വയോജനങ്ങള്‍ക്കായി ജനമൈത്രി പൊലീസിന്റെ സുരക്ഷാ ബോധവത്ക്കരണം

തേഞ്ഞിപ്പലം :സംസ്ഥാന പൊലീസ് വകുപ്പ് വയോജനങ്ങളുടെ സുരക്ഷക്കായി നടപ്പാക്കുന്ന ‘ബെല്‍ ഓഫ് ഫെയ്ത്ത്’ പദ്ധതിയുടെ ഭാഗമായി സുരക്ഷാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ തേഞ്ഞിപ്പലം ജനമൈത്രി പോലീസ് സ്റ്റേഷനില്‍ നടന്ന പരിപാടി മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു.

ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങളെ കണ്ടെത്തി സുരക്ഷയൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ‘വയോജനങ്ങള്‍ക്ക് സമൂഹത്തിന്റെ കരുതല്‍’ എന്ന വിഷയത്തില്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി പ്രമീള ബോധവ്തക്കരണ ക്ലാസെടുത്തു. ആള്‍ കേരള ഒപ്റ്റിക്കല്‍ അസോസിയേഷന്‍ കൊണ്ടോട്ടി യൂനിറ്റിന്റെ സഹകരണത്തോടെ വയോജനങ്ങള്‍ക്കായി നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.

ഉദ്ഘാടന പരിപാടിയില്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി.ബാലചന്ദ്രന്‍ അധ്യക്ഷനായി. തേഞ്ഞിപ്പലം എസ്.ഐ ബിനു തോമസ്, ചേലേമ്പ്രപഞ്ചായത്ത് അംഗം സുബ്രഹ്മണ്യന്‍, ബിജു, ടി. കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles