120 പേര്‍ കൂടി പൊലീസ് സേനയുടെ ഭാഗമായി
മലപ്പുറം:പാണ്ടിക്കാട് കൊളപ്പറമ്പ് ഐ.ആര്‍.ബി ക്യാമ്പില്‍ നടന്ന ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍, സായുധ പൊലീസ് സംയുക്ത പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു. മയക്കുമരുന്നില്‍ നിന്നും മറ്റു ലഹരിപദാര്‍ത്ഥങ്ങളില്‍ നിന്നും നാടിനെയും ഭാവി തലമുറയെയും സംരക്ഷിക്കാനുള്ള നീക്കമാണ് ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തിദിനത്തില്‍ കേരളത്തില്‍ ആരംഭിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു പറഞ്ഞു.
മയക്കുമരുന്ന് വലിയ രീതിയില്‍ നാട്ടില്‍ വ്യാപിക്കുന്നുണ്ട്. യുവതയെ ഇരയാക്കാനുള്ള വലിയ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് തടയിടാനായി പൊലീസും എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റും അതിന്റേതായ പ്രത്യേക ചുമതലകള്‍ നിര്‍വഹിക്കേണ്ടതുണ്ടെന്നും അക്കാര്യത്തില്‍ പൊലീസ് സേന വളരെ ഫലപ്രദമായ നീക്കങ്ങള്‍ കൈകൊണ്ട് കഴിഞ്ഞുവെന്നും കേരളത്തിലെ ഓരോ പ്രദേശത്തെയും മയക്കുമരുന്ന് വിരുദ്ധമാക്കാന്‍ ഒന്നിച്ചു നില്‍ക്കാമെന്നും മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു.
ഇന്ത്യാ റിസര്‍വ് ബറ്റാലിയനില്‍ നിന്ന് 74 പേരും സംസ്ഥാന സായുധ പൊലീസ് ബറ്റാലിയനുകളില്‍ നിന്നുള്ള 46 പേരുമുള്‍പ്പടെ 120 പേരാണ് പരിശീലനം പൂര്‍ത്തിയാക്കി കര്‍മ്മ പഥത്തിലേക്കിറങ്ങിയത്. 18 മാസം നീണ്ടു നിന്ന പരിശീലനം പൂര്‍ത്തിയാക്കിയവരാണ് ഐ.ആര്‍.ബി സ്‌കോര്‍പിയോണ്‍ വിങ്ങിലെ 74 പേര്‍. കേരള ആംഡ് പൊലീസ് ബറ്റാലിയന്‍ 1,2,4,5 ,എം.എസ്.പി, എസ്.എ.പി ബറ്റാലിയനുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 46പേര്‍ ക്ലാരി ആര്‍.ആര്‍.ആര്‍.എഫ് ക്യാമ്പില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയാണ് പൊലീസ് സേനയുടെ ഭാഗമാകുന്നത്.
സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ചടങ്ങില്‍ ഓണ്‍ലൈന്‍ മുഖേന പങ്കെടുത്തു. ഐ.ആര്‍.ബി ക്യാമ്പില്‍ നടന്ന ചടങ്ങില്‍ ബറ്റാലിയന്‍ എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ സെല്യൂട്ട് സ്വീകരിച്ചു. ഡി.ഐ.ജി രാജ്പാല്‍ മീണ, ക്യാമ്പ് കമാണ്ടന്റ് പദം സിംഗ്, ഡെപ്യൂട്ടി കമാണ്ടന്റുമാരായ എസ്.മണികണ്ഠന്‍, രാജേഷ്, ഹരി,പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.റാബിയത്ത്, സ്ഥിരം സമിതി അധ്യക്ഷന്‍ പി.ആര്‍. രോഹില്‍ നാഥ്, മറ്റു അംഗങ്ങള്‍, സേനാംഗങ്ങളുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.റഹ്മ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പ്രത്യേക ക്ഷണിതാക്കളായിരുന്നു.




