുടെ ജീവിതം. നിയമം പഠിച്ച് വക്കീലായി, രാഷ്ട്രീയത്തിലിറങ്ങിയ ഗൗരിയമ്മ ആധുനിക കേരള ചരിത്രത്തില്‍ പകരക്കാരില്ലാത്ത വ്യക്തിയായിരുന്നു. ഇരുപത്തിയെട്ടാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം. ഒളിവും ജീവിതവും ജയില്‍വാസവും കൊടിയ പീഡനങ്ങളും അനുഭവിച്ചിട്ടുണ്ട്. 13 തവണ നിയമസഭാംഗവും ആറുതവണ മന്തിയുമായി. ഭൂപരിഷ്‌കരണ നിയമം അടക്കമുള്ള നിര്‍ണായക ചുവടുകള്‍ ഗൗരിയമ്മയുടെ നേട്ടങ്ങളാണ്.

ചേര്‍ത്തല താലൂക്കിലെ പട്ടണക്കാട് അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തില്‍ പറമ്പില്‍ കെ രാമന്‍, പര്‍വ്വതിയമ്മ എന്നിവരുടെ മകളായി 1919 ജനനം. തിരൂര്‍ ചേര്‍ത്തല എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജസ് കോളേജില്‍ നിന്നും ബി എ പൂര്‍ത്തിയാക്കി. അക്കാലത്തു ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമബിരുദം എറണാകുളം ലോ കോളേജില്‍ നിന്നും സ്വന്തമാക്കി. ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായി.

പഠനകാലത്ത് തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രിയത്തില്‍ സജീവമായിരുന്നു. സഹോദരന്‍ സുകുമാരന്‍ പകര്‍ന്ന അറിവില്‍ നിന്നുമാണ് ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള ആദ്യ ചുവട്. 1947ന് മുന്‍പ് ഗൗരിയമ്മ രാഷ്ട്രിയത്തില്‍ എത്തിയിരുന്നു. മര്‍ദ്ദിതരുടെയും ചൂഷിതരുടെയും യാതനകള്‍ക്കെതിരെ പോരാട്ടത്തില്‍ ഉറച്ച് സമരഭൂമിയില്‍ ഇറങ്ങിയ ഗൗരിയമ്മ ചെങ്കൊടിക്കൊപ്പമായിരുന്നു. 1953, 1954ല്‍ നടന്ന തിരുവിതാംകൂര്‍, തിരുകൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഗണ്യമായ ഭൂരിപക്ഷത്തോടെ ഗൗരിയമ്മ വിജയിച്ചു. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ അധികാരത്തില്‍ വന്ന മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധിയായിരുന്നു ഗൗരിയമ്മ .

പിന്നീട് അഞ്ചാം നിയമസഭാ ഒഴികെ ഒന്ന് മുതല്‍ പതിനൊന്ന് വരെയുള്ളത്തില്‍ നിയമസഭകളിലും അംഗമായിരുന്നു. പ്രഥമ കേരള നിയമസഭയില്‍ റവന്യു, എക്‌സൈസ് ദേവസ്വം വകുപ്പുകളുടെ ചുമതലയായിരുന്നു ഗൗരിയമ്മയ്ക്ക്. റവന്യു മന്ത്രി എന്ന നിലയില്‍ ചരിത്രപ്രധാനമായ ഭൂപരിഷ്‌കരണ നിയമത്തിന്റെ പിന്നിലും ഗൗരിയമ്മയുടെ കരങ്ങളുണ്ടായിരുന്നു. കേരള കാര്‍ഷിക പരിഷ്‌കരണ നിയമം, സര്‍ക്കാര്‍ ഭൂമി പതിച്ച് കൊടുക്കല്‍ നിയമം, അഴിമതി നിരോധന നിയമം, വനിതാ കമ്മീഷന്‍ ആക്ട് എന്നിവ നിയമസഭയില്‍ അവതരിപ്പിച്ചതും പാസാക്കിയതും നടപ്പിലാക്കിയതും ഗൗരിയമ്മയായിരുന്നു.

1967 ല്‍ രണ്ടാമത് ഇ എം എസ് മന്ത്രിസഭയില്‍ റവന്യു വകുപ്പ് കൈകാര്യം ചെയ്ത ഗൗരിയമ്മ ഭൂപരിഷ്‌കരണ ബില്ലില്‍ പുരോഗമനപരമായ ഭേദഗതി വരുത്തി നടപ്പിലാക്കി. അതോടെ ജന്മിത്വം കേരളത്തില്‍ നിരോധിക്കപ്പെട്ടു. 3.5 ദശലക്ഷം കുടിയേറ്റക്കാരും 5 ലക്ഷം കുടിക്കിടപ്പുകാരും ഭൂമിയുടെ ഉടമസ്ഥരായി. ഒന്നാം നായനാര്‍ മന്ത്രിസഭയിലും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും നയിച്ച ഐക്യജനാധിപത്യ മുന്നണി മന്ത്രിസഭകളിലും ഗൗരിയമ്മ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ വ്യവസായ വികസനത്തിന് പുതിയ പരിപ്രേക്ഷ്യം അവതരിപ്പിക്കുന്നതിന് ഗൗരിയമ്മയ്ക്ക് സാധിച്ചു. അങ്ങനെ പല വിധത്തില്‍ ചരിത്രത്തിന്റെ ഭാഗമായ വ്യക്തിത്വമായി ഗൗരിയമ്മ ജനമനസ്സുകളില്‍ അടയാളപ്പെടുത്തപ്പെട്ടു. എന്നാല്‍ ,നിര്‍ഭാഗ്യവശാല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തയായ ഗൗരിയമ്മ പാര്‍ട്ടിയില്‍ നിന്നും പുറത്താവുന്ന അവസ്ഥയുണ്ടായി. പിന്നീട് ജനാധിപത്യ സംരക്ഷണ സമിതി ജെ എസ് എസ് എന്ന പാര്‍ട്ടി രൂപീകരിച്ചു.

പതിനൊന്നാം കേരളം മന്ത്രി നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തെരഞ്ഞെടുക്കപ്പെട്ടയാള്‍, ഏറ്റവും പ്രായം കൂടിയ നിയമസഭാ അംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി എന്നിങ്ങനെ നിരവധി റെക്കോഡുകള്‍ ഈ വിപ്ലവ നായികയ്ക്ക് സ്വന്തമാണ്.

കെ ആര്‍ ഗൗരിയമ്മയ്ക്ക് വ്യക്തി ജീവിതമെന്നത് രാഷ്ട്രീയജീവിതത്തില്‍ നിന്നും വേറിട്ടതായിരുന്നില്ല . പ്രമുഖ കമ്യുണിസ്റ്റ് നേതാവ് ടി വി തോമസിനെയാണ് ഗൗരിയമ്മ വിവാഹം ചെയ്തത്. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോന്മുഖതയും ചേര്‍ന്ന ജീവിതമായിരുന്നു ഗൗരിയമ്മയുടേത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!