ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍- ഹമാസ് ധാരണ

ദോഹ: പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി. അമേരിക്കയുടെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയില്‍ ഒരാഴ്ചയിലേറെ നീണ്ട ചര്‍ച്ചകളെത്തുടര്‍ന്നാണ് വെടിനിര്‍ത്തല്‍. മൂന്നുഘട്ട കരാറിനാണ് ധാരണയായിട്ടുള്ളത്. കരാര്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരും.

ഇസ്രായേല്‍- ഹമാസ് സമാധാന കരാര്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമാധാന കരാര്‍ അമേരിക്കന്‍ നയതന്ത്രത്തിന്റെയും, ദീര്‍ഘമായ ചര്‍ച്ചകളുടെയും ഫലമാണെന്നും, സമാധാന കരാര്‍ നിലനില്‍ക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ബൈഡന്‍ പറഞ്ഞു. യു എസ് പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ അഞ്ചുദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് കരാര്‍ യാഥാര്‍ത്ഥ്യമായത്. വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചു. ഇസ്രയേലിന്റെ യുദ്ധകാല കാബിനറ്റ് കരാറിന് അന്തിമ അംഗീകാരം നല്‍കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.

സമാധാന കരാര്‍ ആദ്യ ഘട്ടത്തിന്റെ കാലാവധി 42 ദിവസമാണ്. ആറ് ആഴ്ചകള്‍ക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും.42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തില്‍, ഹമാസിന്റെ ബന്ദികളായ 100 പേരില്‍ 33 പേരെ മോചിപ്പിക്കും. പകരം ഇസ്രയേല്‍ ജയിലിലുള്ള നൂറിലേറെ പലസ്തീന്‍കാരെ വിട്ടയയ്ക്കും. ഗാസയിലെ ജനവാസമേഖലകളില്‍നിന്നു ഇസ്രയേല്‍ സൈന്യം പിന്‍മാറുകയും ചെയ്യും. ആദ്യഘട്ടം തീരുംമുന്‍പുതന്നെ രണ്ടാംഘട്ടത്തിനുള്ള ചര്‍ച്ച ആരംഭിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top