തിരുവനന്തപുരം: ഒരു വയസ്സുകാരി ആയിഷയെ നെഞ്ചോടു ചേര്‍ത്ത് പുഞ്ചിരിക്കുകയാണ് ഷഹബാന. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ കരുതലിന്റെ തണലില്‍ ഈ 22 കാരിക്ക് ഇത് പുനര്‍ജന്മം തന്നെ. ആരോഗ്യരംഗത്ത് പുതുചരിതം സൃഷ്ടിക്കുന്ന ശൈലജ ടീച്ചര്‍ ജീവിതത്തില്‍ പുതുവെളിച്ചമേകിയവരില്‍ ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറം വേങ്ങര സ്വദേശി ഷഹബാന. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വി-കെയര്‍ പദ്ധതിയിലൂടെ ഈ 22 കാരി തിരിച്ചുപിടിച്ചത് സ്വന്തം പ്രാണന്‍. ഏറെ നാളായി അനുഭവിച്ചു വന്ന പ്രയാസത്തില്‍ നിന്നും കരകയറിയതിന്റെ സന്തോഷണത്തിലാണിപ്പോള്‍ ഷഹബാനയും ഡ്രൈവറായ ഭര്‍ത്താവ് ആഷിഖും മകള്‍ ആയിഷയും.
ടൈപ്പ് 1 പ്രമേഹാവസ്ഥയുടെ സങ്കീര്‍ണതകളിലൊന്നായ ഡയബറ്റിസ് കീറ്റോ അസിഡോഡിസ് തുടര്‍ച്ചായി ഉണ്ടാകുന്നതായിരുന്നു ഷഹബാനയുടെ അസുഖം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വ്യത്യാസപ്പെടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അടിക്കടിയുണ്ടാകുന്ന പ്രമേഹവും മറ്റ് സങ്കീര്‍ണതകളും ചേര്‍ന്ന് ജീവഹാനി വരെ സംഭവിക്കാവുന്ന സാഹചര്യത്തിലാണ് ഷഹബാനക്ക് 5,38,384 രൂപ വിലയുള്ള ഇന്‍സുലിന്‍ പമ്പ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. അസുഖത്തിന്റെ സങ്കീര്‍ണ്ണതകളാല്‍ ഷഹബാനക്ക് ആദ്യ പ്രസവത്തില്‍ ജനിച്ച കുഞ്ഞ് മരണപ്പെട്ടിരുന്നു. ഇന്ന് തന്റെ രണ്ടാമത്തെ കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുമ്പോള്‍ ഷഹബാനയുടെ കണ്ണുകളില്‍ ആത്മവിശ്വാസത്തിന്റെ തിളക്കം.
ഈ ഘട്ടത്തിലാണ് ഷഹബാനയും കുടുംബവും സംസ്ഥാന സാമൂഹ്യസുരക്ഷാമിഷന്റെ വി-കെയര്‍ പദ്ധതിയുടെ സഹായം തേടിയത്. സംസ്ഥാന ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ അരികിലെത്തിയ പ്രശ്നത്തിന് പരിഹാരം കാണാന്‍ മന്ത്രിക്ക് അധികം ആലോചിക്കേണ്ടിയിരുന്നില്ല. അഞ്ചര ലക്ഷത്തോളം വിലയുള്ള ഇന്‍സുലിന്‍ പമ്പ് സൗജന്യമായി നല്‍കാന്‍ മന്ത്രി ഉത്തരവിട്ടു.
ആദ്യ പ്രസവത്തോടെയാണ് ഷഹബാനക്ക് പ്രമേഹം ഉള്ളതായി കണ്ടെത്തിയത.് ഇന്‍സുലിന്‍ പമ്പ് അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അന്നന്നത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഈ നിര്‍ധന കുടുബത്തിന് അഞ്ച് ലക്ഷത്തിലധികം വിലവരുന്ന ഇന്‍സുലിന്‍ പമ്പ് വാങ്ങാനുള്ള ശേഷിയുണ്ടായിരുന്നില്ല.
കൂലി പണിക്കാരനായ ഭര്‍ത്താവ് ആഷിഖിന് ഭാര്യയുടെ നിസ്സഹായത കണ്ടു നില്‍ക്കാനല്ലാതെ ഈ വലിയ തുക കണ്ടെത്താനുള്ള മാര്‍ഗമൊന്നുമില്ലായിരുന്നു.
അസുഖം ഭേദമായി ടീച്ചറെ കാണാനെത്തിയ തന്നെ ചേര്‍ത്ത് പിടിച്ച് സര്‍ക്കാര്‍ എന്നും കൂടെയുണ്ടാകും എന്ന് മന്ത്രി പറഞ്ഞപ്പോല്‍ താന്‍ ഒരമ്മയുടെ വാത്സല്യമറിഞ്ഞു എന്ന് ഷഹബാന. തന്റെ ജീവിതം തിരികെ തന്ന സംസ്ഥാന സര്‍ക്കാരിനോടും കേരള സാമൂഹ്യ സുരക്ഷാ മിഷനോടും തീരാത്ത നന്ദിയുണ്ടെന്നും പറയുമ്പോള്‍ ഷഹബാനയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.




